തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ പ്രവർത്തന സാങ്കേതികത സംബന്ധിച്ച് തുറമുഖ കമ്പനി ചൊവ്വാഴ്ച ഒരുക്കുന്ന സംഗമവും സെമിനാറും മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്ഥലം എം.പി എന്ന നിലയിൽ ഡോ. ശശി തരൂരും പ്രഭാഷണം നടത്തും. മന്ത്രിമാരായ അഹമ്മദ് ദേവർകോവിൽ, കെ.എൻ. ബാലഗോപാൽ, പി.എ. മുഹമ്മദ് റിയാസ്, വി. അബ്ദുറഹിമാൻ, ആന്റണി രാജു, ജി.ആർ. അനിൽ എന്നിവരും പങ്കെടുക്കും.
തുറമുഖ സെക്രട്ടറി കെ. ബിജു പദ്ധതി വിശദീകരണവും വിദഗ്ധർ വിഷയാവതരണവും നടത്തും. നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യൻ ടെക്നോളജിയിലെ മുൻ ശാസ്ത്രജ്ഞനും എൽ. ആൻഡ്.ടി ഇൻഫ്ര എൻജിനീയറിങ് തുറമുഖ-പരിസ്ഥിതി വിഭാഗം തലവനുമായ പി.ആർ. രാജേഷ് 'വിഴിഞ്ഞം തുറമുഖത്തിന്റെ ആഘാതം സമീപ തീരങ്ങളിൽ-പഠന വെളിച്ചത്തിൽ' വിഷയം അവതരിപ്പിക്കും.
'തീര രൂപവത്കരണത്തിലെ അടിസ്ഥാനതത്വങ്ങൾക്ക് വിഴിഞ്ഞം തുറമുഖ വികസനത്തിലുള്ള പ്രാധാന്യ'ത്തെക്കുറിച്ച് ഇൻഡോമർ കോസ്റ്റൽ ഹൈഡ്രോളിക്സ് ലിമിറ്റഡ് എം.ഡിയും ഗോവ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഓഷ്യാനോഗ്രാഫി ഓഷ്യൻ എൻജിനീയറിങ് വിഭാഗം മുൻ തലവനും ശാസ്ത്രജ്ഞനുമായ ഡോ. പി. ചന്ദ്രമോഹനും 'തിരുവനന്തപുരം കടൽതീരത്തെ മാറ്റങ്ങൾ-യഥാർഥ ഘടകങ്ങളുടെ അടിസ്ഥാനത്തിലെ വിലയിരുത്തലി' നെക്കുറിച്ച് നാഷനൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിലെ മറൈൻ ജിയോസയൻസ് ഗ്രൂപ് മേധാവി ഡോ. എൽ. ഷീല നായരും സംസാരിക്കും. പാനൽ ചർച്ചയിൽ ചെന്നൈ ഐ.ഐ.ടി ഓഷ്യൻ എൻജിനീയറിങ് വിഭാഗത്തിലെ പ്രഫ. ഡോ. എസ്.എ. സന്നസിരാജ്, ഖരഗ്പുർ ഐ.ഐ.ടിയിലെ ഓഷ്യൻ എൻജിനീയറിങ് ആൻഡ് നേവൽ ആർക്കിടെക്ടർ വിഭാഗം പ്രഫ. ഡോ. പ്രസാദ് കുമാർ ഭാസ്കരൻ, ഇ.എസ്.ജി സ്പെഷലിസ്റ്റ് സി.വി. സുന്ദരരാജൻ എന്നിവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.