തിരുവനന്തപുരം: ജനജീവിതത്തെ പിടിച്ചുലച്ച കോവിഡ് സംസ്ഥാനത്ത് ആദ്യമായി റിപ്പോർട്ട് ചെയ്തിട്ട് രണ്ടാണ്ട്. 2020 ജനുവരി 30നാണ് വുഹാനിൽനിന്ന് തൃശൂരിലെത്തിയ വിദ്യാർഥിനിക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഒന്നും രണ്ടും തരംഗങ്ങളുടെ അനിശ്ചിതത്വങ്ങൾ അതിജീവിച്ചതിനൊപ്പം ലോക്ഡൗണിന്റെയും നിയന്ത്രണങ്ങളുടെയും പിടിച്ചുകെട്ടലുകളിൽനിന്ന് വാക്സിൻ പ്രതിരോധത്തിന്റെ ആത്മവിശ്വാസവുമാർജിച്ചാണ് കേരളം മൂന്നാംതരംഗത്തെ നേരിടുന്നത്.
ഒന്നും രണ്ടും തരംഗങ്ങളെ അപേക്ഷിച്ച് ഏറ്റവും ഉയർന്ന പ്രതിദിന കേസാണ് റിപ്പോർട്ട് ചെയ്യുന്നതെങ്കിലും പ്രഹരശേഷി കുറവാണെന്നതിനാൽ പൊതുവിൽ വൈറൽ പനിയുടെ നിസ്സാരതയിലേക്ക് ജനജീവിതം മാറിക്കഴിഞ്ഞു. 2019 അവസാനം അന്തർദേശീയ തലത്തിൽ കോവിഡ് വ്യാപനം ഭീതിയുയർത്തിയപ്പോൾ മുതൽ കേരളം തയാറെടുപ്പ് തുടങ്ങിയിരുന്നു.
2020 ജനുവരി 21നാണ് കൊറോണ വൈറസിനെതിരെ സംസ്ഥാന സർക്കാറിന്റെ ആദ്യ ജാഗ്രത നിർദേശം എത്തുന്നത്. ഐസൊലേഷൻ വാർഡുകൾ തയാറാക്കി സമ്പർക്കപ്പടർച്ച തടഞ്ഞായിരുന്നു തുടക്കം. എന്നാൽ പഴുതടച്ച നിരീക്ഷണത്തിൽനിന്നുമാറി സമ്പർക്കത്തിലുള്ളവരെല്ലാം ക്വാറന്റീനിൽ പോകേെണ്ടന്നാണ് പുതിയ പ്രോട്ടോകോൾ.
കോവിഡ് ബാധിച്ച് തുടങ്ങുമ്പോള്‍ ലോകത്താകമാനം വ്യക്തമായ പ്രോട്ടോകോളില്ലായിരുന്നു. ആ ഘട്ടത്തിലാണ് അടച്ചുപൂട്ടൽ വേണ്ടിവന്നതെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. രണ്ടാംതരംഗം രൂക്ഷമായ 2021 മേയ് 12ന് 43,529 രോഗബാധ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ വാക്സിനേഷന് 20 ശതമാനമായിരുന്നു. നിലവിൽ 18ന് മുകളിലുള്ള 100 ശതമാനത്തിനും ആദ്യ ഡോസ് വാക്സൻ നൽകാനായതോടെ മഹാഭൂരിപക്ഷത്തിനും പ്രതിരോധശേഷി കൈവരിക്കാനായിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ ആത്മവിശ്വാസം. പരിശോധനകളുടെ എണ്ണത്തിനപ്പുറം ടി.പി.ആർ അടിസ്ഥാനമാക്കിയുള്ള പ്രതിരോധദൗത്യമായിരുന്നു തുടക്കത്തിൽ. ടി.പി.ആർ ഒഴിവാക്കി ആശുപത്രികളിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള നിയന്ത്രണങ്ങളാണിപ്പോൾ.
പ്രതിദിന കണക്കെടുപ്പും പ്രഖ്യാപനവും അവസാനിപ്പിച്ച് പകരം ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം മാത്രം ജനത്തെ അറിയിച്ചാൽ മതിയെന്ന ആവശ്യവും ഉയരുന്നുണ്ട്.
കോവിഡ് സ്ഥിരീകരിച്ചവർ 58,81,133
ചികിത്സയിലുള്ളവർ 3,33,447
രോഗമുക്തി 54,94,185
കോവിഡ് മരണങ്ങൾ 52,786
ഒന്നാം ഡോസ് വാക്സിനെടുത്തവർ 2,67,71,208 (100 ശതമാനം)
രണ്ടാം ഡോസെടുത്തവർ 2,23,28,429 (83.83 ശതമാനം)
മുൻകരുതൽ ഡോസ് 4,10,154 38.53(ശതമാനം)
കൗമാരക്കാരിലെ വാക്സിൻ 10,23,858 (67.48 ശതമാനം)
ജില്ല രോഗബാധിതർ മരണം
എറണാകുളം 7,62,722 6248
തിരുവനന്തപുരം 6,24,375 6851
കോഴിക്കോട് 6,20,281 4746
മലപ്പുറം 6,10,760 3932
തൃശൂർ 6,07,730 5719
കൊല്ലം 4,55,114 5103
പാലക്കാട് 4,17,959 4423
കോട്ടയം 3,88,749 3004
ആലപ്പുഴ 3,53,172 4088
കണ്ണൂർ 3,20,721 3813
പത്തനംതിട്ട 2,33,382 1938
ഇടുക്കി 1,81,258 1068
കാസർകോട് 1,56,256 1075
വയനാട് 1,48,654 778
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.