ഉത്തരകാശി അപകടം: മരിച്ചവരിൽ രണ്ടു മലയാളികൾ

ഉത്തരകാശി/ചെർപ്പുളശ്ശേരി (പാലക്കാട്): ഉത്തരാഖണ്ഡിലെ ഉത്തരകാശിയിൽ ട്രക്കിങ്ങിനിടെയുണ്ടായ അപകടത്തിൽ മരിച്ച ഒമ്പതുപേരിൽ രണ്ടു മലയാളികൾ. ചെർപ്പുളശ്ശേരി സ്വദേശിനി കാരാട്ടുകുറുശ്ശി വാക്കേക്കളം വി.കെ. ചന്ദ്രന്റെയും സരസ്വതിയുടെയും മകൾ വി.കെ. സിന്ധു (45), ബംഗളൂരു യലഹങ്ക ജക്കൂരിൽ താമസിക്കുന്ന തിരുവനന്തപുരം സ്വദേശിനി ആശ സുധാകർ (71) എന്നിവരാണ് മരിച്ച മലയാളികൾ.

ഹിമാലയൻ വ്യൂ ട്രക്കിങ് ഏജൻസി സംഘടിപ്പിച്ച ട്രക്കിങ്ങിൽ പങ്കെടുത്ത സംഘത്തിലെ അംഗങ്ങളാണ് അപകടത്തിൽപെട്ടത്. ബംഗളൂരുവിൽനിന്നുള്ള 18 പേർ, ഒരു മഹാരാഷ്ട്രക്കാരി, മൂന്ന് ഗൈഡുകൾ എന്നിവരാണ് സംഘത്തിലുണ്ടായിരുന്നത്. ചൊവ്വാഴ്ച ട്രക്കിങ് പൂർത്തിയാക്കി തിരികെ വരുമ്പോഴാണ് ഉത്തരകാശിയിലെ സഹസ്ത്രതൽ തടാകത്തിൽവെച്ച് അപകടമുണ്ടായത്. കനത്ത മഞ്ഞുവീഴ്ചയും കൊടുങ്കാറ്റുമാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് വിവരം. കർണാടക മൗണ്ടനീറിങ് സംഘാംഗങ്ങളാണ് അപകടത്തിൽപെട്ടവരിൽ ഏറെയും.ഡെല്ലിൽ സോഫ്റ്റ് വെയർ എൻജിനീയറായ സിന്ധു വർഷങ്ങളായി കുടുംബത്തോടൊപ്പം ബംഗളൂരുവിലെ കൊത്തന്നൂർ ആശ ടൗൺഷിപ്പിലാണ് താമസം. തൃശൂർ സ്വദേശി വിനോദ് കെ. നായരാണ് ഭർത്താവ്. മക്കൾ: നീൽ നായർ, നാഷ് നായർ.

പോസ്റ്റ്മോർട്ട നടപടികൾ പൂർത്തിയാക്കി വെള്ളിയാഴ്ച വൈകുന്നേരം മൃതദേഹം ബംഗളൂരുവിൽ എത്തിക്കുമെന്നും അവിടെ സംസ്കാരം നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു. തിരുവനന്തപുരം സ്വദേശിനി ആശ സുധാകർ എസ്.ബി.ഐ റിട്ട. സീനിയർ മാനേജറാണ്. സംഘത്തോടൊപ്പം ഉണ്ടായിരുന്ന ഇവരുടെ ഭർത്താവ് സുധാകരനെ രക്ഷപ്പെടുത്തി. അതിനിടെ വ്യാഴാഴ്ച സംഘത്തിലെ നാലുപേരുടെ മൃതദേഹം കൂടി കണ്ടെടുത്തു.

ഇതോടെ മരിച്ച ഒമ്പതുപേരുടെയും മൃതദേഹങ്ങൾ ലഭിച്ചതായി സബ് ഡിവിഷനൽ മജിസ്ട്രേറ്റ് (എസ്.ഡി.എം) ബ്രിജേഷ് കുമാർ തിവാരി അറിയിച്ചു. അഞ്ചുപേരുടെ മൃതദേഹം ബുധനാഴ്ച കണ്ടെത്തിയിരുന്നു. 13 പേരെ വ്യോമസേന ഹെലികോപ്ടറുകളുടെ സഹായത്തോടെ രക്ഷപ്പെടുത്തിയതായും എസ്.ഡി.എംഅറിയിച്ചു.

Tags:    
News Summary - Uttarkashi accident: Two Malayalees among the dead

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.