ചെന്നൈ: തമിഴ്‌നാട് സർക്കാറിന്റെ മതസൗഹാർദ പുരസ്കാരത്തിന് അർഹനായ ‘ആൾട്ട് ന്യൂസ്’ സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെ അഭിനന്ദിച്ച് യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ. ഫാഷിസ്റ്റുകളുടെ നുണക്കാലത്ത് സത്യത്തിന്‍റെ നെടുന്തൂണായി സുബൈർ നിലകൊള്ളുന്നുവെന്ന് ഉദയനിധി പറഞ്ഞു. സാമൂഹ്യപരിഷ്‌കർത്താവായ തന്തൈ പെരിയാറിന്‍റെ ശിൽപം അദ്ദേഹം സുബൈറിന് സമ്മാനിച്ചു.
'തെറ്റായ വിവരങ്ങളും വ്യാജവാർത്തകളുമാണ് നമ്മുടെ കാലഘട്ടത്തെ ഏറ്റവും ബാധിക്കുന്ന പ്രശ്നങ്ങൾ. ഇത്തരം അസത്യ പ്രചാരണങ്ങൾക്കെതിരെ സത്യത്തിന്‍റെ നെടുന്തൂണായി നിലകൊള്ളുകയാണ് നമ്മുടെ സഹോദരൻ സുബൈർ. ഫാഷിസ്റ്റുകളുടെ നുണയെ വളരെയേറെ ഗവേഷണങ്ങൾ നടത്തി ആൾട്ട് ന്യൂസിലൂടെ അദ്ദേഹം തുറന്നുകാട്ടുകയാണ്. എല്ലാവിധ ആശംസകളും നേരുന്നു' -ഉദയനിധി പറഞ്ഞു. സുബൈറിനൊപ്പമുള്ള ചിത്രവും സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചു.
മതസൗഹാർദം കാത്തുസൂക്ഷിക്കുന്നതിനുള്ള പ്രവൃത്തികൾക്ക് തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ കോട്ടൈ അമീർ കമ്മ്യൂണൽ ഹാർമണി അവാർഡിനാണ് ഈ വർഷം സുബൈർ അർഹനായത്. റിപ്പബ്ലിക് ദിന ചടങ്ങിൽ മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ സുബൈറിന് അവാർഡ് സമ്മാനിച്ചു. വ്യാജവാർത്തകൾ തുറന്നുകാട്ടി അക്രമങ്ങൾ തടയാൻ സഹായിച്ചതിനും സാമുദായിക സൗഹാർദം പ്രോത്സാഹിപ്പിച്ചതിനുമുള്ള അംഗീകാരമായാണ് പുരസ്‌കാരം.
തമിഴ്‌നാട്ടിലെ കൃഷ്ണഗിരി ജില്ലയിലെ ഡെങ്കണിക്കോട്ട താലൂക്ക് സ്വദേശിയാണ് സുബൈർ. തളി ഉറുദു സ്കൂൾ സ്ട്രീറ്റിലാണ് കുടുംബം താമസിക്കുന്നത്. 2017ലാണ് സുബൈർ ഫാക്‌ട് ചെക്കിങ് പോർട്ടൽ സ്ഥാപിച്ചത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തകൾ വിശകലനം ചെയ്യുകയും സത്യാവസ്ഥ കണ്ടെത്തി പുറത്തുവിടുകയാണ് ആൾട്ട് ന്യൂസ് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.