സിദ്ധാർഥന്റെ കൊലയാളികളെ രക്ഷിക്കാന്‍ വി.സിയും സര്‍ക്കാരും ശ്രമിക്കുന്നുവെന്ന് വി.ഡി സതീശൻ

വെഞ്ഞാറമൂട് (തിരുവനന്തപുരം): പൂക്കോട് വെറ്റനറി സര്‍വകലാശാല വിദ്യാർഥി സിദ്ധാർഥന്റെ കൊലപാതകം സംബന്ധിച്ച അന്വേഷണം അട്ടിമറിക്കാൻ വൈസ് ചാന്‍സലര്‍ ശ്രമിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. നിയമോപദേശം പോലും തേടാതെയാണ് വിദ്യാർഥികളുടെ സസ്‌പെന്‍ഷന്‍ വി.സി പിന്‍വലിച്ചത്. പ്രതിപ്പട്ടികയിലുള്ള ഉന്നതരെ രക്ഷിക്കുകയെന്നതാണ് ലക്ഷ്യം. തെളിവുകള്‍ നശിപ്പിക്കാനുള്ള ശ്രമത്തിന് പിന്നില്‍ വന്‍ ഇടപെടലുകളുണ്ടെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ ആരോപിച്ചു.

എസ്.എഫ്.ഐ നേതൃത്വത്തില്‍ ഒരു വിദ്യാർഥിയെ തല്ലിക്കൊന്ന് കെട്ടിത്തൂക്കിയ കേസാണിത്. വിദ്യാർഥി, മഹിളാ യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രതിപക്ഷം നടത്തിയ സമരത്തെ തുടര്‍ന്നാണ് സി.ബി.ഐ അന്വേഷണത്തിന് സര്‍ക്കാര്‍ ഉത്തരവിട്ടത്. തിരഞ്ഞെടുപ്പ് നടക്കുന്ന സാഹചര്യത്തില്‍ സമരങ്ങളെ ഭയന്നാണ് സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിടാന്‍ സര്‍ക്കാര്‍ തയാറായത്. കൊന്ന് കെട്ടിത്തൂക്കിയവര്‍ തന്നെയാണ് അഴിച്ച് ആശുപത്രിയിലേക്ക് കൊണ്ടു പോയത്.

കേസ് കൈമാറുന്നതിനുള്ള നടപടിക്രമങ്ങളുമായി മുന്നോട്ട് പോകാതെ സി.ബി.ഐ വരുന്നതിന് മുന്‍പ് തെളിവുകള്‍ നശിപ്പാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. പ്രതികളെ രക്ഷിക്കാനാണ് സര്‍ക്കാരും സര്‍വകലാശാലയും ശ്രമിക്കുന്നത്. മാധ്യമ വാര്‍ത്തകള്‍ തിരഞ്ഞെടുപ്പിലേക്ക് മാറിയപ്പോള്‍ വീണ്ടും കേസ് അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. കേസ് അട്ടിമറിക്കാനുള്ള ശ്രമത്തെ എന്ത് വിലകൊടുത്തും ചെറുക്കും. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ സിദ്ധാർഥന്റെ കുടുംബത്തിനൊപ്പമാണ് പ്രതിപക്ഷം.

സിദ്ധാർഥന്റെ കൊലപാതകത്തില്‍ നിന്നും എസ്.എഫ്.ഐ ക്രിമിനലുകള്‍ ഒന്നും പഠിച്ചില്ല. കൊയിലാണ്ടിയില്‍ അമല്‍ എന്ന വിദ്യാര്‍ത്ഥിയെ ഇടി വീട്ടില്‍ എത്തിച്ച് മര്‍ദ്ദിച്ചു. തിരുവനന്തപുരത്ത് 51 വയസുകാരനായ നൃത്താധ്യാപകനെ മുറിയില്‍ കൊണ്ടു പോയി തല്ലിച്ചതച്ചു. അധ്യാപകന്‍ പിന്നീട് ആത്മഹത്യ ചെയ്തു. ഇതു സംബന്ധിച്ച അന്വേഷണം എന്തായി? പിണറായി വിജയനാണ് എസ്.എഫ്.ഐ ക്രിമിനലുകള്‍ക്ക് സംരക്ഷണം നല്‍കുന്നത്. ജീവന്‍രക്ഷാ പ്രവര്‍ത്തനമെന്ന് ന്യായീകരിച്ച് തെറ്റുകള്‍ക്ക് കുടപിടിച്ച മുഖ്യമന്ത്രിയെക്കൊണ്ട് മറുപടി പറയിക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.

Tags:    
News Summary - VC and government are trying to save Siddharth's killers, says VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.