വിഴിഞ്ഞം തുറമുഖം അടുത്ത മേയിൽ പ്രവർത്തന സജ്ജമാകുമെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ

തിരുവനന്തപുരം: അടുത്ത മേയിൽ വിഴിഞ്ഞം തുറമുഖം പൂർണമായും പ്രവർത്തന സജ്ജമാകുമെന്ന് തുറമുഖമന്ത്രി അഹമ്മദ് ദേവർകോവിൽ. കേരള പത്രപ്രവർത്തക യൂനിയന്‍റെ മീറ്റ് ദി പ്രസിൽ സംസാരിക്കുകയായിരുന്നു മന്ത്രി. കപ്പൽ അടുക്കുന്ന ബെർത്തിന്റെ പണിയാണ് ഇപ്പോൾ പുരോഗമിക്കുന്നത്.

800 മീറ്റർ നീളമുള്ള ബെർത്തിന്‍റെ 400 മീറ്റർ പണി പൂർത്തിയായി. വലിയ കപ്പലടുക്കാൻ ഇത് ധാരാളമാണ്. 3100 മീറ്റർ നീളമുള്ള പുലിമുട്ടിൽ 2350 മീറ്റർ പൂർത്തിയായി. ഇനി 30 ലക്ഷം ടൺ കല്ല്​ കൂടി വേണം. ഇതിന്​ തമിഴ്നാടുമായി സംസാരിച്ചിട്ടുണ്ട്. കല്ല് സംഭരിക്കാൻ പെരുമാതുറ മുതലപ്പൊഴിയിൽ അദാനി ഗ്രൂപ്പിന് അനുവദിച്ച ബീച്ച്‌ ആവശ്യമായ കാലം കൂടി ഉപയോഗിക്കാൻ അനുവദിക്കും.

വിഴിഞ്ഞം പോർട്ട് പ്രവർത്തനം ആരംഭിക്കുന്നതോടെ കേരളത്തിലെ ചെറിയ പോർട്ടുകളെ ബന്ധപ്പെടുത്തി കടലിലൂടെ ചരക്കുനീക്കം നടത്താനാണ് ആലോചന. അതോടെ, റോഡിലെ ചരക്കുനീക്കം പൂർണമായി ഒഴിവാക്കാമെന്നും മറ്റു വാഹനങ്ങൾക്ക് സുഗമമായി സഞ്ചരിക്കാമെന്നും മന്ത്രി പറഞ്ഞു.

വിഴിഞ്ഞം തുറമുഖത്തിനെതിരെ നടത്തിയ സമരത്തിൽ ആർച്ച് ബിഷപ്പടക്കമുള്ളവർക്കെതിരെ എടുത്ത കേസിൽ ഒന്നുപോലും പിൻവലിച്ചിട്ടില്ല. അറസ്റ്റ് അടക്കം കൂടുതൽ നടപടി എന്തുകൊണ്ട് ഉണ്ടാകുന്നില്ലെന്നതിന് ആഭ്യന്തരമന്ത്രിയാണ് മറുപടി പറയേണ്ടത്. ഐ.എൻ.എൽ ദേശീയ പാർട്ടിയാണെന്നും തെറ്റിദ്ധാരണകൊണ്ട് വിട്ടുപോയവരിൽ ഭൂരിഭാഗം പേരും തിരിച്ചുവന്നതായും മന്ത്രി അവകാശപ്പെട്ടു.

തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ മുഴുവൻ പേരും തിരിച്ചെത്തി. ചില വ്യക്തികൾ പറയുന്നതല്ല, പാർട്ടി പറയുന്നതിനാണ് കൂടുതൽ വിലയെന്നും വഹാബ് പക്ഷത്തെക്കുറിച്ച ചോദ്യത്തിന് മന്ത്രി മറുപടി നൽകി.

Tags:    
News Summary - Vizhinjam port will be ready for operation 2024 May, said Minister Ahamed Devarkovil

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.