തിരുവനന്തപുരം: കേരള നിയമസഭ കണ്ട മികച്ച സ്പീക്കർമാരിലൊരാളായിരുന്ന വക്കം പുരുഷോത്തമൻ സഭാ പ്രവർത്തനത്തിന് അടുക്കും ചിട്ടയും സമയക്ലിപ്തതയും നൽകിയ ഭരണനിപുണൻ കൂടിയായിരുന്നു. നിയമത്തിലും ചട്ടത്തിലും പറഞ്ഞതിൽ അണുവിട മാറാൻ കൂട്ടാക്കാതിരുന്ന അദ്ദേഹം ഭരണ-പ്രതിപക്ഷമെന്ന ഭേദം ലവലേശം കാണിക്കാതെയാണ് നിലപാടുകൾ സ്വീകരിച്ചത്. എത്ര വമ്പനായാലും വിട്ടുവീഴ്ചയുണ്ടായില്ല, അതേസമയം വിഷയങ്ങൾ പഠിച്ചുവന്ന് സഭയിൽ അവതരിപ്പിക്കുന്നവരെ പ്രോത്സാഹിപ്പിച്ചു. സഭാചട്ടങ്ങളിൽ അവഗാഹമുണ്ടായിരുന്ന അദ്ദേഹത്തിന് സഭ നടത്തിക്കൊണ്ടുപോകുന്നതിൽ വേറിട്ട ശൈലിയായിരുന്നു. ജനങ്ങളുടെ പ്രശ്നങ്ങൾ ഉന്നയിക്കുന്നതിൽ കടുത്ത നിയന്ത്രണം ശരിയല്ലെന്ന വാദം ഉയർന്നെങ്കിലും വക്കം അംഗീകരിച്ചില്ല.
1982 ജൂൺ 24 മുതൽ 84 ഡിസംബർ 28 വരെയും 2001 ജൂൺ ആറു മുതൽ 2004 സെപ്റ്റംബർ നാലുവരെയുമായി രണ്ടു തവണയാണ് സ്പീക്കറായത്. കൂടുതൽ കാലം സഭയെ നിയന്ത്രിച്ച റെക്കോഡിന് ഉടമ. രാവിലെ 8.30ന് തുടങ്ങുന്ന നടപടികൾ ഉച്ചക്ക് ഒന്നരക്കുതന്നെ പൂർത്തിയാക്കണമെന്ന കാര്യത്തിൽ കണിശക്കാരനായിരുന്നു വക്കം. അനുവദിച്ച സമയത്തിൽ കൂടുതൽ സംസാരിക്കാൻ ആർക്കും ഇളവ് നൽകിയില്ല. അനുവദിച്ച സമയത്തിന് ഒരു മിനിറ്റ് മുമ്പ് മുന്നറിയിപ്പ് നൽകും. സമയമാകുമ്പോൾ ഓർഡർ.. ഓർഡർ.. എന്ന് വീണ്ടും മുന്നറിയിപ്പ് നൽകി അവസാനിപ്പിക്കാൻ നിർദേശിക്കും. അനുസരിച്ചില്ലെങ്കിൽ മൈക്ക് ഓഫാക്കി അടുത്ത ആളിലേക്ക് പോകും.
ചോദ്യങ്ങൾ ചോദിക്കുന്നതിനും മന്ത്രിമാർ മറുപടി പറയുന്നതിനും കൃത്യത വന്നത് വക്കത്തിന്റെ കാലത്താണ്. എഴുതിക്കൊണ്ടുവന്ന് അവ വായിക്കാൻ അദ്ദേഹം അനുവദിച്ചിരുന്നില്ല. പഠിക്കാതെ മറുപടി പറയാൻ മന്ത്രിമാർക്കുമായില്ല. പ്രസംഗിക്കാൻ ഒരു മിനിറ്റ് മാത്രം കിട്ടിയിരുന്നവർക്ക് ഏതാനും വാചകം മാത്രമേ പറയാനാകുമായിരുന്നുള്ളൂ. ഇതിനെ മറികടക്കാൻ ഒരുപാട് കാര്യങ്ങൾ നീണ്ട ഒറ്റ വാചകത്തിൽ പ്രസംഗിക്കുകയാണ് ലോനപ്പൻ നമ്പാടനെപ്പോലെയുള്ളവർ ചെയ്തിരുന്നത്. ഉള്ളടക്ക മികവില്ലാത്തതിന് കക്ഷി നേതാക്കളെപ്പോലും അദ്ദേഹം ശാസിച്ചിരുന്നു.
