അരൂർ: ചന്തിരൂർ ദേശീയപാതയിൽ വാനിന്റെ ഡീസൽ ടാങ്കിൽ കാറിടിച്ച് രണ്ടു വാഹനങ്ങളും കത്തി നശിച്ചു. മൂന്നുപേർക്ക് പരിക്കേറ്റു.
എറണാകുളം തേവര ചക്കാലപ്പറമ്പിൽ ബിജു (49), ഭാര്യ സീന (48), സീനയുടെ അനുജത്തിയുടെ മകൻ അർജുൻ (19) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ നെട്ടൂർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ദേശീയപാതയിൽ ചന്തിരൂർ ഭാരത് ആശുപത്രിക്ക് മുന്നിലെ മീഡിയൻ ഗ്യാപ്പിലൂടെ തിരിക്കുമ്പോൾ ഇൻസുലേറ്റഡ് വാനിന്റെ ഡീസൽ ടാങ്കിലേക്ക് വടക്ക് നിന്നെത്തിയ കാർ ഇടിച്ചു കയറുകയായിരുന്നു. ഡീസൽ ടാങ്ക് പൊട്ടി ഡീസൽ പടർന്നതിനെ തുടർന്നാണ് തീപിടിച്ചത്. ഞായറാഴ്ച രാത്രി പതിനൊന്നര മണിയോടെയായിരുന്നു സംഭവം.
അരൂർ പൊലീസും അരൂർ അഗ്നിശമനാസേന വിഭാഗവും സ്ഥലത്തെത്തിയാണ് തീ അണച്ചത്. ഒന്നരമണിക്കൂറോളം ദേശീയപാതയിൽ ഗതാഗതം തടസപ്പെട്ടു. തീയണച്ചശേഷം പൊലീസ് വാഹനങ്ങൾ റോഡിൽ നിന്നും നീക്കിയാണ് ഗതാഗതം പുനസ്ഥാപിച്ചത്.
എം.ബി.ബി.എസിന് പ്രവേശനം ലഭിച്ച ബിജുവിന്റെ മകനെ വയനാട്ടിലെ കോളജിൽ ചേർത്തശേഷം നാട്ടിലേക്ക് മടങ്ങുമ്പോഴായിരുന്നു അപകടം. കാറിൽ ഉണ്ടായിരുന്ന അർജുനെ എരമല്ലൂരിലെ വീട്ടിൽ എത്തിക്കുന്നതിന് എരമല്ലൂരിലേക്ക് പോകുകയായിരുന്നു ഇവർ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.