കോങ്ങാട്: ജനമധ്യത്തിൽനിന്ന് ജനങ്ങളെ തൊട്ടറിയാൻ ശ്രമിച്ച ജനപ്രതിനിധിയാണ് കാലയവനികയിൽ മറഞ്ഞ കോങ്ങാട് എം.എൽ.എ കെ.വി. വിജയദാസ്. ജനങ്ങളുടെ പ്രശ്നങ്ങൾ കേൾക്കാൻ കാണിച്ച സൗമനസ്യമാണ് അദ്ദേഹത്തെ സാധാരണക്കാർക്ക് പ്രിയങ്കരനാക്കിയത്. സദാ പുഞ്ചിരിക്കുന്ന മുഖവുമായാണ് ജനങ്ങളെ അഭിമുഖീകരിച്ചത്.
എത്ര സങ്കീർണമായ പ്രശ്നങ്ങളും അവധാനതയോടെ നേരിടുന്നത് അദ്ദേഹത്തിെൻറ പ്രത്യേകതയായിരുന്നു. ത്രിതല പഞ്ചായത്ത് സംവിധാനം നിലവിൽവന്ന 1995ൽ ജില്ല പഞ്ചായത്തിെൻറ അമരത്തെത്തിയ വിജയദാസ്, അഞ്ചു വർഷംകൊണ്ട് പുതിയ സംവിധാനത്തിന് ഭദ്രമായ അടിത്തറ ഒരുക്കിയാണ് പടിയിറങ്ങിയത്. ഗ്രാമപഞ്ചായത്തംഗം മുതൽ എം.എൽ.എ വരെയുള്ള പദവികൾ ലഭിച്ചപ്പോഴെല്ലാം സാധാരണക്കാർക്കും ദുർബലവിഭാഗങ്ങൾക്കും ഒപ്പംനിന്ന് അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരംകാണാൻ പരിശ്രമിച്ചു.
വിജയദാസിെൻറ ഭരണപാടവത്തിന് തെളിവാണ് ജില്ല പഞ്ചായത്ത് പ്രസിഡൻറ് ആയിരിക്കുേമ്പാൾ അദ്ദേഹം ആവിഷ്കരിച്ച് നടപ്പാക്കിയ മീൻവല്ലം അടക്കം വിവിധ പദ്ധതികൾ. സ്കൂളുകൾ കേന്ദ്രീകരിച്ച് ഹരിശ്രീ സമഗ്ര വിദ്യാഭ്യാസ പദ്ധതിക്ക് തുടക്കംകുറിച്ചതും തേങ്കുറുശ്ശിയിൽ ഗാലസ എന്നപേരിൽ കാർഷിക സർവകലാശാലയുമായി ചേർന്ന് ജൈവരീതിയിൽ നെൽകൃഷി ഇറക്കി ഉൽപാദനക്ഷമത കൂട്ടാനുള്ള പദ്ധതി ആവിഷ്കരിച്ചതും വിജയദാസിെൻറ നേതൃത്വത്തിലുള്ള ഭരണസമിതിയാണ്. നല്ലൊരു നെൽക്കർഷകൻ കൂടിയാണ് കെ.വി. വിജയദാസ് എം.എൽ.എ. പരമ്പരാഗത കർഷകകുടുംബത്തിൽ പിറന്ന വിജയദാസ്, രാഷ്ട്രീയതിരക്കുകൾക്കിടയിലും കൃഷിയെ കൂടെകൊണ്ടുനടന്നു. എലപ്പുള്ളി കാക്കത്തോെട്ട പാടത്ത് എല്ലാവർഷവും കൃഷിയിറക്കി. നെൽക്കർഷകരുടെ പ്രശ്നങ്ങൾ നിയമസഭയിൽ അവതരിപ്പിക്കാൻ അദ്ദേഹം മുന്നിൽനിന്നു.
മികച്ച സഹകാരികൂടിയായ വിജയദാസ് 1990ൽ തേനാരി ക്ഷീരോൽപാദക സഹകരണസംഘം സ്ഥാപിക്കുന്നതിൽ മുഖ്യ പങ്കുവഹിച്ചു. പ്രൈമറി കോഓപറേറ്റിവ് സൊസൈറ്റീസ് അസോസിയേഷൻ, എലപ്പുള്ളി സർവിസ് സഹകരണ ബാങ്ക് പ്രസിഡൻറ് പദവികളും വഹിച്ചു. കോങ്ങാട് മണ്ഡലത്തിെൻറ വികസനത്തിൽ ഇടപെടലുകൾ ശ്രദ്ധേയമായിരുന്നു. കഴിഞ്ഞ പാലക്കാട് ജില്ല സമ്മേളനത്തിലാണ് സി.പി.എം ജില്ല സെക്രേട്ടറിയറ്റിൽ എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.