വാകേരി: കൂടല്ലൂരിൽ യുവാവിനെ കൊന്ന നരഭോജി കടുവയെ പിടിക്കുന്നതിനു വനംവകുപ്പ് ദൗത്യസംഘം ശ്രമം തുടരുന്നതിനിടെ കല്ലൂർകുന്നില്‍ കടുവ ഇറങ്ങി പശുവിനെ കൊന്നു. കൂടല്ലൂരിൽനിന്നു അഞ്ചു കിലോമീറ്റര്‍ ദൂരെയുള്ള കല്ലൂർകുന്നിലെ വാകയില്‍ സന്തോഷിന്റെ അഞ്ചുമാസം ഗര്‍ഭിണിയായ പശുവിനെയാണ് കടുവ പിടിച്ചത്. ശനിയാഴ്ച രാത്രി 11.30ന് തൊഴുത്തില്‍ ബഹളം കേട്ട് ഉണര്‍ന്ന വീട്ടുകാര്‍ പശുവിനെ കടുവ കഴുത്തിനു കടിച്ച് വലിച്ചുകൊണ്ടുപോകുന്നതാണ് കണ്ടത്. വീട്ടുകാര്‍ ഒച്ചയെടുത്തിട്ടും കടുവ മാറാതായതോടെ വീട്ടിലുള്ള സ്ത്രീകൾ അയൽവാസികളെ ഫോണിൽ വിളിച്ചു വരുത്തി. എല്ലാവരും ബഹളംവെച്ചതോടെ കടുവ ഓടി മറയുകയായിരുന്നു.
വിവരമറിഞ്ഞ് രാത്രിതന്നെ വനംവകുപ്പധികൃതർ സ്ഥലത്തെത്തി പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്താൻ കഴിഞ്ഞില്ല. പ്രദേശത്ത് കാമറ സ്ഥാപിച്ചു. പ്രജീഷിനെ കൊന്ന കടുവ തന്നെയാണിതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. മേഖലയിൽ ട്രോൺ നിരീക്ഷണമുൾപ്പെടെ നടത്തി.
കണ്ണൂർ ഫ്ലൈങ് സ്ക്വാഡ് ഡി.എഫ്.ഒ അജിത് കെ. രാമൻ, റേഞ്ച് ഓഫിസർ അബ്ദുൽ സമദ് എന്നിവരുടെ നേതൃത്വത്തിൽ പ്രദേശവാസികളുമായി ഞായറാഴ്ച രാവിലെ ചർച്ച നടത്തി. കടുവക്ക് ഇരയായി പശുവിനെ നൽകാമെന്ന് ഉടമ സന്തോഷ് സമ്മതിച്ചു. വനംവകുപ്പ് പ്രദേശത്ത് 11.30ഓടെ ഒരു കൂട് സ്ഥാപിച്ചു. പശുവിനെ ഇരയായി കൂട്ടിൽവെച്ചു. ജനവാസമേഖലയിൽനിന്ന് മാറ്റി സുരക്ഷിതമായ സ്ഥലത്താണ് കൂട് സ്ഥാപിച്ചത്.
കൊന്ന പശുവിനെ തേടി കടുവ എത്തുമെന്ന പ്രതീക്ഷയിലാണ് വനംവകുപ്പ്. ഞാറ്റടിയിൽ മറ്റൊരു കൂടും സ്ഥാപിച്ചിട്ടുണ്ട്. വിവിധയിടങ്ങളിലായി ആറോളം കൂടുകളാണ് വെച്ചിട്ടുള്ളത്. കല്ലൂർകുന്ന് ഞാറ്റാടിയിൽ കടുവയുടെ കാൽപാടുകൾ വെള്ളിയാഴ്ച കണ്ടെത്തിയിരുന്നു. ഞാറ്റാടി സാബുവിന്റെ വീടിന്റെ മുറ്റത്തും പറമ്പിലും സമീപത്തെ വയലിലുമാണ് കടുവയുടെ കാൽപാടുകൾ കണ്ടത്.
കടുവയുടെ കാൽപാടുകൾ വെള്ളിയാഴ്ച രാവിലെ 10 ഓടെയാണ് വീട്ടുകാരുടെ ശ്രദ്ധയിൽപെടുന്നത്. വെള്ളിയാഴ്ച ഞാറ്റടിയിൽ കടുവയുടെ കാൽപാടുകൾ കണ്ടിട്ടും അവിടെ കാമറ സ്ഥാപിക്കാനും സമീപത്തെ പൊന്തക്കാടുകളിൽ തിരച്ചിൽ നടത്താനും വനംവകുപ്പധികൃതർ വേണ്ടത്ര ജാഗ്രത കാണിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. കടുവക്കായി ഞായറാഴ്ചയും ഊർജിതമായ തിരച്ചിൽ നടത്തി.
