നെടുങ്കണ്ടം: ഇടുക്കി തൂവൽ അരുവി ജലാശയത്തിൽ വിദ്യാർഥികളെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. നെടുങ്കണ്ടം താന്നിമൂട് കുന്നപ്പള്ളിയിൽ സജി തോമസിന്‍റെ മകൻ സെബിൻ (19), പാമ്പാടുംപാറ ആദിയാർപുരം കുന്നത്തുമല രവീന്ദ്രന്‍റെ മകൾ അനില (16) എന്നിവരാണ് മരിച്ചത്. തൂവൽ വെള്ളച്ചാട്ടത്തിന് സമീപമുള്ള ജലാശയത്തിലാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്.
അനില കല്ലാർ ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്യാർഥിനിയും സെബിൻ ഡിഗ്രി രണ്ടാം വർഷ വിദ്യാർഥിയുമാണ്. ശനിയാഴ്ച ഉച്ചക്ക് ശേഷമാണ് ഇരുവരും തൂവൽ വെള്ളച്ചാട്ടം കാണാൻ പോയത്. വൈകുന്നേരമായിട്ടും പെൺകുട്ടി തിരികെ എത്താതിരുന്നതിനാൽ ബന്ധുക്കൾ നെടുങ്കണ്ടം പൊലീസിൽ വിവരം അറിയിച്ചു.
അതേസമയം, വൈകീട്ട് ആറോടെ തൂവൽ വെള്ളച്ചാട്ടത്തിന് സമീപം ബൈക്ക് കണ്ടെത്തിയ വിവരം നാട്ടുകാർ പൊലീസിൽ അറിയിച്ചതിനെ തുടർന്ന് നടത്തിയ പരിശോധനയിൽ വിദ്യാർഥികളുടെ ചെരിപ്പുകൾ കണ്ടെത്തി. ഇതാണ് വെള്ളച്ചാട്ടത്തിൽ അകപ്പെട്ടിട്ടുണ്ടാകാം എന്ന സംശയത്തിലേക്കെത്തിയത്.
നെടുങ്കണ്ടം അഗ്നിരക്ഷാ സേനയുടെ നേതൃത്വത്തിൽ നടത്തിയ തിരച്ചിലിൽ രാത്രി 12ഓടെ സെബിന്റെയും പിന്നീട് അനിലയുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. ഇടുക്കി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മൃതദേഹങ്ങൾ മാറ്റി. പോസ്റ്റ്മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകും. അസ്വാഭാവിക മരണത്തിന് നെടുങ്കണ്ടം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സെബിന്‍റെ മാതാവ് ലിജി. സഹോദരി: സ്നേഹ. അനിലയുടെ മാതാവ്: ഷൈനി. സഹോദരങ്ങൾ: അഖിൽ, അഖില.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.