100 കോടി നിക്ഷേപ ആരോപണം: ഇ.പി ജയരാജന് എങ്ങനെ എൽ.ഡി.എഫ് കൺവീനറായി തുടരാനാവുമെന്ന് വി.ഡി സതീശൻ

പട്ടിണി കിടക്കുന്നവൻ ക്രിക്കറ്റ് കളി കാണാൻ വരേണ്ടെന്ന് മന്ത്രി പറയുന്ന നാടായി കേരളം മാറി

തിരുവനന്തപുരം: അവിഹിത സ്വത്ത് സമ്പാദന ആരോപണത്തിന്‍റെ പശ്ചാത്തലത്തിൽ ഇ.പി ജയരാജന് എങ്ങനെ എൽ.ഡി.എഫ് കൺവീനറായി തുടരാൻ സാധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ഇ.പി ജയരാജനെതിരായ ആരോപണത്തിൽ അന്വേഷണം ആവശ്യപ്പെട്ട് സെക്രട്ടറിയേറ്റിന് മുമ്പിൽ യു.ഡി.എഫ് സംഘടിപ്പിച്ച പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

100 കോടിയുടെ നിക്ഷേപമാണ് റിസോർട്ടിലുള്ളത്. കൂടാതെ, ക്വാറി, റിസോർട്ട് മാഫിയകളെല്ലാം നിക്ഷേപകരാണ്. പാർട്ടിയിൽ ഉയർന്ന ആരോപണം പറഞ്ഞ് തീർക്കേണ്ടതാണോ എന്ന് സതീശൻ ചോദിച്ചു. സി.പി.എം തന്നെ വിജിലൻസും പൊലീസുമായി ആരോപണം തീർപ്പാക്കിയെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

ലീഗ് നേതാവ് കെ.എം ഷാജിയുടെ വീടിന്‍റെ അളവ് പരിശോധിക്കാൻ വിജിലൻസ് മൂന്നു തവണയാണ് പോയത്. പൊലീസിനെ ഭരണകൂടത്തിന്‍റെ ഉപകരണമാക്കുകയാണ് പിണറായി സർക്കാർ ചെയ്തത്. നരേന്ദ്ര മോദി കേന്ദ്രത്തിൽ ചെയ്യുന്നത് പിണറായി കേരളത്തിൽ ചെയ്യുന്നു. സജി ചെറിയാൻ രാജിവെച്ചപ്പോഴുണ്ടായ സാഹചര്യത്തിൽ എന്ത് മാറ്റമുണ്ടായിട്ടാണ് അദ്ദേഹത്തെ വീണ്ടും മന്ത്രിയാക്കിയതെന്നും വി.ഡി സതീശൻ ചൂണ്ടിക്കാട്ടി.

കേരളത്തിലെ കമ്യൂണിസ്റ്റ് പാർട്ടി ജീർണിച്ചു. പട്ടിണി കിടക്കുന്നവൻ ക്രിക്കറ്റ് കളി കാണാൻ വരേണ്ടെന്ന് മന്ത്രി പറയുന്ന നാടായി കേരളം മാറി. പശ്ചിമ ബംഗാളിലെ സി.പി.എമ്മിനുണ്ടായ ഗതി കേരളത്തിലുണ്ടാവും. സമരത്തോട് സി.പി.എമ്മിന് ഇപ്പോൾ പുച്ഛമാണ്. അഹങ്കാരവും ധാർഷ്ട്യവുമാണ് കേരളത്തിലെ പാർട്ടിയിൽ കാണുന്നത്.

കശ്മീരി സ്വീറ്റ്സിൽ ഗവർണർ-മുഖ്യമന്ത്രി പോര് ഒത്തുതീർന്നു. ഗവർണർ -സർക്കാർ പോര് പ്രഹസനമാണ്. ഒന്നാം പിണറായി സർക്കാറിന്‍റെ അഴിമതി സ്മാരകമാണ് റിസോർട്ടെന്നും സമരവുമായി യു.ഡി.എഫ് മുന്നോട്ടുപോകുമെന്നും വി.ഡി. സതീശൻ വ്യക്തമാക്കി.

Tags:    
News Summary - VD Satheesan attack EP Jayarajan in Illegal Wealth controversy

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.