കൊല്ലം: കൈക്കൂലി വാങ്ങുന്നതിനിടെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് വിജിലൻസ് പിടിയിൽ. കൊട്ടാരക്കര താലുക്കിൽ മേലില വില്ലേജ് ഓഫീസിലെ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് ജെ. അജയകുമാറിനെയാണ് 1000 രൂപ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് അറസ്റ്റ് ചെയ്തത്.
വിളക്കുടി വില്ലേജിലെ താമസക്കാരനായ പരാതിക്കാരൻ കേരള ബാങ്കിൻറെ കുന്നിയോടു ശാഖയിൽ നിന്നും ലോൺ എടുക്കുന്നതിനായി മേലില വില്ലേജിലെ റീ സർവേ 212/5-2 ൽ ഉൾപ്പെട്ട 12.05 സെ ന്റ് (4.88 ആർ) വസ്തുവിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റ്, ലോക്കേഷൻ സർട്ടിഫിക്കറ്റ്, നോൺ അറ്റാച്ച്മെൻറ് സർട്ടിഫിക്കറ്റ് എന്നിവ ആവശ്യപ്പെട്ട് സെപ്തംബർ 30ന് മേലില വില്ലേജ് ഓഫീസർക്ക് അപേക്ഷ നൽകിയിരുന്നു.
തുടർന്ന് പല തവണ ചെന്നിട്ടും സർട്ടിഫിക്കറ്റ് നൽകാത്തതിനാൽ പരാതിക്കാരൻ വില്ലേജ് ഫീൽഡ് അസിസ്റ്റന്റ് അജയകുമാറിനെ കണ്ടപ്പോൾ 1000 രൂപ കൈക്കുലി ആവശ്യപ്പെട്ടു. പരാതിക്കാരൻ ഈ വിവരം കൊല്ലം വിജിലൻസ് യൂനിറ്റ് ഡി.വൈ.എസ്.പി .അബ്ദുൽ വഹാബിനെ അറിയിക്കുകയും അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം കെചൊവ്വാഴ്ച വൈകീട്ട് നാലിന് ഓഫീസിൽ വെച്ച് കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസ് സംഘം പിടികൂടി.
വിജിലൻസ് സംഘത്തിൽ കൊല്ലം യൂനിറ്റ് ഡെപ്യൂട്ടി സൂപ്രണ്ട് ഓഫ് പോലീസ് അബ്ദുൽ വഹാബ്, ഇൻസ്പെക്ടർമാരായ ബി. ജോഷി, ജി.എസ്.ഐ മാരായ രാജേഷ്, ജയഘോഷ്, എസ്.സി.ആർ.ഒ മാരായ ഷിബുസക്കറിയ, ഗോപകുമാർ, ദേവപാലൻ, ശരത്ത്, അജീഷ്, ഷൈൻ എന്നിവർ ഉൾപ്പെട്ട സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ തിരുവനന്തപുരം വിജിലൻസ് കോടതി മുമ്പാകെ ഹാജരാക്കും.
പൊതുജനങ്ങളുടെ ശ്രദ്ധയിൽ അഴിമതി സംബന്ധിച്ച വിവരങ്ങൾ ലഭിക്കുകയാണെങ്കിൽ വിജിലൻസിന്റെ ടോൾ ഫ്രീ നമ്പരായ 1064 എന്ന നമ്പരിലോ 8592900900 എന്ന നമ്പരിലോ വാട്സ് ആപ് നമ്പരായ 9447789100 എന്ന നമ്പരിലോ അറിയിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.