‘പാവം ദിവ്യയെ ക്രൂശിച്ച സി.പി.എം കണ്ണൂർ, പത്തനംതിട്ട ജില്ലാ കമ്മിറ്റികളോട് കാറൽ മാർക്സ്‌ മുത്തപ്പൻ ചോദിക്കും’ -വി.ടി. ബൽറാം

പാലക്കാട്: കണ്ണൂർ മുൻ എ.ഡി.എം നവീൻ ബാബു ജീവനൊടുക്കിയതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ പ്രേരണകുറ്റം ചുമത്തപ്പെട്ട പി.പി. ദിവ്യയെ ന്യായീകരിക്കുന്നവർക്കെതിരെ പരിഹാസവുമായി കോൺഗ്രസ് നേതാവ് വി.ടി. ബൽറാം. കേസ് എടുത്തതിന് പിന്നാലെ ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനത്തുനിന്ന് സി.പി.എം ജില്ലാ കമ്മിറ്റി പുറത്താക്കിയിരുന്നു. എന്നാൽ, ദിവ്യ ചെയ്തത് ശരിയായിരുന്നുവെന്നും അഴിമതിക്കെതിരെയുള്ള പോരാട്ടമായിരുന്നുവെന്നുമാണ് സി.പി.എം സഹയാത്രികരായ സോഷ്യൽമീഡിയ അക്കൗണ്ടുകൾ ന്യായീകരണം ചമച്ചത്.

‘കൈക്കൂലി ചോദിച്ചു വാങ്ങി എന്ന കൃത്യമായ പരാതിയുള്ള കേസാണ്. അതിനെക്കുറിച്ചു പരസ്യമായി പറഞ്ഞു എന്നതിന്റെ പേരിലാണ് ആ സ്ത്രീയെ ക്രൂശിക്കാനിറങ്ങിയത്’ എന്നായിരുന്നു ഇടതുസഹയാത്രികൻ കെ.ജെ. ജേക്കബിന്റെ കുറിപ്പ്. ‘പൊതുജനാഭിപ്രായം ഏറെ മറുവശത്ത് നിൽക്കുമ്പോഴും ഇത് പറഞ്ഞത് നന്നായി. എൻറെയും അഭിപ്രായമാണ്’ എന്ന് എഴുത്തുകാരനും യു.എൻ ഉദ്യോഗസ്ഥനുമായ മുരളീ തുമ്മാരുകുടിയും അഭിപ്രായപ്പെട്ടിരുന്നു. ഇതിന്റെ സ്ക്രീൻ ഷോട്ട് സഹിതമാണ് ബൽറാമിന്റെ പരിഹാസം. ‘പീപ്പി ദിവ്യ എന്ന ആ പാവം സ്ത്രീയെ ക്രൂശിച്ച സി.പി.എം കണ്ണൂർ ജില്ല കമ്മിറ്റിയോടും അതിനായി സമ്മർദ്ദം ചെലുത്തിയ പത്തനംതിട്ട ജില്ലാ കമ്മിറ്റിയോടും കാറൽ മാർക്സ്‌ മുത്തപ്പൻ ചോദിക്കും. പ്രമുഖ ദുരന്ത വിദഗ്ധനും പ്രമുഖ മാധ്യമ പ്രവർത്തകനും ഇനിയും പീപ്പി ദിവ്യക്ക്‌ വേണ്ടിയുള്ള ന്യായീകരണം തുടരും’ -എന്നായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചത്.

അതിനിടെ, അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് താൻ നടത്തിയതെന്നും നിരപരാധിത്വം നിയമവഴിയിലൂടെ തെളിയിക്കുമെന്നും ദിവ്യ വ്യക്തമാക്കിയിരുന്നു. നവീൻ ബാബുവിന്റെ വേർപാടിൽ അങ്ങേയറ്റം വേദനയുണ്ടെന്നും ദുഃഖമനുഭവിക്കുന്ന കുടുംബത്തിന്റെ സങ്കടത്തിൽ താൻ പങ്കു ചേരുന്നുവെന്നുമാണ് ദിവ്യ പറഞ്ഞത്. ‘പൊലീസ് അന്വേഷണവുമായി പൂർണ്ണമായും സഹകരിക്കും. എന്റെ നിരപാധിത്വം നിയമവഴിയിലൂടെ തെളിയിക്കും. അഴിമതിക്കെതിരായ സദുദ്ദേശവിമർശനമാണ് ഞാൻ നടത്തിയതെങ്കിലും, എൻ്റെ പ്രതികരണത്തിൽ ചില ഭാഗങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുവെന്ന പാർട്ടി നിലപാട് ഞാൻ ശരി വെയ്ക്കുന്നു. ജില്ലാപഞ്ചായത്ത് പ്രസിഡണ്ട് പദവിയിൽ നിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്ന ബോധ്യത്തിൽ ഞാൻ ആ സ്ഥാനം രാജി വെയ്ക്കുന്നു. രാജിക്കത്ത് ബന്ധപ്പെട്ടവർക്ക് അയച്ചു കൊടുത്തിട്ടുണ്ട്’ -ദിവ്യ ഇന്നലെ പുറത്തുവിട്ട കത്തിൽ പറഞ്ഞു.

നവീൻ ബാബുവിന്റെ മരണത്തിൽ പി.പി. ദിവ്യയെ പ്രതിചേർത്ത് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ആത്മഹത്യ പ്രേരണാക്കുറ്റം ചുമത്തി തളിപ്പറമ്പ് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് കോടതിയിലാണ് കണ്ണൂർ ടൗൺ സി.ഐ റിപ്പോർട്ട് സമർപ്പിച്ചത്. വലിയ തോതിൽ പ്രതിഷേധം ഉയർന്ന സാഹചര്യത്തിലായിരുന്നു നടപടി. ഇതിന് പിന്നാലെയാണ് ഇന്ന​ലെ രാത്രി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പദവി രാജിവെച്ച് ദിവ്യയുടെ കത്ത് സി.പി.എം ജില്ലാ കമ്മിറ്റി പുറത്തുവിട്ടത്. 

Tags:    
News Summary - vt balram mocks pp divya and kj jacob

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.