ഏകാധിപതികൾക്ക് എല്ലാം ഭയമാണ്; ചാനലിനെതിരെ നടന്നത് ആസൂത്രിത ഗൂഢാലോചനയെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: ഏഷ്യാനെറ്റിനെതിരായ നീക്കത്തിന് പിന്നിൽ ആസൂത്രിത ഗൂഢാലോചനയുണ്ടെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. ചാനലിന്‍റേത് വ്യാജ വാർത്തയാണ് എന്ന പ്രചാരണം ശരിയല്ല. ചാനലിനെതിരെ കിട്ടിയ അവസരം ഉപയോഗിക്കുകയാണെന്നും വി.ഡി സതീശൻ ആരോപിച്ചു.

ചാനലിനെതിരെ നടപടി ഉണ്ടാകുമെന്ന് ചൂണ്ടിക്കാട്ടി പി.വി അൻവർ ഫെബ്രുവരി 25ന് ഫേസ്ബുക്ക് പോസ്റ്റിട്ടു. മാർച്ച് മൂന്നിന് നിയമസഭയിൽ ചോദ്യം വരും മുമ്പ് അൻവറിന്‍റെ ചോദ്യത്തിന്‍റെ സ്ക്രീൻ ഷോട്ട് ഫെബ്രുവരി അവസാനം സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചെന്നും സതീശൻ വ്യക്തമാക്കി.

ഏകാധിപതികൾക്ക് എല്ലാം ഭയമാണെന്ന് പ്രതിപക്ഷ നേതാവ് ആരോപിച്ചു. മുഖ്യമന്ത്രിക്ക് പ്രതിപക്ഷത്തെയും ചോദ്യങ്ങളെയും പേടിയാണ്. ലഹരിക്കെതിരായ വാർത്താ പരമ്പരയെ എക്സൈസ് മന്ത്രി സ്വാഗതം ചെയ്തതാണെന്നും വി.ഡി സതീശൻ വ്യക്തമാക്കി.

ഏഷ്യാനെറ്റ് കൊച്ചി റീജിനൽ ഓഫിസിൽ എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കയറിയ സംഭവം സഭാ നടപടികൾ നിർത്തിവെച്ച് ചർച്ച ചെയ്യണമെന്ന് ചൂണ്ടിക്കാട്ടിയാണ് പി.സി വിഷ്ണുനാഥ് അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയത്. ഏഷ്യാനെറ്റ് ഓഫിസിൽ 30തോളം വരുന്ന എസ്.എഫ്.ഐ പ്രവർത്തകർ അതിക്രമിച്ച് കയറുകയും ജീവനക്കാരെ ഭീഷണിപ്പെടുത്തുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തെന്നാണ് വിഷ്ണുനാഥ് നേട്ടീസ് ചൂണ്ടിക്കാട്ടിയത്.

ലഹരി മാഫിയക്കെതിരായ വാർത്തയിൽ എസ്.എഫ്.ഐ പ്രവർത്തകർ എന്തിനാണ് പ്രകോപിതരാകുന്നത്. ലഹരി മാഫിയക്കെതിരായ വാർത്ത എങ്ങനെ സംസ്ഥാന സർക്കാറിന് എതിരാകും. എസ്.എഫ്.ഐക്ക് സെൻസർഷിപ്പ് ചുമതല ആരാണ് നൽകിയത്. എസ്.എഫ്.ഐ നേതാക്കളുടെ നേതൃത്വത്തിലാണ് ഏഷ്യാനെറ്റ് കൊച്ചി ഓഫിസിൽ അതിക്രമം നടത്തിയതെന്നും വിഷ്ണുനാഥ് ആരോപിച്ചു.


ബി.സി.സി റെയ്ഡിൽ മുഖ്യമന്ത്രി കാണിച്ച ആശങ്കയാണ് ഏഷ്യാനെറ്റ് റെയ്ഡിൽ പ്രതിപക്ഷം കാണിക്കുന്നതെന്ന് വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി. മോദി ഭരണകൂടവും പിണറായിയുടെ ഭരണകൂടവും തമ്മിൽ യാതൊരു വ്യത്യാസവുമില്ല. ശസ്ത്രക്രിയ കഴിഞ്ഞ് ആശുപത്രിയിൽ വിശ്രമിക്കുന്ന ഏഷ്യാനെറ്റ് എക്സിക്യുട്ടീവ് എഡിറ്റർ സിന്ധു സൂര്യകുമാറിനോട് ഇന്ന് കോഴിക്കോട് ഹാജരാകാൻ പൊലീസ് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇന്നലെ രാത്രി വാട്ട്സ്ആപ്പിലൂടെയാണ് ഇക്കാര്യം അറിയിച്ചതെന്നും വിഷ്ണുനാഥ് പറഞ്ഞു.

ഒരു മാധ്യമ സ്ഥാപനത്തിന്‍റെ പ്രവർത്തനത്തിൽ പരാതിയുണ്ടെങ്കിൽ അക്കാര്യം പരിശോധിക്കാൻ വ്യവസ്ഥാപിതമായ മാർഗങ്ങളുണ്ട്. ഇപ്പോൾ ആ ചുമതല എസ്.എഫ്.ഐക്കാർക്കാണ് നൽകിയത്. എസ്.എഫ്.ഐക്ക് സെൻസർഷിപ്പിന്‍റെ ചുമതല നൽകിയിട്ടുണ്ടോ?. എസ്.എഫ്.ഐ ഗൂണ്ടാപ്പടയല്ലേ രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫിസ് തകർത്തത്?. എസ്.എഫ്.ഐ ഗുണ്ടായിസം കാണിച്ചാൽ എത്ര ഭീഷണി ഉണ്ടായാലും ഗുണ്ടായിസം കാണിച്ചെന്ന് പറയുമെന്നും വിഷ്ണുനാഥ് വ്യക്തമാക്കി.

മാധ്യമ സ്ഥാപനത്തിൽ റെയ്ഡ് നടത്തിയ ശേഷം പുരപ്പുറത്ത് കയറി ആവിഷ്കാര സ്വാതന്ത്ര്യത്തെ കുറിച്ച് സർക്കാർ യജ്ഞം നടത്തുന്നു. ഏഷ്യാനെറ്റിന് നേരെയുള്ള അതിക്രമം കേരളത്തിലെ മാധ്യമങ്ങൾക്ക് നേരെയുള്ള മുന്നറിയിപ്പാണ്. സർക്കാറിനെതിരെ വാർത്തകൾ കൊടുക്കരുതെന്നും ജനങ്ങൾക്ക് വേണ്ടി ശബ്ദിക്കരുതെന്നുമുള്ള മുന്നറിയിപ്പാണിതെന്നും വിഷ്ണുനാഥ് ചൂണ്ടിക്കാട്ടി.

Tags:    
News Summary - VD Satheesan react to Asianet office attack issues in kerala assembly

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.