കോഴിക്കോട്: പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സ്വന്തം വീട്ടിലെ കാര്യം സംസാരിക്കുന്നത് പോലെയാണ് സി.പി.എം കൈകാര്യം ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പൊതുജനങ്ങളില്‍ നിന്നും പിരിച്ചെടുത്തെ പണമാണ് സി.പി.എമ്മുകാര്‍ തട്ടിയെടുത്തത്. പരാതി നല്‍കിയ ആളെയാണ് സി.പി.എം ശിക്ഷിച്ചത്. കുറ്റം ചെയ്തയാള്‍ ഇപ്പോഴും ജനപ്രതിനിധിയായി നടക്കുകയാണ്. തട്ടിപ്പ് പാര്‍ട്ടി അന്വേഷിച്ചാല്‍ പോരെന്നും പൊലീസ് അന്വേഷിക്കണമെന്നും വി.ഡി. സതീശൻ പറഞ്ഞു.
സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷിനെ സ്വാധീനിക്കാനായി മുഖ്യമന്ത്രിയുടെ ഓഫിസിന്റെ അനുമതിയോട് കൂടിയാണ് പഴയകാല മാധ്യമ പ്രവര്‍ത്തകനെ ഉപകരണമാക്കി രണ്ട് എ.ഡി.ജി.പിമാര്‍ ഇടനിലക്കാരായത്. മുഖ്യമന്ത്രിക്ക് എതിരായ മൊഴി പിന്‍വലിപ്പിക്കാനും പണം കൊടുത്ത് സ്വാധീനിക്കാനുമായിരുന്നു ശ്രമം. അതിനൊന്നും വഴങ്ങില്ലെന്ന് കണ്ടപ്പോള്‍ അറസ്റ്റ് ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി പിന്‍മാറ്റിക്കാന്‍ ശ്രമിച്ചു. മൊഴിക്കെതിരെ നിയമപരമായ മാര്‍ഗങ്ങളൊന്നും തേടാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല.
കേരളത്തില്‍ കലാപാഹ്വാനം നല്‍കി ഈ വിഷയത്തില്‍ നിന്നും ശ്രദ്ധ തിരിച്ച് വിടാനാണ് സി.പി.എം ശ്രമിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും തമ്മിലുണ്ടാക്കിയ ഒത്തുതീര്‍പ്പിന്റെ ഭാഗമായാണ് തെരഞ്ഞെടുപ്പിന് മുന്‍പ് അന്വേഷണം അട്ടിമറിക്കപ്പെട്ടത്. സ്വപ്ന ഇപ്പോള്‍ ബി.ജെ.പിയുടെ ഉപകരണമാണെന്നാണ് സി.പി.എം പറയുന്നത്. നേരത്തെ ഇവരെ കൊണ്ടു നടന്നത് ആരായിരുന്നു? ഒരു യോഗ്യതയും ഇല്ലാതിരുന്നിട്ടും ലക്ഷക്കണക്കിന് രൂപ ശമ്പളം കിട്ടുന്ന ജോലിയില്‍ നിയമിച്ചത് ഐ.ടി വകുപ്പിന്റെ ചുമതലയുണ്ടായിരുന്ന മുഖ്യമന്ത്രിയുടെ അറിവോടെയാണ്. ശിവശങ്കര്‍ ഇപ്പോഴും സര്‍ക്കാരിന്റെ വിശ്വസ്തനായി ഒപ്പമുണ്ട്. മറ്റൊരു പ്രതിക്ക് ബി.ജെ.പിയുമായി ബന്ധമുണ്ടെന്ന് ഇപ്പോള്‍ പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? വെളിപ്പെടുത്തല്‍ നടത്താതിരിക്കാനാണ് ശിവശങ്കറിനെ സെറ്റില്‍ ചെയ്തത്. സ്വപ്‌നയുടെ മൊഴി സംബന്ധിച്ച് ഹൈകോടതിയുടെ നിരീക്ഷണത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കണമെന്നാണ് യു.ഡി.എഫ് ആവശ്യപ്പെടുന്നതെന്നും വി.ഡി. സതീശൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.