വടക്കാഞ്ചേരി കൂട്ടമാനഭംഗം: പ്രതികളെ സഹായിച്ചവരുടെ മൊഴിയെടുത്തു തുടങ്ങി

തൃശൂര്‍: സി.പി.എം കൗണ്‍സിലര്‍ ഉള്‍പ്പെട്ട വടക്കാഞ്ചേരി കൂട്ടമാനഭംഗക്കേസില്‍ പ്രതികളെ സഹായിച്ചുവെന്ന് ആരോപിക്കപ്പെട്ടവരുടെ മൊഴിയെടുത്തുതുടങ്ങി. യുവതിക്ക് ആദ്യം പരാതി തയാറാക്കി നല്‍കിയ വടക്കാഞ്ചേരിയിലെ അഭിഭാഷക വസന്ത, സാമൂഹിക പ്രവര്‍ത്തക കാഞ്ഞാണി സ്വദേശിനി മാല, കൗണ്‍സിലര്‍ മനോജ് എന്നിവരുടെ മൊഴിയാണ് ബുധനാഴ്ച അന്വേഷണ സംഘം എടുത്തത്. രാമവര്‍മപുരത്ത് സിറ്റി പൊലീസ് കമീഷണറുടെ ഓഫിസിലേക്ക് വിളിച്ചു വരുത്തിയാണ് മൊഴിയെടുത്തത്. സാമ്പത്തിക ഇടപാടാണെന്നാണ് പറഞ്ഞതെന്നും അതനുസരിച്ച് ഇരുകൂട്ടരും കേസ് അവസാനിപ്പിക്കുകയായിരുന്നു എന്നും മൂവരും അന്വേഷണസംഘത്തിന് മൊഴി നല്‍കിയതായാണ് സൂചന.

പൊലീസ് പ്രതികളെ സഹായിക്കാന്‍ ശ്രമിക്കുകയാണെന്നും കേസ് അന്വേഷണം കോടതി നിരീക്ഷണത്തില്‍ വേണമെന്നും ആവശ്യപ്പെട്ട് യുവതി നല്‍കിയ ഹരജി വെള്ളിയാഴ്ച വടക്കാഞ്ചേരി മജിസ്ട്രേറ്റ് കോടതി പരിഗണിക്കുന്നുണ്ട്. ഈ സാഹചര്യത്തില്‍ അന്വേഷണ പുരോഗതി കോടതിയില്‍ നല്‍കേണ്ടി വരുമെന്നതിനാലാണ് ഇതുവരെ ആരോപണവിധേയരുടെ മൊഴിയെടുക്കാതിരുന്ന പൊലീസ് തിരക്കിട്ട് അത് ചെയ്യുന്നതെന്ന് അറിയുന്നു.

മനോജിനെ കൂടാതെ മൂന്ന് കൗണ്‍സിലര്‍മാര്‍ കൂടി കേസ് ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്നാണ് യുവതി ആരോപിച്ചത്. അടുത്ത ദിവസങ്ങളില്‍ അവരുടെയും മൊഴിയെടുക്കും. അതേസമയം പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് വടക്കാഞ്ചേരി പൊലീസ് സ്റ്റേഷനിലേക്ക് നടത്തിയ മാര്‍ച്ചിന് നേരെ നടത്തിയ പൊലീസ് ലാത്തിച്ചാര്‍ജില്‍ പരിക്കേറ്റുവെന്ന് കാണിച്ച് കോണ്‍ഗ്രസ് നേതാവ് അഭിലാഷ് വാസു നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമീഷന്‍ ഐ.ജിയില്‍നിന്ന് റിപ്പോര്‍ട്ട് തേടി.

 

Tags:    
News Summary - wadakkanchery rape case

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.