തിരുവനന്തപുരം: കൈക്കൂലിക്കേസിൽ കുടുങ്ങിയ വിജിലൻസ് ഡിവൈ.എസ്.പി വേലായുധൻ നായർ, വീട്ടിൽ റെയ്ഡ് നടക്കുന്നതിനിടെ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് മുങ്ങി. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. അടുത്തിടെ കൈക്കൂലി കേസില്‍ അറസ്റ്റിലായ തിരുവല്ല മുനിസിപ്പാലിറ്റി മുന്‍ സെക്രട്ടറി എസ്. നാരായണനില്‍ നിന്ന് വേലായുധന്‍ നായര്‍ 50,000 രൂപ കൈക്കൂലി വാങ്ങിയതായി കണ്ടെത്തിയിരുന്നു. ഈ കേസിൽ കൂടുതല്‍ തെളിവ് തേടി വേലായുധന്‍ നായരുടെ കഴക്കൂട്ടത്തെ വീട്ടില്‍ വിജിലൻസ് റെയ്ഡ് നടത്തുന്നതിനിടെയാണ് ഇയാൾ മുങ്ങിയത്.
വിജിലൻസ് തിരുവനന്തപുരം സ്പെഷ്യല്‍ സെല്‍ യൂണിറ്റ്-രണ്ട് എസ്.പി.യുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥരാണ് വേലായുധന്‍ നായരുടെ വീട്ടില്‍ പരിശോധനക്കെത്തിയത്. റെയ്ഡ് അവസാനഘട്ടത്തിലേക്ക് എത്തുന്നതിനിടെ, മഹസറില്‍ ഒപ്പുവച്ചശേഷമാണ് ഡിവൈ.എസ്.പി വേലായുധന്‍ നായര്‍ വീടിന്റെ പിന്‍വശത്തുകൂടി മുങ്ങിയതെന്ന് റെയ്ഡിനെത്തിയ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പറയുന്നു.
വ്യാഴാഴ്ച രാവിലെവരെ തിരച്ചില്‍ നടത്തിയെങ്കിലും ഒരു വിവരവും ലഭിച്ചില്ല. ഇതേത്തുടര്‍ന്ന് വിജിലന്‍സ് എസ്.പി കഴക്കൂട്ടം പൊലീസ് സ്‌റ്റേഷനില്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ബുധനാഴ്ച ഉച്ചയോടെ തുടങ്ങിയെ റെയ്ഡ് രാത്രി ഒന്‍പതോടെയാണ് അവസാനിച്ചത്. റെയ്ഡിനിടെ വേലായുധന്‍ നായരുടെ മൊബൈല്‍ ഫോണ്‍ പിടിച്ചെടുത്തിരുന്നു. സുപ്രധാന വിവരങ്ങള്‍ വിജിലന്‍സിന് ലഭിച്ചെന്നാണ് സൂചന.
തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറി എസ്. നാരായണനെ കൈക്കൂലി വാങ്ങുന്നതിനിടെ അടുത്തിടെ വിജിലന്‍സ് പിടികൂടിയിരുന്നു. ഇയാളുമായി തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ സെല്‍ ഡിവൈ.എസ്.പി.യായ പി. വേലായുധന്‍ നായര്‍ സാമ്പത്തിക ഇടപാട് നടത്തിയതായി തെളിവ് ലഭിച്ചതിനെത്തുടര്‍ന്നാണ് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഡിവൈ.എസ്.പിയുടെ മകന്റെ അക്കൗണ്ടിലേക്ക് നാരായണൻ പണം കൈമാറിയത് സംബന്ധിച്ച തെളിവുകൾ ലഭിച്ചതായാണ് വിവരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.