മുക്കം: നഗരസഭയിൽ മത്സരിക്കുന്ന സ്ഥാനാർഥിയുടെ ഭാര്യക്കുനേരെ അജ്ഞാതെൻറ ആക്രമണം. സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നഗരസഭയിലെ അഞ്ചാം ഡിവിഷനായ തോട്ടത്തിൻകടവിൽ മത്സരിക്കുന്ന സി.പി.എം സ്ഥാനാർഥി നൗഫൽ മല്ലിശ്ശേരിയുടെ ഭാര്യ ഷാനിദക്കുനേരെയാണ് അക്രമം നടത്തിയത്.
ഞായറാഴ്ച രാവിലെ 7.45ഓടെ തിരുവമ്പാടിയിൽ ജോലിചെയ്യുന്ന സ്വകാര്യ ലാബിൽവെച്ചാണ് അക്രമം. ഒരാൾ കടന്നുവന്ന് ഷാനിദയുടെ കഴുത്തിൽ മുണ്ട് മുറുക്കി മർദിക്കുകയായിരുന്നു. ബഹളംവെച്ചതോടെ അക്രമി രക്ഷപ്പെട്ടു. അബോധാവസ്ഥയിലായ ഷാനിദയെ ഓമശ്ശേരി ശാന്തി ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. നൗഫലിനോട് മര്യാദക്കു നിൽക്കാൻ പറയണം, ഇല്ലെങ്കിൽ വിവരം അറിയും എന്നു പറഞ്ഞ് കഴുത്തു ഞെരിച്ചു എന്നും ബഹളം ഉണ്ടാകാൻ ശ്രമിച്ചപ്പോൾ അക്രമി പോയി എന്നുമാണ് പൊലീസിൽ നൽകിയ പരാതി. ലാബിനുള്ളിലേക്ക് ഒരാൾ മാത്രമാണ് കയറിയതെന്നും പുറത്ത് ആരെങ്കിലും ഉണ്ടോ എന്ന് തനിക്ക് അറിയില്ല എന്നും ഷാനിദ പറയുന്നു. മാസ്ക് ധരിച്ചെത്തിയതിനാൽ തിരിച്ചറിയാനും ബുദ്ധിമുട്ടായി.
വ്യാഴാഴ്ച നടന്ന നാമനിർദേശപത്രിക സൂക്ഷ്മപരിശോധനക്കിടയിൽ ചിലരുമായി വാക് തർക്കമുണ്ടായി. ഇതുമായി ബന്ധപ്പെട്ട വൈരാഗ്യമാണോ എന്ന് സംശയിക്കുന്നതായി ഇവർ പറയുന്നു.
തിരുവമ്പാടി എസ്.ഐ നിജീഷിെൻറ നേതൃത്വത്തിലുള്ള സ്െപഷൽ ബ്രാഞ്ചടക്കമുള്ള പൊലീസും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സമീപത്തെ കടകളിലെ സി.സി.ടി.വി കാമറകളുടെ ദൃശ്യങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. ഞായറാഴ്ചയായതിനാൽ സംഭവ മേഖലയിലെ കടകൾ പലതും അടഞ്ഞുകിടന്നതിനാൽ തിങ്കളാഴ്ച പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.
മുക്കം: നഗരസഭയിലെ തോട്ടത്തിൻ കടവ് ഡിവിഷനിലെ എൽ.ഡി.എഫ് സ്ഥാനാർഥി നൗഫലിെൻറ ഭാര്യയെ ജോലി ചെയ്യുന്ന ലാബിൽ കയറി ആക്രമിച്ച സംഭവം അപലപനീയമാണെന്ന് സി.പി.എം തിരുവമ്പാടി ഏരിയ കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. ഭാര്യയെ ആക്രമിച്ച് സ്ഥാനാർഥിയെ നിശ്ശബ്ദനാക്കാമെന്ന വ്യാമോഹം നടക്കില്ലെന്നും സമഗ്രാന്വേഷണം നടത്തി അക്രമികളെ പിടികൂടണമെന്നും ആശുപത്രിയിൽ യുവതിയെ സന്ദർശിച്ച ഏരിയ സെക്രട്ടറി ടി. വിശ്വനാഥൻ ആവശ്യപ്പെട്ടു.
ലോക്കൽ സെക്രട്ടറിമാരായ സി.എ. പ്രദീപ് കുമാർ, എൻ.ബി. വിജയകുമാർ എന്നിവരും അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു. സംഭവത്തിൽ എൽ.ഡി.എഫ് തിരുവമ്പാടി മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. മത്സരരംഗത്തുള്ള സ്ഥാനാർഥിയുടെ കുടുംബാംഗങ്ങളെ ആക്രമിക്കുന്ന നടപടി രാഷ്ട്രീയ മര്യാദയല്ലെന്ന് കമ്മിറ്റി അഭിപ്രായപ്പെട്ടു.
ഇ. രമേശ് ബാബു, ടി. വിശ്വനാഥൻ, വി.എ. സെബാസ്റ്റ്യൻ, എ. സുബൈർ, ഇളമന ഹരിദാസ്, അബ്ദുല്ല കുമാരനെല്ലൂർ, അരുൺ തോമസ് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.