ഏക സിവിൽ കോഡ്: ഇ.എം.എസ് തെറ്റായിരുന്നെന്ന് എം.വി. ഗോവിന്ദനും സി.പി.എമ്മും ഇപ്പോള്‍ പറയാന്‍ തയാറുണ്ടോ -വി.ഡി. സതീശൻ

കൊച്ചി: ഏക സിവിൽ കോഡിൽ അവ്യക്തത സി.പി.എമ്മിനെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ പച്ചക്കള്ളമാണ് പറയുന്നത്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നാണ് ഇ.എം.എസ് പറഞ്ഞിട്ടുള്ളത്. ഇ.എം.എസിന്റെ പുസ്തകത്തില്‍ ഏക സിവില്‍ കോഡ് നടപ്പാക്കണമെന്നും അതിനുവേണ്ടി ഇന്ത്യ മുഴുവന്‍ പ്രക്ഷോഭം നടത്താന്‍ ജനാധിപത്യ മഹിള അസോസിയേഷനോട് ആവശ്യപ്പെടുമെന്നും പറഞ്ഞിട്ടുണ്ട്. ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് നിയമസഭയിലും സി.പി.എം അംഗങ്ങള്‍ ആവശ്യപ്പെട്ടതിന്‍റെ രേഖയുണ്ട്. ജനാധിപത്യ മഹിള അസോസിയേഷന്റെ നേതാവായിരുന്ന സുശീല ഗോപാലനും ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന്​ ആവശ്യപ്പെട്ടിട്ടുണ്ട്.

1987ലെ തെരഞ്ഞെടുപ്പില്‍ ഹിന്ദു വര്‍ഗീയ അജണ്ട നടപ്പാക്കാനാണ് ശരീഅത്ത് നിയമം മാറ്റി ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന് സി.പി.എം ആവശ്യപ്പെട്ടത്. ഇ.എം.എസ് തെറ്റായിരുന്നെന്ന് എം.വി. ഗോവിന്ദനും സി.പി.എമ്മും ഇപ്പോള്‍ പറയാന്‍ തയാറുണ്ടോ. ഏക സിവിൽ കോഡ് നടപ്പാക്കണമെന്ന് പറയുന്ന സി.പി.എമ്മിന്റെ നയരേഖ തള്ളിപ്പറയാന്‍ തയാറാകുമോ. ഏക സിവില്‍ കോഡിനെതിരായ പ്രക്ഷോഭത്തിന് ലീഗും സമസ്തയുമൊക്കെ വരണമെന്നാണ് സി.പി.എം ഇപ്പോള്‍ ആവശ്യപ്പെടുന്നത്. അറയ്ക്കല്‍ ബീവിയെ കെട്ടാന്‍ അരസമ്മതമെന്ന് പറയുന്നത് പോലെയാണ് സി.പി.എം ലീഗിന് പിന്നാലെ നടക്കുന്നത്. യു.ഡി.എഫ് സുശക്തമാണ്. ഉത്തരത്തില്‍ ഇരിക്കുന്നത് എടുക്കാന്‍ നോക്കുമ്പോള്‍ കക്ഷത്തില്‍ ഇരിക്കുന്നത് പോകാതെ നോക്കണമെന്ന മുന്നറിയിപ്പ് മാത്രമാണ് സി.പി.എമ്മിന് നല്‍കാനുള്ളത്.

സി.പി.എമ്മുമായി ചേര്‍ന്ന് ഒരു പരിപാടിയും നടത്തില്ല. അഴിമതിക്കാരെയും കൊള്ളക്കാരെയും ഒപ്പമിരുത്തി എങ്ങനെ പരിപാടി നടത്തും. സ്വയം വ്യക്തതയില്ലാത്തതു കൊണ്ടാണ് എം.വി. ഗോവിന്ദന്‍ കോണ്‍ഗ്രസിന് വ്യക്തതയില്ലെന്ന് പറയുന്നത്. ദേശീയതലത്തിലും സംസ്ഥാനതലത്തിലും കോണ്‍ഗ്രസ് അഭിപ്രായം പറഞ്ഞിട്ടുണ്ട്. കെ.പി.സി.സി പാസാക്കിയ പ്രമേയത്തിലും അവ്യക്തതയില്ല. എല്ലാക്കാലത്തും ഏക സിവില്‍ കോഡിന് എതിരായ നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചിട്ടുള്ളതെന്നും സതീശൻ മാധ്യമങ്ങളോട് പറഞ്ഞു.

Tags:    
News Summary - VD Satheesan against CPIM on Uniform Civil Code

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.