വാഗമൺ: നിശാപാര്‍ട്ടിയില്‍ നിന്ന് മയക്കുമരുന്ന് കണ്ടെത്തിയ കേസില്‍ ഒരു യുവതിയടക്കം ഒന്‍പതുപേര്‍ അറസ്റ്റില്‍. തൊടുപുഴ സ്വദേശി അജ്മൽ (30), മലപ്പുറം സ്വദേശിനി മെഹർ ഷെറിൻ (26), എടപ്പാൾ സ്വദേശി നബീൽ (36), കോഴിക്കോട് സ്വദേശികളായ സൽമാൻ (38), അജയ് (41), ഷൗക്കത്ത് (36), കാസർകോട് സ്വദേശി മുഹമ്മദ് റഷീദ് (31), ചാവക്കാട് സ്വദേശി നിഷാദ് (36), തൃപ്പൂണിത്തുറ സ്വദേശി ബ്രസ്റ്റി വിശ്വാസ് (23) എന്നിവരെയാണ് കേസില്‍ പ്രതി ചേര്‍ത്തിരിക്കുന്നത്. റിസോർട്ട് ഉടമയെ പ്രതിചേർക്കുന്ന കാര്യം വിശദമായ അന്വേഷണത്തിന് ശേഷമേ തീരുമാനിക്കൂ.
ഞായറാഴ്ച രാത്രിയിലാണ് വാഗമണ്‍ ക്ലിഫ് ഇന്‍ റിസോര്‍ട്ടിൽ നര്‍ക്കോട്ടിക്‌സ് സെല്ലിന്‍റെ നേതൃത്വത്തില്‍ ലഹരി മരുന്ന് വേട്ട നടന്നത്. സി.പി.ഐ പ്രാദേശിക നേതാവും ഏലപ്പാറ മുൻ പഞ്ചായത്ത് പ്രസിഡന്‍റുമായ ഷാജി കുറ്റിക്കാടിന്‍റേതാണ് റിസോർട്ട്. 58 പേരാണ് നിശാപാർട്ടിയിൽ പങ്കെടുത്തത്.
എൽ.എസ്.ഡി സ്റ്റാമ്പ്, എക്സ്റ്റസി ടാബ്ലറ്റ്, എം.ഡി.എം.എ, കഞ്ചാവ്, ഹാഷിഷ് തുടങ്ങിയവ പ്രതികളില്‍ നിന്ന് പിടികൂടിയിട്ടുണ്ട്. മഹാരാഷ്ട്ര, ബാംഗ്ലൂർ എന്നിവടങ്ങളിൽ നിന്നുമാണ് ലഹരി വസ്തുക്കൾ എത്തിച്ചത്. ബർത്ത്ഡേ പാർട്ടിയുടെ മറവില്‍ സാമൂഹ്യ മാധ്യമങ്ങൾ വഴിയാണ് നിശാപാർട്ടി സംഘടിപ്പിച്ചത്.
വിവിധ മേഖലകളിൽ ജോലി പാർട്ടിയിൽ പങ്കെടുത്തത്. ഇതിന് മുമ്പും ഇവർ പാർട്ടി നടത്തിയതായി പൊലീസ് പറയുന്നു. നിശാപാര്‍ട്ടിക്ക് എത്തിയ 60 പേരെ മൂന്നു സംഘങ്ങളായി തിരിച്ചാണ് ചോദ്യം ചെയ്തത്. 25 ഓളം സ്ത്രീകളും സംഘത്തില്‍ ഉള്‍പ്പെടുന്നു.
അതേസമയം സി.പി.ഐ ഏലപ്പാറ ലോക്കൽ സെക്രട്ടറി കൂടിയായ റിസോർട്ട് ഉടമ ഷാജിയുടെ പ്രവൃത്തി കമ്യൂണിസ്റ്റ് വിരുദ്ധമാണെന്നും പാർട്ടിയിൽ നിന്ന് പുറത്താക്കുമെന്നും സി.പി.ഐ ജില്ല സെക്രട്ടറി കെ.കെ ശിവരാമൻ വ്യക്തമാക്കി.
നിശാപാര്‍ട്ടിക്ക് എത്തിച്ച സ്റ്റാമ്പ്, എം.ഡി.എം.എ, ഗം, ഹെറോയിന്‍, കഞ്ചാവ് ഉള്‍പ്പെടെയുള്ള മാരക ലഹരി വസ്തുക്കളാണ് പൊലീസ് പിടിച്ചെടുത്തത്. സാമൂഹ്യ മാധ്യമങ്ങള്‍ വഴി നിശാപാര്‍ട്ടി സംഘടിപ്പിച്ചു എന്നാണ് പൊലീസ് പറയുന്നത്. ലോക്കല്‍ പൊലീസിനെ അറിയിക്കാതെ ആയിരുന്നു നര്‍ക്കോട്ടിക്ക് സെല്ലിന്റെ മിന്നല്‍ പരിശോധന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.