സ്കൂൾ ഏറ്റെടുക്കാൻ പിരിവ്: കെ. സുധാകരനെ വിജിലൻസ് ചോദ്യംചെയ്തു

കോഴിക്കോട്: കണ്ണൂ​രിൽ സ്കൂൾ ഏറ്റെടുക്കാൻ പിരിവ് നടത്തി പണം തട്ടിയെന്ന പരാതിയിൽ കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരൻ എം.പിയെ വിജിലൻസ് ചോദ്യംചെയ്തു. കോഴിക്കോട് വിജിലൻസ് ഓഫിസിൽ രാവിലെ 10.30ന് തുടങ്ങിയ ചോദ്യംചെയ്യൽ വൈകുന്നേരം അഞ്ചുവരെ നീണ്ടു. അഭിഭാഷകനൊപ്പമെത്തിയാണ് സുധാകരൻ മൊഴി നൽകിയത്.

സുധാകരന്റെ മുൻ ഡ്രൈവർ പ്രശാന്ത് ബാബു 2021ൽ നൽകിയ പരാതിയിൽ കോഴിക്കോട് വിജിലൻസ് സ്​പെഷൽ സെൽ സൂപ്രണ്ട് കെ.പി. അബ്ദുൽ റസാഖാണ് അന്വേഷണം നടത്തുന്നത്. കെ. കരുണാകരൻ ചാരിറ്റബ്ൾ ട്രസ്റ്റ് രൂപവത്കരിച്ച് ചിറക്കൽ രാജാസ് സ്കൂൾ ഏറ്റെടുക്കാൻ തീരുമാനിക്കുകയും വിവിധ ആളുകളിൽനിന്ന് കോടിക്കണക്കിന് രൂപ പിരിച്ചെടുക്കുകയും ചെയ്തെന്നാണ് പരാതി. പിന്നീട് സ്കൂൾ ഏറ്റെടുത്തില്ലെന്നും പിരിച്ച പണം ബന്ധപ്പെട്ടവർക്ക് തിരിച്ചുനൽകിയില്ലെന്നും പരാതിയിലുണ്ട്. വരവിൽ കവിഞ്ഞ് കോടിക്കണക്കിന് രൂപയുടെ അനധികൃത സമ്പാദ്യം സുധാകരനുണ്ടാക്കിയെന്നും പരാതിയിൽ ഉന്നയിക്കുന്നു.

എന്നാൽ, ബാങ്ക് മുഖേന പണം കൊടുത്തുതീർത്തതായി സുധാകരൻ വിജിലൻസിന് മൊഴി നൽകി. ഇത് കാണിക്കുന്ന രേഖകളും കൈമാറി. സുധാകരന്റെ ഉടമസ്ഥതയിലുള്ള വീട്, ഭൂമി ഉൾപ്പെടെ സ്വത്തുവിവരങ്ങൾ, എം.പി എന്ന നിലയിലടക്കം ലഭിക്കുന്ന വരുമാനം എന്നിവയെല്ലാം വിജിലൻസ് ശേഖരിച്ചിട്ടുണ്ട്.

അതേസമയം, വിജിലൻസിന്റെ ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയിട്ടുണ്ടെന്ന് കെ. സുധാകരൻ ചോദ്യംചെയ്യലിനു ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സ്കൂൾ തുടങ്ങാൻ കഴിഞ്ഞിരുന്നില്ല. പണം നൽകിയ ആർക്കും പരാതിയില്ല. പിരിച്ച പണമൊക്കെ തിരിച്ചു നൽകിയിട്ടുണ്ട്. എല്ലാ കണക്കും വിജിലൻസിന് കൈമാറി. ജീവിതത്തിൽ അഴിമതി നടത്തിയിട്ടില്ല. കൈക്കൂലി വാങ്ങിയിട്ടില്ല. ആരെയും ഭയമില്ല, ആ​രുടെ മുന്നിൽ പോകാനും ഏത് തെളിവ് കൊടുക്കാനും ചങ്കൂറ്റമുണ്ട്. സി.പി.എമ്മിന്‍റെ രാഷ്ട്രീയ ചട്ടുകമായ പരാതിക്കാരന്റെ നടപടി തനിക്ക് നിരപരാധിത്വം തെളിയിച്ച് അഗ്നിശുദ്ധി വരുത്താൻ അവസരമാക്കുമെന്നും സുധാക​രൻ പറഞ്ഞു.

Tags:    
News Summary - Vigilance questioned K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.