മട്ടന്നൂര്‍/ കൊട്ടിയം: സംസ്ഥാനത്ത് മണ്ണിനടിയിൽപെട്ട് രണ്ടുമരണം. കണ്ണൂർ മട്ടന്നൂരില്‍ മണ്‍തിട്ട ദേഹത്ത് വീണും കൊട്ടിയത്ത് കുന്നിടിഞ്ഞു വീണും ഓരോരുത്തരാണ് മരിച്ചത്. കളറോഡിൽ പെട്രോള്‍ പമ്പിനായി മണ്ണ് നീക്കിയ സ്ഥലത്ത് കോണ്‍ക്രീറ്റ് പ്രവൃത്തി നടക്കുന്നതിനിടെ മണ്‍തിട്ട ദേഹത്തേക്ക് അടര്‍ന്നുവീണാണ് യുവാവ് മരിച്ചത്. രണ്ടു പേര്‍ക്ക് പരിക്കേറ്റു. ചാവശ്ശേരി മണ്ണോറ സ്വദേശി സജിത്താണ് (33) മരിച്ചത്. പരിക്കേറ്റ ജനാർദനന്, ജിജേഷ് എന്നിവരെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച ഉച്ചക്കാണ് അപകടം.
15 മീറ്റര്‍ ഉയരത്തിലുള്ള കുന്ന് ഇടിച്ചുനീക്കിയ ഭാഗത്ത് കോണ്‍ക്രീറ്റ് ഭിത്തി നിർമിക്കുന്നതിനിടെ മണ്‍തിട്ട അടര്‍ന്നുവീഴുകയായിരുന്നു. ചാവശ്ശേരി സ്വദേശികളായ സജിത്, ജനാർദനന്, കീഴ്പ്പള്ളി സ്വദേശി ജിതേഷ് എന്നിവരാണ് മണ്ണിനടിയില്‍പെട്ടത്. ജനാർദനന്, ജിതേഷ് എന്നിവരെ കൂടെയുണ്ടായിരുന്ന തൊഴിലാളികള്‍ പുറത്തെടുത്തെങ്കിലും സജിത് മണ്ണിനടിയില്‍ കുടുങ്ങി.
മട്ടന്നൂര്‍ ഫയര്‍ഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് അരമണിക്കൂറിലേറെ നീണ്ട ശ്രമത്തിനൊടുവിലാണ് സജിത്തിനെ പുറത്തെടുത്തത്. പരേതനായ കുഞ്ഞമ്പു-ലീല ദമ്പതികളുടെ മകനാണ്. ഭാര്യ: സുനിഷ. സഹോദരങ്ങള്‍: ഷൈജു, ഷിജു, നിഷ. സംസ്കാരം ഞായറാഴ്ച ചാവശ്ശേരി ശ്മശാനത്തില്‍ നടക്കും.
സംരക്ഷണഭിത്തി നിർമിക്കുന്നതിന് കുന്നിടിച്ച് കുഴിയെടുക്കുന്നതിനിടെ മണ്ണിടിഞ്ഞുവീണാണ് കൊല്ലം കൊട്ടിയത്ത് കണ്ണനല്ലൂർ ചേരീകോണം പ്രീതാ മന്ദിരത്തിൽ നിന്നും കൊറ്റങ്കര പുനുക്കന്നൂർ ചരുവിള പുത്തൻവീട്ടിൽ പ്രദീപ് (38) മരിച്ചത്. നട്ടെല്ലിന് പരിക്കേറ്റ ഇതര സംസ്ഥാന തൊഴിലാളിയെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശനിയാഴ്ച പത്തരയോടെ കണ്ണനല്ലൂർ ചന്ത മൈതാനത്തിന് സമീപത്താണ് അപകടം. പുരയിടത്തിലെ കുന്ന് ഇടിയാതിരിക്കാൻ മണ്ണിടിക്കുന്നതിനിടെ കുടിവെള്ള പൈപ്പ് പൊട്ടി മണ്ണ് തൊഴിലാളികളുടെ മേൽ പതിക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും പൊലീസും ചേർന്ന് നടത്തിയ രക്ഷാ പ്രവർത്തനത്തിനൊടുവിൽ പ്രദീപിനെ പുറത്തെടുത്ത് കൊട്ടിയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: പുഷ്പലത. മക്കൾ: പ്രവീൺ, ആരതി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.