കൽപറ്റ: പടിഞ്ഞാറത്തറ ബപ്പനം മലയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട മാവോവാദി നേതാവ് തമിഴ്നാട് സ്വദേശി വേൽമുരുകെൻറ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്. ശരീരത്തിൽ കഴുത്തിനു താഴെയും അരക്കു മുകളിലുമായി 44 വെടിയുണ്ടകളേറ്റ മുറിവുകളുണ്ട്. ഇതിൽ നെഞ്ചിലും അടിവയറ്റിലും ഏറ്റ വെടിയുണ്ടകളാണ് മരണത്തിന് കാരണമായത്. മുൻ ഭാഗത്തും പിന്നിലും വശങ്ങളിലും വെടിയുണ്ട തുളഞ്ഞ് കയറി. കൂടാതെ, രണ്ടു തുടയെല്ലുകൾ പൊട്ടിയിട്ടുണ്ടെന്നും ഇത് മരണശേഷമാണെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ട് പറയുന്നു. 2020 നവംബർ മൂന്നിന് പുലർച്ചെയാണ് വേൽമുരുകൻ വെടിയേറ്റ് കൊല്ലപ്പെടുന്നത്.
ഏറ്റുമുട്ടലിനിടെ വേൽമുരുകൻ കൊല്ലപ്പെട്ടെന്നാണ് പൊലീസ് വാദം. അതേസമയം, ഏകപക്ഷീയ ആക്രമണമാണ് നടന്നതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിലൂടെ വ്യക്തമായതായി മനുഷ്യാവകാശ പ്രവർത്തകർ ചൂണ്ടിക്കാട്ടി. തണ്ടർബോൾട്ട് നടത്തിയത് ക്രൂരവും നിയമവിരുദ്ധവുമായ വളഞ്ഞിട്ടാക്രമണമാണ്. വേൽമുരുകൻ മരിച്ച സമയം പോസ്റ്റ്മോർട്ടം ചെയ്തവർക്ക് പറയാൻ കഴിഞ്ഞിട്ടില്ല. എപ്പോഴാണ് വെടിവെപ്പ് ഉണ്ടായത് എന്ന കാര്യത്തിലുള്ള സംശയത്തെ ഇതു ബലപ്പെടുത്തുന്നു. മാധ്യമങ്ങളെപോലും കാണിക്കാതെ മൃതദേഹം നീക്കം ചെയ്തതും ആരെയും സംഭവ സ്ഥലത്തേക്ക് കടത്തിവിടാതിരുന്നതും ഇതിെൻറ ഭാഗമാണ്. മരണശേഷവും മൃതദേഹത്തോട് അക്രമവും ക്രൂരതയും കാട്ടി. ഇതിന് തെളിവാണ് തുടയെല്ലുകൾ പൊട്ടിയത് മരണശേഷമാണെന്ന റിപ്പോർട്ടിലെ പരാമർശം. കഴിച്ച ഭക്ഷണം ദഹിച്ചിരുന്നില്ല. ജുഡീഷ്യൽ മജിസ്ട്രേറ്റിനെ കൊണ്ട് എൻക്വയറി നടത്തിച്ചത് സുപ്രീംകോടതി വിധിയുടെ ലംഘനമാണ്.
വെടിവെപ്പിലേക്കു നയിച്ച സാഹചര്യം എന്താണ് എന്ന് അന്വേഷിച്ചില്ലെന്നും ജനകീയ മനുഷ്യാവകാശ പ്രസ്ഥാനം സെക്രട്ടറി സി.പി. റഷീദ് ആരോപിച്ചു. മനുഷ്യാവകാശ പ്രവര്‍ത്തകരുടെ നീണ്ട നാളത്തെ നിയമനടപടിക്ക് ശേഷം ബുധനാഴ്ചയാണ് കല്പറ്റ സി.ജെ.എം കോടതി പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കുടുംബത്തിന് കൈമാറിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.