സ്പീക്കർ എന്ന നിലയിൽ വക്കത്തിന്റെ റൂളിങ്ങുകൾ ശ്രദ്ധേയമായിരുന്നു. ആദ്യ ഘട്ടം സ്പീക്കറായിരിക്കെ, ഒരു വാർത്തയുടെ പേരിൽ ദേശാഭിമാനി ലേഖകൻ ആർ.എസ്. ബാബുവിന്റെ നിയമസഭ പാസ് റദ്ദാക്കി. ആകാശവാണി ഒഴികെ മാധ്യമങ്ങൾ സഭ ബഹിഷ്കരിച്ച് പ്രതിഷേധിച്ചു. പാസ് നിഷേധിച്ചതുമായി ബന്ധപ്പെട്ട കേസ് ഹൈകോടതിയിൽ വന്നു. കോടതി നോട്ടീസ് സ്പീക്കർ കൈപ്പറ്റിയില്ല. ലെജിസ്ലേച്ചറും ജുഡീഷ്യറിയും തമ്മിലുള്ള ഭിന്നതായി വളർന്നു. വിഷയം പിന്നീട് സുപ്രീംകോടതിയിലുമെത്തി. രണ്ടാം തവണ സ്പീക്കറായിരുന്നത് ദൃശ്യമാധ്യമങ്ങൾ കൂടി ഉള്ള കാലമായിരുന്നു. സഭാ റിപ്പോർട്ടിങ്ങിന് അദ്ദേഹം കടുത്ത വ്യവസ്ഥകൾ വെച്ചു. സഭാഹാളിനുള്ളിൽ സ്ഥാപിച്ചിരുന്ന ദൂർദർശൻ കാമകൾ പോലും ഗാലറിയിലേക്ക് മാറ്റി. സഭയിൽ സംഘർഷമുണ്ടാകുമ്പോൾ സ്പീക്കറുടെ വേദിയിലേക്ക് കാമറ തിരിക്കണമെന്ന വ്യവസ്ഥ കൊണ്ടുവന്നു. കാമറകൾ അനുവദിച്ച സ്ഥലത്ത് മാത്രമാക്കി പരിമിതപ്പെടുത്തി. പാസിന്റെയടക്കം കാര്യത്തിൽ വക്കത്തിന്റെ കാലത്ത് വന്ന നിയന്ത്രണങ്ങളാണ് സഭ തുടരുന്നത്.
കോൺഗ്രസിലെ ഭിന്നതയുടെ കാലത്ത് സർക്കാറിനെ നിലനിർത്താൻ വക്കം പ്രയോഗിച്ച ഫാക്സ് സന്ദേശം വലിയ രാഷ്ട്രീയ വിവാദമായിരുന്നു. രാജ്യസഭ തെരഞ്ഞെടുപ്പിൽ കെ. കരുണാകരൻ കോടോത്ത് ഗോവിന്ദനെ രംഗത്തിറക്കിയ ഘട്ടത്തിൽ ധനവിനിയോഗ ബിൽ പാസാകുമോ എന്ന ആശങ്ക വന്നിരുന്നു. ഐ ഗ്രൂപ്പിലെ 22 പേർ വിട്ടുനിന്നാൽ സർക്കാർ വീഴും. ഐ ഗ്രൂപ്പിലെ അഞ്ച് എം.എൽ.എമാരെ കോൺഗ്രസിൽ നിന്ന് പുറത്താക്കുന്ന ഫാക്സ് വക്കത്തിന്റെ കൈവശം കിട്ടിയെന്നതിനെച്ചൊല്ലി വലിയ വിവാദം വന്നു. എന്തായാലും സർക്കാർ വീണില്ല. എറണാകുളം ഉപതെരഞ്ഞെടുപ്പിൽ സ്പീക്കർ യു.ഡി.എഫ് സ്ഥാനാർഥിക്ക് വോട്ട് പിടിച്ചെന്നാരോപിച്ച് പ്രതിപക്ഷം അവിശ്വാസ നോട്ടീസ് നൽകിയെങ്കിലും നിയമസഭ സെക്രട്ടേറിയറ്റ് അത് തള്ളി.
ഉമ്മൻ ചാണ്ടി വിദേശത്ത് ചികിത്സയിൽ കഴിഞ്ഞപ്പോൾ മുഖ്യമന്ത്രിയുടെ ചുമതലയും വഹിച്ചു. സാമ്പത്തിക വർഷാരംഭത്തിനുമുമ്പുതന്നെ ബജറ്റ് സമ്പൂർണമായി നിയമസഭയിൽ പാസാക്കി ധനമന്ത്രിയെന്ന നിലയിൽ വക്കം വലിയ മാറ്റം സൃഷ്ടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.