പാർട്ടി പാരമ്പര്യക്കുറവ് പറഞ്ഞ് ഭരണപക്ഷ എം.എൽ.എയുടെ വായടപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ ശ്രമം; ഈ സമീപനം അപകടകരം -വി.ടി. ബൽറാം

പി.വി. അൻവർ എം.എൽ.എക്കെതിരെ മുഖ്യമന്ത്രി പിണറായി വിജയൻ ഉന്നയിച്ച ആരോപണ​ങ്ങളിൽ പ്രതികരണവുമായി വി.ടി. ബൽറാം. പാർട്ടിക്ക് പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടാകാതെ വന്നപ്പോഴാണ് കാര്യങ്ങ​ളെല്ലാം പൊതുജനങ്ങൾക്ക് മുന്നിൽ തുറന്നു പറയാൻ അൻവർ നിർബന്ധിതനായത്. പാർട്ടിയുടെ ചട്ടക്കൂടിൽ നിന്നുകൊണ്ട് ഒതുക്കി തീർക്കേണ്ട വിഷയങ്ങളല്ല അൻവർ വെളിപ്പെടുത്തിയ കാര്യങ്ങളെന്നും ബൽറാം ചൂണ്ടിക്കാട്ടി.

എന്നാൽ ഒരു ജനപ്രതിനിധിയെ പാർട്ടി ചട്ടക്കൂടുകൾ പറഞ്ഞും അദ്ദേഹത്തിന്റെ പാർട്ടി പാരമ്പര്യക്കുറവ് ചൂണ്ടിക്കാണിച്ചും വായടപ്പിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. മുഖ്യമന്ത്രിയുടെ സമീപനം ജനാധിപത്യപരമല്ല എന്ന് മാത്രമല്ല അങ്ങേയറ്റം സാമൂഹ്യ വിരുദ്ധവും അപകടകരവുമാണെന്നും വി.ടി. ബൽറാം ഫേസ്ബുക്ക് കുറിപ്പിൽ ചൂണ്ടിക്കാട്ടി.

സംസ്ഥാനത്തിന്റെ പ്രധാന ഇൻസ്റ്റിറ്റ്യൂഷനുകളിൽ ആർ.എസ്.എസിന്റെ ഡീപ് സ്റ്റേറ്റ് പിടിമുറുക്കുന്നു എന്നതാണ് വിഷയം. കൊല്ലിനും കൊലയ്ക്കും മടിക്കാത്ത കാക്കിയിട്ട കൊടും ക്രിമിനലുകളുടെ കൈയിലാണ് കേരളത്തിന്റെ ക്രമസമാധാനച്ചുമതല എന്നതാണ് ആരോപണം. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരേയോ അനുഭാവികളേയോ മാത്രമല്ല, അക്കൂട്ടത്തിലുൾപ്പെടാത്ത മറ്റെല്ലാ പൗരന്മാരേയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയങ്ങളാണിവയെന്നും ബൽറാം പറഞ്ഞു.

