ചൂരൽ മലയിൽ ആർമിയുടെ നേതൃത്വത്തിൽ ബെയിലി പാലത്തിന്റെ താഴെ നിർമാണം പുരോഗമിക്കുന്ന ഗാബിയോൺ വാൾ (ഫോട്ടോ: ടി.എച് ജദീർ)

‘ചൂരൽമല കയറുമ്പോൾ ഇപ്പോഴും പ്രതീക്ഷ, പുത്തുമല കയറുമ്പോൾ ഉള്ളിൽ നീറുന്ന സങ്കടം...’

മേപ്പാടി: ഉരുൾപൊട്ടലുണ്ടായ വയനാട് മുണ്ടക്കൈയിലും ചൂരൽമലയിലും രക്ഷാപ്രവർത്തനത്തിൽ സജീവമാണ് കേരളത്തിലെ മിക്ക യുവജന സംഘടനകളും അവയുടെ നേതാക്കളും. മൺകൂനകൾക്കടിയിൽ മറഞ്ഞുപോയ ജീവന്റെ തുടിപ്പുകളും വിലപ്പെട്ട വസ്തുക്കളും കണ്ടെടുക്കാൻ രാഷ്ട്രീയ, മത ഭേദമില്ലാതെ പരിശ്രമത്തിലാണ് ഇവർ. മരിച്ചവരെ സംസ്കരിക്കാൻ പുത്തുമലയിലുള്ള  ഒരുക്കങ്ങളിലും സന്നദ്ധ പ്രവർത്തകരുടെ സേവനം ഒഴിച്ചുകൂടാനാവാത്തതാണ്.

ഉരുൾപൊട്ടലുണ്ടായ ചൂരൽമല കയറുമ്പോൾ ഏതെങ്കിലും ജീവനോ ആരുടെയെങ്കിലും ജീവിതമാർഗമോ കണ്ടെത്തി പ്രിയപ്പെട്ടവരെ ഏൽപിക്കാമെന്ന് ഇപ്പോഴും മനസ്സിൽ ഒരു പ്രതീക്ഷയു​ണ്ടെന്ന് കഴിഞ്ഞ 10 ദിവസമായി ഇവിടെ തുടരുന്ന യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് രാഹുൽ മാങ്കൂട്ടത്തിൽ പറയുന്നു. എന്നാൽ, സംസ്കാര ചടങ്ങുകൾ നടക്കുന്ന പുത്തുമല കയറുമ്പോൾ ഉള്ളിൽ നീറുന്ന സങ്കടമാണെന്നും അദ്ദേഹം ഫേസ്ബുക് കുറിപ്പിൽ പറഞ്ഞു. നമ്മുടെ ഇടയിൽ ജീവിച്ച മനുഷ്യരുടെ അന്ത്യവിശ്രമത്തിനുള്ള ഇടം നിർമ്മിക്കാനാണ് പതിവായി ആ മല കയറുന്നത്. ഓരോ ദിവസവും മനസ്സിനെ കൂടുതൽ കൂടുതൽ ദുർബലപ്പെടുത്തുന്ന കാഴ്ചകളാണ് ഈ പത്ത് ദിവസവും ഇവിടെയെന്നും രാഹുൽ കൂട്ടിച്ചേർത്തു.

അതിനിടെ, ദുരിതാശ്വാസ ക്യാമ്പുകളിലും ബന്ധുവീടുകളിലും കഴിയുന്നവരെ കൂടി ഉള്‍പ്പെടുത്തി ജനകീയ തിരച്ചിലാണ് ഇന്ന് മുണ്ടക്കൈ, ചൂരല്‍മല പ്രദേശങ്ങളില്‍ നടക്കുന്നത്. ഉരുള്‍പൊട്ടലുണ്ടായ പ്രദേശങ്ങളെ ആറുമേഖലകളിലായി തിരിച്ചാണ് തിരച്ചിൽ. സുരക്ഷാ ഉദ്യോഗസ്ഥരുടെയും മറ്റു തിരച്ചില്‍ സംഘങ്ങളുടെയും കൂടെ ദുരന്തത്തിന് ഇരകളായവരിൽ ചിലരും പ​ങ്കെടുക്കുന്നുണ്ട്. പ്രദേശത്തുനിന്ന് കാണാതായ 131 പേർക്കായി സാധ്യമായ എല്ലാ മാര്‍ഗങ്ങളും ഉപയോഗിച്ചുള്ള തിരച്ചില്‍ നടത്തിയതാണെങ്കിലും ബന്ധുക്കളില്‍ നിന്ന് ലഭിക്കുന്ന വിവരങ്ങള്‍ ഉപയോഗിച്ച് ആരെയെങ്കിലും കണ്ടെത്താനാകുമോ എന്നതാണ് ഇതിലൂടെ ഉദ്ദേശിക്കുന്നത്.

വയനാട് ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വിതരണം ചെയ്യാനായി സാധനങ്ങള്‍ ശേഖരിച്ച് ഇനി അയക്കേണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. ദുരിതാശ്വാസത്തിന്‍റെ ഭാഗമായി വയനാട്ടിലെ കലക്ഷന്‍ സെന്‍ററില്‍ എത്തിയ ഏഴ് ടണ്‍ തുണി ഉപയോഗിച്ചു പഴകിയതായിരുന്നു. ഉപകരിക്കാന്‍ ചെയ്തതാകാമെങ്കിലും ഇത് ഫലത്തില്‍ ഉപദ്രവകരമാവുകയാണുണ്ടായതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.


Full View

Tags:    
News Summary - Wayanad landslides rescue operations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.