മലപ്പുറം: സാമുദായങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിക്കുന്ന പാലാ ബിഷപ്പിന്‍റെ വിവാദ പ്രസ്താവനയുടെ പശ്ചാത്തലത്തിൽ രംഗം കൂടുതൽ വഷളാവാതെ നോക്കേണ്ട സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എംഎൽ.എ. സി.പി.എമ്മിന് ഇതിനകത്ത് ഒരു നിഗൂഡ അജണ്ട ഉണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറിയുടെ പ്രതികരണമെന്നും അദ്ദേഹം മലപ്പുറത്ത് മാധ്യമങ്ങളോട് വ്യക്തമാക്കി.
ഫെയ്ക്ക് ഐ.ഡികൾ സമൂഹമാധ്യമങ്ങളിലൂടെ വ്യാപകമായി രണ്ട് സമുദായങ്ങളെ തമ്മിലടിപ്പിക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. ഒരു സംഘപരിവാർ അജണ്ട ഇതിനുപിന്നിലുണ്ട്. സമുദായങ്ങൾ തമ്മിൽ അടിച്ചോട്ടെ എന്ന മട്ടിൽ സർക്കാർ നോക്കുകുത്തിയായി നിൽക്കുകയാണ്. ഇത് ശരിയല്ല. സി.പി.എമ്മിന് ഇക്കാര്യത്തിൽ ഒരു നയവുമില്ല. ഇതിനകത്ത് ഒരു നിഗൂഡ അജണ്ട അവർക്കുണ്ടോ എന്ന് സംശയിക്കുന്ന തരത്തിലാണ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി ഇതിനോട് പ്രതികരിക്കുന്നത്.
ഞങ്ങൾ ഇതിനകത്ത് കക്ഷി ചേരുന്നില്ല. രണ്ടുസമുദായങ്ങൾ തമ്മിൽ പ്രശ്നമുണ്ടാകുേമ്പാൾ ഇരുകൂട്ടരോടും സംയമനം പാലിക്കാനാണ് ഞങ്ങൾ ആവശ്യപ്പെടുന്നത്. ഒരുതരത്തിലും ആ സംഘർഷം വലുതാവാതിരിക്കാനുള്ള ശ്രമമാണ് ഞങ്ങൾ നടത്തുന്നത്- സതീശൻ വ്യക്തമാക്കി.
മുസ്ലിം -ക്രിസ്ത്യൻ സമുദായങ്ങളെ തമിലടിപ്പിക്കാനുള്ള സംഘ പരിവാർ അജണ്ടയിൽ കേരളം വീണു പോവരുതെന്നും പരസ്പരം പാലൂട്ടി വളർത്തുന്ന ശത്രുക്കളാണ് തീവ്രവാദവും ഭീകരവാദവും പ്രോത്സാഹിപ്പിക്കുന്നതെന്നും കഴിഞ്ഞദിവസം സതീശൻ അഭിപ്രായപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.