തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭ പിൻവാതിൽ നിയമനത്തിലും മേയര്‍ ആര്യ രാജേന്ദ്രന്റെയും സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിലിന്റെയും പേരിലുള്ള വിവാദ കത്തുകളിലും വിജിലൻസും പ്രാഥമികാന്വേഷണം ആരംഭിച്ചു. സ്പെഷൽ ഇൻവെസ്റ്റിഗേഷൻ യൂനിറ്റ് -ഒന്ന് എസ്.പി കെ.ഇ. ബൈജുവിനാണ് അന്വേഷണ ചുമതല.
ക്രൈംബ്രാഞ്ച് പ്രാഥമിക പരിശോധന തുടരുന്നതിനിടെയാണ് വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോയും പ്രാഥമികാന്വേഷണത്തിലേക്ക് നീങ്ങുന്നത്. തിരുവനന്തപുരം കോർപറേഷനിൽ പിൻവാതിൽ നിയമനങ്ങൾ വ്യാപകമാണെന്നതുൾപ്പെടെ നാല് പരാതിയാണ് വിജിലൻസിന് ലഭിച്ചത്. പിൻവാതിൽ നിയമന പരാതിയിലും കത്തിന്റെ വിശ്വാസ്യത ഉൾപ്പെടെ കാര്യങ്ങളിലുമാണ് പ്രാഥമിക പരിശോധന.
കഴമ്പുണ്ടെന്ന് കണ്ടെത്തിയാൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണത്തിന് ശിപാർശചെയ്യും. എന്നാൽ വിജിലൻസ് അന്വേഷണം കണ്ണിൽ പൊടിയിടാനാണെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. കത്ത് വിവാദത്തിൽ സി.പി.എം ജില്ല നേതൃത്വം അന്വേഷണം നടത്തുമെന്ന് പ്രഖ്യാപിച്ചെങ്കിലും എങ്ങും എത്തിയിട്ടില്ല. ക്രൈംബ്രാഞ്ചിന് സി.പി.എം നേതാക്കളുടെ മൊഴിയെടുക്കാൻപോലും സാധിക്കാത്ത സാഹചര്യമുണ്ട്.
വിജിലൻസ് അന്വേഷണവും സമാനരീതിയിലാകുമെന്നാണ് ആക്ഷേപം. കോർപറേഷനിലെ പട്ടികജാതി ഫണ്ട് തട്ടിപ്പിന്റെ അന്വേഷണം വിജിലൻസ് സംഘത്തിന് കൈമാറി ഒരുവർഷമായിട്ടും എങ്ങുമെത്തിയിട്ടില്ല. ആ തട്ടിപ്പിലെ മുഖ്യപ്രതിയായ കോർപറേഷൻ ജീവനക്കാരനായ രാഹുൽ ഡിവൈ.എഫ്.ഐ കേന്ദ്ര കമ്മിറ്റി അംഗത്തിനെതിരെ മൊഴി നൽകിയിട്ടും മൊഴിപോലും വിജിലൻസ് രേഖപ്പെടുത്തിയിട്ടില്ല. ബി.ജെ.പി ഇടപെടൽ ആവശ്യപ്പെട്ടതിനെ തുടർന്ന് ഗവർണർ വിശദാംശങ്ങൾ തേടിയിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.