കെ ഫോണില്‍ കറക്ക് കമ്പനികള്‍ക്ക് കരാര്‍ കിട്ടാന്‍ സര്‍ക്കാർ ഒത്തുകളി നടത്തിയെന്ന് വി.ഡി സതീശൻ

കൊച്ചി : കെ ഫോണില്‍ കറക്ക് കമ്പനികള്‍ക്ക് കരാര്‍ കിട്ടാന്‍ സര്‍ക്കാർ ഒത്തുകളി നടത്തിയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കെ ഫോണില്‍ ആദ്യ ടെന്‍ഡര്‍ നേടിയതും എം.എസ്.പി ടെന്‍ഡര്‍ നേടിയതുമൊക്കെ അഴിമതി കാമറ ഇടപാടിന് പിന്നിലുള്ള കറക്ക് കമ്പനികള്‍ തന്നെയാണ്. ഇതിന് പുറമെ ഐ.എസ്.പി, ഹാര്‍ഡ്വേയര്‍, സോഫ്ട്‌വെയര്‍ എന്നിവ ലഭ്യമാക്കാന്‍ 2023 ജനുവരിയില്‍ കെ ഫോണ്‍ ടെന്‍ഡര്‍ ക്ഷണിച്ചു.

എം.എസ്.പി കരാറില്‍ പങ്കെടുക്കുന്നതിനാല്‍ എസ്.ആര്‍.ഐ.ടി അവര്‍ക്ക് പകരമായി കണ്‍സോര്‍ഷ്യത്തിലെ മറ്റൊരു പാര്‍ട്ണറായ റയില്‍ടെല്ലിനെ പങ്കെടുപ്പിച്ചു. എ.ഐ കാമറ തട്ടിപ്പില്‍ കാര്‍ട്ടല്‍ ഉണ്ടാക്കാന്‍ സഹായിച്ച അക്ഷരയും ഈ കരാറില്‍ പങ്കെടുത്തു. എന്നാല്‍ സാങ്കേതിക മികവിന്റെ അടിസ്ഥാനത്തില്‍ തിരുവനന്തപുരത്തെ സിറ്റ്‌സ എന്ന സ്റ്റാര്‍ട്ടപ്പ് കമ്പനിക്കാണ് കരാര്‍ ലഭിച്ചത്.

സ്റ്റാര്‍ട്ടപ്പ് കമ്പനിക്ക് ഇളവുകള്‍ നല്‍കാമെന്ന് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഉത്തരവുകളെ തുടര്‍ന്നാണ് സിറ്റ്‌സയ്ക്ക് കരാര്‍ ലഭിച്ചത്. എന്നാല്‍ റെയില്‍റ്റെലും അക്ഷരയും ഈ ടെന്‍ഡര്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കെ ഫോണിന് കത്തു നല്‍കി. കരാര്‍ നിയമപരമാണെന്ന കെ ഫോണിന്റെ നിലപാടെടുത്തെങ്കിലും 2023 ഏപ്രില്‍ മൂന്നിന് ഐ.ടി സെക്രട്ടറി ഇടപെട്ട് സിറ്റ്‌സയുടെ കരാര്‍ റദ്ദാക്കി. കറക്ക് കമ്പനികള്‍ മാത്രം കെ ഫോണ്‍ നടപ്പാക്കിയാല്‍ മതിയെന്ന് സര്‍ക്കാര്‍ നിലപാടെടുക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ചാണ് കറക്ക് കമ്പനികളുടെ സംഘം പ്രവര്‍ത്തിക്കുന്നത്.

കോടതിയെ സമീപിക്കാന്‍ പി.രാജീവിന്റെ ഉപദേശം വേണ്ട. മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് നടന്ന കൊള്ളയായതിനാല്‍ മുഖ്യമന്ത്രി തന്നെ മറുപടി നല്‍കണം. മുഖ്യമന്ത്രി മറുപടി പറയണമെന്നത് പീടികയില്‍ പോയി പറഞ്ഞാല്‍ മതിയെന്നാണ് എ.കെ ബാലന്‍ പറഞ്ഞത്. അതിന് മറുപടി നല്‍കേണ്ട ആവശ്യമില്ല. ഇതില്‍ എ.കെ ബാലന് എന്ത് കാര്യം? ഗസ്റ്റ് ഹൗസ് വാടകയ്‌ക്കെടുത്ത കാര്യമൊന്നും പ്രതിപക്ഷം പറഞ്ഞിട്ടില്ല. അതൊക്കെ മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയാണ്.

കൃത്യമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പ്രതിപക്ഷം ആരോപണം ഉന്നയിച്ചത്. ഒരു അന്വേഷണം നടന്നാല്‍ തെളിവുകള്‍ ഹാജരാക്കാന്‍ പ്രതിപക്ഷം തയാറാണ്. മുഖ്യമന്ത്രി മറുപടി പറയണമെന്ന് ആവശ്യപ്പെടുമ്പോള്‍ അത് പിടികയില്‍ പോയി പറഞ്ഞാല്‍ മതിയെന്നാണ് സി.പി.എം പറയുന്നതെങ്കില്‍ ഇതൊക്കെ ജനങ്ങള്‍ കാണുന്നുണ്ടെന്ന് ഓര്‍ക്കണം. മറുപടി പറയാനുള്ള ബാധ്യത മുഖ്യമന്ത്രിക്കുണ്ട്.

സമഗ്രമായ ജുഡീഷ്യല്‍ അന്വേഷണമാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ ഏത് അന്വേഷണ ഏജന്‍സി വേണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ തീരുമാനിക്കട്ടെ. വിജിലന്‍സ് അന്വേഷിച്ചാല്‍ ലൈഫ് മിഷന്‍ കേസ് പോലെയാകും. വിജിലന്‍സ് ഇഷ്ടക്കാര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ലോകായുക്തയില്‍ പോകണമെന്ന് ദേശാഭിമാനി പോലും പറയില്ല. അഴിമതി നിരോധന സംവിധാനങ്ങളൊക്കെ സര്‍ക്കാര്‍ ഇല്ലാതാക്കി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ ഇനിയും പുറത്ത് വരാനുണ്ടെന്ന് സതീശൻ പറഞ്ഞു. 

Tags:    
News Summary - V. D. Satheesan said that the government colluded to get the contract for the K phone fraud companies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.