Full View

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ രൂപം
അഞ്ചോ ആറോ തവണ എകെജി സെന്ററിലെത്തി തന്റെ പരാതികൾ പാർട്ടി സെക്രട്ടറിക്ക് രേഖാമൂലം നൽകിയിട്ടുണ്ടെന്ന് നിലമ്പൂർ എംഎൽഎ തുറന്നുപറയുന്നു. പോലീസിനെക്കുറിച്ച് ശ്രദ്ധയിൽപ്പെട്ട അപാകതകൾ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കും നിരവധി തവണ എഴുതി നൽകിയിട്ടുണ്ടെന്നും ഇതെല്ലാം ബൈൻഡ് ചെയ്താൽ ഒരു പുസ്തകമാക്കാമെന്നും എംഎൽഎ പറയുന്നുണ്ട്.
ഒന്നുകിൽ ഈ അവകാശവാദത്തെ സിപിഎം പാർട്ടി നേതൃത്വം തള്ളിപ്പറയണം. അല്ലെങ്കിൽ താൻ മുൻപ് പാർട്ടിക്ക് നൽകിയ കത്തുകൾ എംഎൽഎ പുറത്തു വിടണം. അപ്പോൾ മാത്രമേ ഇക്കാര്യത്തിൽ ക്ലാരിറ്റിയുണ്ടാവൂ.
ഏതായാലും പാർട്ടി നേതൃത്വത്തെയും മറ്റ് ഉത്തരവാദപെട്ടവരെയും കൃത്യമായി അറിയിച്ചും സംഘടനാ രീതികൾക്കകത്ത് പരിഹാരത്തിനായി പരമാവധി പരിശ്രമിച്ചും പരാജയപ്പെട്ടതിനാലാണ് അത് പൊതുസമൂഹത്തോട് തുറന്നു പറയാൻ നിലമ്പൂർ എം.എൽ.എ നിർബ്ബന്ധിതനായത് എന്നാണ് ഇപ്പോഴത്തെ സാഹചര്യത്തിൽ വിലയിരുത്താനാവുക. അങ്ങനെയുള്ള ഒരു ജനപ്രതിനിധിയെ പാർട്ടി ചട്ടക്കൂടുകൾ പറഞ്ഞും അദ്ദേഹത്തിന്റെ പാർട്ടി പാരമ്പര്യക്കുറവ് ചൂണ്ടിക്കാണിച്ചും വായടപ്പിക്കാനാണ് ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ശ്രമിച്ചത്.
മുഖ്യമന്ത്രിയുടെ ഈ സമീപനം ജനാധിപത്യപരമല്ല എന്ന് മാത്രമല്ല, അങ്ങേയറ്റം സാമൂഹ്യ വിരുദ്ധവും അപകടകരവുമാണ്. കാരണം, അങ്ങനെ കമ്മ്യൂണിസ്റ്റ് പാർട്ടി ചട്ടക്കൂടിന്റെ ഇരുമ്പു മറകൾക്കത്ത് ഒതുക്കിത്തീർക്കേണ്ട വിഷയങ്ങളല്ല എം.എൽ.എ ഉന്നയിച്ചിരിക്കുന്നത്. സ്റ്റേറ്റിന്റെ പ്രധാന ഇൻസ്റ്റിറ്റ്യൂഷനുകളിൽ ആർ.എസ്.എസിന്റെ ഡീപ് സ്റ്റേറ്റ് പിടിമുറുക്കുന്നു എന്നതാണ് വിഷയം. കൊല്ലിനും കൊലയ്ക്കും മടിക്കാത്ത കാക്കിയിട്ട കൊടും ക്രിമിനലുകളുടെ കൈയിലാണ് കേരളത്തിന്റെ ക്രമസമാധാനച്ചുമതല എന്നതാണ് ആരോപണം. കമ്മ്യൂണിസ്റ്റ് പാർട്ടിക്കാരേയോ അനുഭാവികളേയോ മാത്രമല്ല, അക്കൂട്ടത്തിലുൾപ്പെടാത്ത മറ്റെല്ലാ പൗരന്മാരേയും ബാധിക്കുന്ന അതീവ ഗുരുതരമായ വിഷയങ്ങളാണിവ.
ഭരണപ്പാർട്ടി എന്ന നിലയിൽ കൃത്യമായി ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ സി.പി.എമ്മിന് നേരത്തേ കഴിയണമായിരുന്നു. പ്രശ്നം പരിഹരിക്കണമായിരുന്നു എന്നാണ് നാം കൃത്യമായി പറയുന്നത്, എന്നാൽ പ്രശ്നങ്ങളൊന്നും പുറമേക്ക് ചർച്ചയാവാതെ ഒതുക്കിത്തീർക്കണമായിരുന്നു എന്നാണ് കമ്മ്യൂണിസ്റ്റ് പാർട്ടിക്കാർ ചിന്തിക്കുന്നത്.
അവർക്കങ്ങനെയേ ചിന്തിക്കാൻ പറ്റൂ. മുഖ്യമന്ത്രി പിണറായി വിജയൻ മുതൽ സൈബർ കടന്നലുകളിലെ മഹാഭൂരിപക്ഷം വരെ ഈ ഡിഫോൾട്ട് മാനസിക ഘടനയുടെ ഭാഗമാണ്. ഇരുമ്പു മറകളെ സംരക്ഷിച്ചു നിർത്തുക എന്നതിലല്ലാതെ ലോകത്തൊരിടത്തും കമ്മ്യൂണിസ്റ്റ് പാർട്ടികൾക്ക് നിലനിൽപ്പില്ല. സ്വതന്ത്ര ചിന്തയും സ്വതന്ത്ര ചർച്ചയും തുടങ്ങിയാൽപ്പിന്നെ ആ നിമിഷം കമ്മ്യൂണിസ്റ്റ് സ്ട്രക്ചർ ഇടിഞ്ഞുവീഴും.
ജനാധിപത്യ സംവിധാനത്തിന് ഒട്ടുമേ യോജിച്ചതല്ല കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ ഈ സ്ട്രക്ചറും അതിന്റെ രഹസ്യ സ്വഭാവവും. അതിന്റെ ഗുണഭോക്താക്കൾ എപ്പോഴും മാഫിയകളും മറ്റ് സ്ഥാപിത താൽപര്യക്കാരുമാണ്. പാർട്ടിക്കകത്ത് ഒരു പരമോന്നത നേതാവ് രൂപപ്പെടുമ്പോൾ പ്രത്യേകിച്ചും. അതാണിപ്പോൾ കേരളവും കണ്ടുകൊണ്ടിരിക്കുന്നത്.
Tags:    
News Summary - VT Balram reacts to PV Anvar's Disclosures

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.