വടകര: ഏറെക്കാലമായി വടകരയുടെ നിയമസഭ തെരഞ്ഞെടുപ്പ് ചരിത്രത്തില്‍ ഇടത് സ്ഥാനാര്‍ഥികളായി സോഷ്യലിസ്റ്റ് കക്ഷികള്‍ മാത്രമാണുണ്ടായിരുന്നതെങ്കില്‍ ഇത്തവണ ചിത്രം മാറിയേക്കും. വടകരയിലെ സീറ്റ് സംബന്ധിച്ച ചര്‍ച്ച മുന്നണി തലത്തില്‍ ഇതുവരെ നടന്നില്ലെങ്കിലും നേതാക്കള്‍ക്കിടയില്‍ സജീവമാണ്. ജെ.ഡി.എസും എല്‍.ജെ.ഡിയും സീറ്റ് അവകാശവാദം ഉന്നയിച്ച സാഹചര്യത്തിലാണ് ഈ പുതിയ ചര്‍ച്ച. സി.പി.എം ഏറ്റെടുക്കണമെന്നാണ് പാര്‍ട്ടിക്കകത്തു നടക്കുന്ന ചര്‍ച്ച.
ഇരുകക്ഷികളില്‍ ആര്‍ക്കു നല്കിയാലും മറുവിഭാഗം പാലം വലിക്കാനിടയുണ്ടെന്നാണ് സി.പി.എമ്മില്‍ ഉയരുന്ന അഭിപ്രായം. സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം പുത്തലത്ത് ദിനേശന്, ജില്ല കമ്മിറ്റി അംഗം പി.കെ. ദിവാകരന്, ഒഞ്ചിയം ഏരിയ സെക്രട്ടറി ടി.പി. ബിനീഷ് എന്നിവരാണ് സാധ്യതാ പട്ടികയിലുള്ളതെന്നും പറയുന്നു. എന്നാല്‍, ഇത്തരം ചര്‍ച്ചകളൊന്നും അജണ്ടയിലില്ലെന്ന മട്ടിലാണ് പാര്‍ട്ടി നേതൃത്വം പ്രതികരിക്കുന്നത്.
കഴിഞ്ഞ തവണ യു.ഡി.എഫിെൻറ ഭാഗമായ എല്‍.ജെ.ഡി ഇപ്പോൾ ഇടതിെൻറ ഭാഗമായതാണ് വടകരയിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച ചര്‍ച്ചകള്‍ക്കിടയാക്കിയത്.
നിലവില്‍ ജെ.ഡി.എസിലെ സി.കെ. നാണു എം.എല്‍.എയാണ് വടകരയെ പ്രതിനിധാനംചെയ്യുന്നത്. ഇരുസോഷ്യലിസ്റ്റ് കക്ഷികളുടെയും ശക്തികേന്ദ്രമാണ് വടകര. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന പരിപാടികളിലെല്ലാം വടകര പാര്‍ട്ടിക്ക് അവകാശപ്പെട്ടതാണെന്ന് എല്‍.ജെ.ഡി നേതാക്കള്‍ പ്രഖ്യാപിച്ചുകഴിഞ്ഞു. ഇതിനിടെ, ജെ.ഡി.എസിലെ ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും എല്‍.ജെ.ഡിയിൽ ചേര്‍ന്നിരിക്കയാണ്.
എന്നാല്‍, വടകര വിട്ടുകൊടുക്കേണ്ട സാഹചര്യം നിലവിലില്ലെന്നാണ് ജെ.ഡി.എസിെൻറ അഭിപ്രായം.
മുന്നണി ആവശ്യപ്പെട്ടാല്‍ വീണ്ടും മത്സരിക്കാമെന്ന നിലപാടിലാണ് സി.കെ. നാണു. പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയില്‍ വടകര ബ്ലോക്ക് പരിധിയില്‍ യു.ഡി.എഫ്, ആര്.എം.പി.ഐ നേതൃത്വത്തില്‍ രൂപവത്കരിച്ച ജനകീയ മുന്നണി സംവിധാനം കല്ലാമല ഡിവിഷനിലെ സ്ഥാനാര്‍ഥിത്വത്തെ ചൊല്ലി രണ്ടുവഴിക്കായ സാഹചര്യത്തില്‍ വടകര സീറ്റ് സ്വന്തമാക്കാന്‍ എളുപ്പമാണെന്നാണ് എല്‍.ഡി.എഫ് കണക്കു കൂട്ടല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.