വള്ളിക്കുന്ന്: ചേലേമ്പ്ര ഇടിമുഴിക്കലിൽ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ റെയ് ഡിൽ ലക്ഷങ്ങൾ വിലവരുന്ന മയക്കുമരുന്നുകളുമായി രണ്ട് പേർ പിടിയിൽ. എൽ. എസ്.ഡിയും, ഹാ ഷിഷും എം.ഡി.എം.എ യും കഞ്ചാവും പിടികൂടി.
കോഴിക്കോട് പെരുമണ്ണ വള്ളിക്കുന്ന് സ്വദേശി കളത്തിങ്ങൽ അൽ-ഹറമയിൻ റമീസ് റോഷൻ (26), കൊണ്ടോട്ടി നെടിയിരുപ്പ് മുസ്ലിയരങ്ങാടി സ്വദേശി പാമ്പോടൻ വീട്ടിൽ ഹാഷിബ് ശഹിൻ ( 25) എന്നിവരെയാണ് പരപ്പനങ്ങാടി റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ പി.കെ. മുഹമ്മദ് ഷഫീഖിൻ്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
ചേലേമ്പ്ര കേന്ദ്രീകരിച്ച് മയക്കുമരുന്നുകളുടെ വിൽപ്പനയും കൈമാറ്റവും നടക്കുന്നുണ്ടന്ന് മലപ്പുറം എക്സൈസ് ഇൻ്റലിജെൻസിന് ലഭിച്ചതിൻെറ അടിസ്ഥാനത്തിലാണ് നടപടി. അറസ്റ്റിലായ റമീസ് റോഷൻ കളിപ്പാട്ടങ്ങൾ ഓൺലൈനായി വിൽപ്പന നടത്താൻ എന്ന വ്യാജേന ചേലേമ്പ്ര ഇടിമുഴിക്കലിൽ ഒരു വീട് വാടകക്കെടുത്ത് ഇവിടെ വെച്ചാണ് മയക്കുമരുന്ന് വിൽപ്പന നടത്തിയിരുന്നത്.
88.12 ഗ്രാം എംഡി എം എ, 56.5 ഗ്രാം എൽ.എസ്ഡി. സ്റ്റാമ്പുകൾ, 325.58 ഗ്രാം ഹാഷിഷ്, 1.150 കിലോ ഗ്രാം കഞ്ചാവ് എന്നിവയും, ഇവ ചില്ലറയായി പായ്ക്ക് ചെയ്യുന്നതിനുള്ള സാധന സാമഗ്രികളും, മയക്കുമരുന്ന് ഉപയോഗിക്കുന്ന ചില ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്.
കുറച്ച് ദിവസങ്ങളായി എക്സൈസ് ഇൻറലിജൻസ് ഈ പ്രദേശത്ത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ കുറിച്ചുള്ള വിവരങ്ങൾ ലഭിച്ചത്.
വിദേശത്ത് നിന്നും, ഗോവയിൽ നിന്നുമുൾപ്പെടെ മയക്കുമരുന്ന് എത്തിച്ച് കച്ചവടം നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികൾ ആണ് ഇവരെന്നാണ് എക്സൈസ് സംഘത്തിൻെറ വിലയിരുത്തൽ. മയക്കുമരുന്നുകൾ ശേഖരിക്കുന്നതിന് ഇത്തരം സംഘങ്ങൾ ഓൺ ലൈൻ സംവിധാനങ്ങളും ഉപയോഗിക്കുന്നുണ്ട്.
ഈ സംഘത്തിൽ പെട്ട മറ്റ് ചിലരെ കുറിച്ചു സൂചനകൾ ലഭിച്ചിട്ടുണ്ട്. വരും ദിവസങ്ങളിൽ കുടുതൽ അറസ്റ്റുണ്ടാകും.
കഴിഞ്ഞ ദിവസം കോഴിക്കോട് പുതിയ പാലം സ്വദേശിയെ എം.ഡി. എം.എ യുമായി ചേലേമ്പ്രയിൽ വെച്ച് എക്സൈസ് അറസ്റ്റ് ചെയ്തിരുന്നു.
റെയ്ഡിൽ ഇൻസ്പെക്ടർക്ക് പുറമെ ഐ. ബി ഉദ്യോഗസ്ഥരായ ടി. ഷിജുമോൻ , വി.കെ.സൂരജ് . സന്തോഷ്, പ്രിവൻ്റീവ് ഓഫീസർമാരായ പ്രജോഷ് കുമാർ, ബിജു, പ്രദീപ് കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ മുരളീധരൻ, ശിഹാബുദ്ദീൻ, നിതിൻ, വിനീഷ്, സാഗേഷ് വനിതാ ഓഫീസർമാരായ സിന്ധു, ലിഷ ,ഐശ്വര്യ തുടങ്ങിയവരും പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.