എ.ഡി.എം കെ. നവീൻ ബാബു ജീവനൊടുക്കിയ കേസിലെ പ്രതി പി.പി. ദിവ്യ ഇനി കീഴടങ്ങുകയോ, അല്ലെങ്കിൽ പൊലീസ് അറസ്റ്റ് ചെയ്യുകയോ ആണെങ്കിൽ അതിനർത്ഥം ദിവ്യയെ ഇത്രയും ദിവസം സംരക്ഷിച്ചുകൊണ്ടിരുന്നത് ഇതേ പൊലീസും പിണറായി വിജയനും സി.പി.എമ്മുമാണെന്ന് കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. ഒരു ക്രിമിനൽ കേസിൽ പ്രതിയെ സംരക്ഷിക്കുന്നതും കുറ്റകൃത്യമാണെന്ന് ബൽറാം പറഞ്ഞു.
ഇത്ര ഗൗരവതരമായ ഒരു കേസിൽ, കേരളം ഒന്നടങ്കം പ്രതിയുടെ അറസ്റ്റ് ആഗ്രഹിക്കുമ്പോഴും, പ്രതിക്ക് സംരക്ഷണമൊരുക്കാൻ നാട് ഭരിക്കുന്ന പാർട്ടിക്ക് ധൈര്യമുണ്ടാകുന്നതെങ്ങനെയെന്ന് ബൽറാം ചോദിച്ചു.
സാധാരണഗതിയിൽ ഒരു ജനാധിപത്യ വ്യവസ്ഥിതിയിൽ ഒരു രാഷ്ട്രീയ പാർട്ടിക്ക് ഇത്രയും നഗ്നമായ നിയമലംഘനം നടത്താനും ഒരു പരിധിക്കപ്പുറം ക്രിമിനലുകളെ സംരക്ഷിക്കാനും ആത്മവിശ്വാസമുണ്ടാകാൻ പാടില്ലാത്തതാണ്. എന്നാൽ, തുടർഭരണം ലഭിച്ച കേരളത്തിൽ എന്തുമാവാമെന്നാണ് സി.പി.എമ്മിന്റെ ചിന്ത. ജനവികാരമൊക്കെ തങ്ങൾക്ക് പുല്ലുവിലയാണ്, അതൊക്കെ ഇലക്ഷനടുക്കുമ്പോൾ മറ്റേതെങ്കിലും ഉഡായിപ്പിലൂടെ അനുകൂലമാക്കിയെടുക്കാവുന്നതേയുള്ളൂ എന്ന സി.പി.എമ്മിന്റെ അഹങ്കാരമാണ് ഇതുപോലെയൊക്കെ പ്രവർത്തിക്കാൻ അവർക്ക് ധൈര്യം പകരുന്നത്. ഇതിന് മറുപടി നൽകേണ്ടത് കേരളത്തിലെ ജനങ്ങൾ തന്നെയാണ് -ബൽറാം പറഞ്ഞു.
സി.പി.എം നേതാവും കണ്ണൂർ ജില്ല പഞ്ചായത്ത് മുന്‍ പ്രസിഡന്റുമായ പി.പി. ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ഇന്ന് തള്ളിയത്. ഒക്ടോബർ 15നാണ് എ.ഡി.എം നവീൻ ബാബു പള്ളിക്കുന്നിലെ ക്വാർട്ടേഴ്സിൽ ജീവനൊടുക്കിയത്. തലേന്ന് കലക്ടറേറ്റിൽ നടന്ന യാത്രയയപ്പ് യോഗത്തിൽ പി.പി. ദിവ്യ നടത്തിയ അധിക്ഷേപ പ്രസംഗത്തിൽ മനംനൊന്താണ് ഇദ്ദേഹം ജീവനൊടുക്കിയെന്നാണ് പ്രോസിക്യൂഷൻ കേസ്. ആത്മഹത്യ പ്രേരണ കേസ് ചുമത്തിയതിനെ തുടർന്ന് ഇവരെ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം നീക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.