കൊല്ലം: അഞ്ചലിൽ യുവതി പാമ്പ് കടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിയായ ഭർത്താവ് സൂരജിനെ ഉത്രയുടെ വീട്ടിലെത്തിച്ച് തെളിവെടുത്തു. ഫോറൻസിക് വിദഗ്ധർ സ്ഥലത്ത് പരിശോധന നടത്തി. വീട്ടിലേക്ക് പാമ്പിനെ കൊണ്ടുവരാൻ ഉപയോഗിച്ച് പ്ലാസ്റ്റിക് ജാർ പൊലീസ് കണ്ടെടുത്തു. ആളൊഴിഞ്ഞ പരിസരത്തെ പറമ്പിൽനിന്നാണ് ജാർ കണ്ടെടുത്തത്. സൂരജ് തന്നെയാണ് ജാർ കണ്ടെടുത്ത് നൽകിയത്.
അരമണിക്കൂർ നേരം തെളിവെടുപ്പ് നടത്തിയ ശേഷമാണ് സൂരജിനെയും കൊണ്ട് പൊലീസ് മടങ്ങിയത്. അതേസമയം വികാര നിർഭരമായ രംഗങ്ങളായിരുന്നു വീട്ടിൽ അരങ്ങേറിയത്. മകളെ കൊലപ്പെടുത്തിയയാളെ വീട്ടിൽ കയറ്റില്ലെന്ന് ഉത്രയുടെ അമ്മ പറഞ്ഞു. തെളിവെടുപ്പിനിടെ സൂരജ് പൊട്ടിക്കരഞ്ഞു. ഉത്രയെ താൻ കൊന്നിട്ടില്ലെന്ന് പറഞ്ഞായിരുന്നു സൂരജ് കരഞ്ഞത്. തിങ്കളാഴ്ച വൈകുന്നേരം അഞ്ച് മണിക്ക് സൂരജിനെ കോടതിയിൽ ഹാജരാക്കാനാണ് തീരുമാനം.
മൂന്നുമാസം നീണ്ട ഗൂഡാലോചനക്ക് ശേഷമാണ് 25 കാരിയായ ഉത്രയെ ഭർത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയത്. അഞ്ചലിൽ ഏറം വെള്ളശേരൽ വീട്ടിൽ ഉത്ര കുടുംബവീട്ടിലാണ് പാമ്പ് കടിയേറ്റ് മരിക്കുന്നത്. സംഭവത്തിൽ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജിനെയും സുഹൃത്തും സഹായിയുമായ കല്ലുവാതുക്കൽ സ്വദേശി സുരേഷുമാണ് ഞായറാഴ്ച അറസ്റ്റിലായത്. കൊടുംവിഷമുള്ള മൂർഖൻ പാമ്പിനെ ഉത്രയുടെ ദേഹത്തേക്കു വച്ചു കടിപ്പിച്ചു രാവിലെ മരണം ഉറപ്പാക്കുന്നതു വരെ ഭർത്താവ് സൂരജ് കാത്തിരിക്കുകയായിരുന്നുവെന്നാണ് വിവരം. ഉത്രയെ കുടുംബ വീട്ടിലെ മുറിയിൽ മേയ് ഏഴിനാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. എന്നാൽ മകളെ ഭർത്താവ് അടൂർ പറക്കോട് സ്വദേശി സൂരജ് കൊലപ്പെടുത്തിയതാണെന്നു കാണിച്ച് ഉത്രയുടെ മാതാപിതാക്കൾ അഞ്ചൽ സിഐക്ക് പരാതി നൽകി. പിന്നീട് എസ്.പി ഹരിശങ്കറിനും നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി അശോകൻ കേസ് ഏറ്റെടുക്കുകയായിരുന്നു.
മേയ് ആറിനു രാത്രി വലിയൊരു ബാഗുമായി സൂരജ് വീട്ടിലെത്തിയിരുന്നെന്ന് ഉത്രയുടെ മാതാപിതാക്കൾ പറഞ്ഞിരുന്നു. സൂരജിെൻറ വീട്ടുകാർ സാമ്പത്തിക ഇടപാടിെൻറ പേരിൽ ഉത്രയെ പീഡിപ്പിക്കുന്നതായും പലപ്പോഴായി പണം ആവശ്യപ്പെട്ടതായും പിതാവ് നൽകിയ പരാതിയിലുണ്ടായിരുന്നു. സാമ്പത്തിക ഇടപാടുകൾ സത്യമാണെന്ന വിവരം ലഭിച്ചതോടെ അന്വേഷണം ശക്തമാക്കി.
മാർച്ച് 2നു സൂരജിെൻറ വീട്ടിൽവച്ച് ഉത്രയ്ക്ക് പാമ്പ് കടിയേറ്റിരുന്നു. അതിെൻറ ചികിത്സ തുടരുന്നതിനിടെയാണ് മേയ് ഏഴിനു സ്വന്തം വീട്ടിൽവച്ചു വീണ്ടും പാമ്പ് കടിയേൽക്കുന്നത്. രണ്ടു തവണയും സൂരജ് സമീപത്ത് ഉണ്ടായിരുന്നു. അതിനിടെ ഉത്രയുടെ സ്വർണാഭരണങ്ങൾ സൂക്ഷിച്ചിരുന്ന ബാങ്ക് ലോക്കർ മാർച്ച് രണ്ടിനു രാവിലെ തുറന്നതായി പൊലീസ് കണ്ടെത്തി. ഉത്രയുടെയും സൂരജിെൻറയും സംയുക്ത അക്കൗണ്ടിലാണ് ലോക്കർ. മകൾക്ക് വിവാഹ സമ്മാനമായി നൽകിയ സ്വർണാഭരണങ്ങൾ നഷ്ടമായതായി രക്ഷിതാക്കൾ നൽകിയ പരാതിയിലുണ്ടായിരുന്നു. 90 പവനോളമാണ് ഇത്തരത്തിൽ കാണാതായത്.
അതോടൊപ്പം സൂരജ് പാമ്പ് പിടുത്തക്കാരുമായി നിരന്തരം ഫോണിൽ ബന്ധപ്പെട്ടിരുന്നതായി സൈബർ സെൽ കണ്ടെത്തിയിരുന്നു. യൂട്യൂബിലും പാമ്പുപിടിത്തം സംബന്ധിച്ച തിരച്ചിൽ സൂരജ് നടത്തിയതായാണു വിവരം. രണ്ടു തവണയായി കുപ്പിയിലാണ് സുഹൃത്ത് സന്തോഷ് പാമ്പുകളെ നൽകിയത്. ഓരോ തവണയും 5000 രൂപ വീതം നൽകി. ആദ്യം നൽകിയത് അണലിയും രണ്ടാമത് മൂർഖനുമായിരുന്നു. ഉത്രയെ ഭർതൃവീട്ടിൽവച്ചു കടിച്ചത് അണലി ഇനത്തിലെ പാമ്പായിരുന്നു. രണ്ടാമതു കടിച്ചത് മൂർഖനുമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.