‘കേരള മുഖ്യമന്ത്രിയുടെ കൂടെ ഇരിക്കാൻ 82 ലക്ഷം നല്‍കണമോ?’; കേട്ടുകേൾവിയില്ലാത്ത നടപടിയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: അമേരിക്കയിൽ നടത്തുന്ന ലോക കേരള സഭ സമ്മേളനത്തിന് വേണ്ടിയുള്ള പണപ്പിരിവിനെതിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മുഖ്യമന്ത്രിക്കൊപ്പം ഇരിക്കാൻ പണം പിരിക്കുന്നത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു ലക്ഷം ഡോളർ കൊടുത്ത് കൂടെ ഇരിക്കാൻ വരുന്നവരുടെ പരിപാടിയിൽ മുഖ്യമന്ത്രി പങ്കെടുക്കരുതെന്നും സതീശൻ ആവശ്യപ്പെട്ടു.

കേരളത്തിന് മുഴുവൻ നാണക്കേട് ഉണ്ടാക്കിയ സംഭവമാണ് അമേരിക്കയിൽ നടക്കുന്നത്. ആരൊക്കെയോ അനധികൃതമായി പിരിവ് നടത്തുകയാണ്. കേരള മുഖ്യമന്ത്രിയുടെ കൂടെ ഇരിക്കാൻ 82 ലക്ഷം രൂപ കൊടുക്കണം. ഒരു ലക്ഷം ഡോളർ, 50,000 ഡോളർ, 25,000 ഡോളർ ഇങ്ങനെ പ്രവാസികളെ മുഴുവൻ പണത്തിന്‍റെ അടിസ്ഥാനത്തിൽ തരം തിരിക്കുകയാണ്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം എന്താണെന്ന് കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രി ലോകത്തിന് കാണിച്ചു കൊടുക്കുന്ന പരിപാടിയാണിതെന്നും സതീശൻ പരിഹസിച്ചു.

ഒരു ലക്ഷം ഡോളർ കൊടുക്കാനുള്ളവർ മാത്രം തന്‍റെ കൂടെ ഇരുന്നാൽ മതി, അല്ലാത്തവൻ ഗേറ്റിന് പുറത്ത് നിന്നാൽ മതിയെന്നാണ് ഇതിന്‍റെ സന്ദേശം. അപമാനകരമായ നടപടിയാണ്. അനധികൃത പിരിവിന് ആരാണ് അനുമതി നൽകുന്നത്. ഇക്കാര്യങ്ങൾ അന്വേഷിക്കാൻ സർക്കാറിൽ ആരുമില്ലേ. കേരളത്തിന്‍റെ പേരിൽ നടക്കുന്ന അനധികൃത പിരിവിനെ കുറിച്ച് അന്വേഷിക്കുകയും അത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുകയും വേണമെന്നും സതീശൻ ആവശ്യപ്പെട്ടു.

പണമുള്ളവനെ മാത്രം വിളിച്ചിരുത്തുന്ന ഈ പരിപാടി കേരളത്തിനും കമ്യൂണിസ്റ്റുകാരനായ മുഖ്യമന്ത്രിക്കും ചേർന്നതല്ല. കേരളത്തിന് ഒരിക്കലും വെച്ചുപൊറുപ്പിക്കാൻ പറ്റുന്ന രീതിയല്ലെന്നും പ്രതിപക്ഷ നേതാവ് സതീശൻ വ്യക്തമാക്കി.

Tags:    
News Summary - vd satheesan criticize Loka Kerala Sabha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.