കണ്ണൂരില്‍നിന്നും കോഴിക്കോടുനിന്നും റാപ്പിഡ് റെസ്പോൻസ് ടീം അംഗങ്ങൾ തെരച്ചിലിന് എത്തിയിട്ടുണ്ട്. കുങ്കിയാനകളും തെരച്ചിൽ നടത്തുന്നുണ്ട്. ഉത്തര മേഖല സി.സി.എഫ് കെ.എസ്. ദീപ, സൗത്ത് വയനാട് ഡി.എഫ്.ഒ എ. ഷജ്ന കരീം എന്നിവർ ക്യാമ്പ് ചെയ്താണ് നിർദേശങ്ങൾ നൽകുന്നത്. തിരച്ചിൽ ഒരാഴ്ച പിന്നിട്ട പശ്ചാത്തലത്തിൽ പ്രദേശത്ത് ശനിയാഴ്ച സർവകക്ഷി യോഗം ചേർന്നിരുന്നു.
കൽപറ്റ: കടുവയുടെ ആക്രമണത്തിൽ ക്ഷീരകർഷകനായ പ്രജീഷ് മരണപ്പെട്ട സംഭവത്തിൽ വനംവകുപ്പ് ജീവനക്കാർക്കെതിരെ കുപ്രചാരണം നടത്തുന്നതിനെതിരെ കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ പ്രതിഷേധിച്ചു.
ഒന്നര വർഷത്തിനുള്ളിൽ വയനാട്ടിലെ ജനവാസ കേന്ദ്രങ്ങളിൽ ഇറങ്ങിയ ഏഴ് കടുവകളെയാണ് വനംവകുപ്പ് സുരക്ഷിതമായി പിടികൂടി കൂട്ടിലടച്ചിട്ടുള്ളത്. ഇതുമായി ബന്ധപ്പെട്ട് വനംവകുപ്പിലെ മുഴുവൻ ജീവനക്കാരും സ്വന്തം ജീവൻ പണയപ്പെടുത്തി ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പുവരുത്തുന്നതിനായി അശ്രാന്ത പരിശ്രമമാണ് നടത്തിയിട്ടുള്ളത്.
ഇത്തരത്തിലുള്ള ദൗത്യത്തിനിടയിൽ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ ഒരു ജീവനക്കാരന് ജീവന് നഷ്ടപ്പെട്ടിട്ടുണ്ട്. മരണപ്പെട്ട വ്യക്തിയുടെ കുടുംബത്തോടൊപ്പം നിന്ന് എല്ലാവിധ സഹായങ്ങൾ ചെയ്യുന്നതിനും ജനങ്ങളുടെ ഭീതി അകറ്റുന്നതിന് പ്രശ്നക്കാരനായ കടുവയെ പിടികൂടുന്നതിനു വേണ്ടി ഉന്നത ഉദ്യോഗസ്ഥർ അടക്കം വനംവകുപ്പ് ജീവനക്കാർ സ്ഥലത്ത് ക്യാമ്പ് ചെയ്ത് അഹോരാത്രം ജോലി ചെയ്യുന്നതിനിടയിൽ കിഫ പോലുള്ള സംഘടനകൾ ദുരുദ്ദേശ്യത്തോടുകൂടി പൊതു ജനങ്ങളിലേക്ക് വനംവകുപ്പിനെതിരെ തെറ്റായ ആരോപണങ്ങൾ പ്രചരിപ്പിക്കുന്നത് തികച്ചും പ്രതിഷേധാർഹമാണ്.
വനംവകുപ്പ് ജീവനക്കാരുടെ മനോവീര്യം തകർക്കുന്ന ഇത്തരം കള്ളപ്രചാരണങ്ങൾ പൊതു ജനങ്ങൾ തിരിച്ചറിയണമെന്നും ജനങ്ങളുടെ സുരക്ഷക്കുവേണ്ടി സ്വതന്ത്രമായി ജോലി ചെയ്യുന്നതിന് അവസരമുണ്ടാക്കിത്തരണമെന്നും കേരള ഫോറസ്റ്റ് റേഞ്ചേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു.
മൂന്നാനക്കുഴി: ജനകീയ കൂട്ടായ്മയുടെ നേതൃത്വത്തിൽ വാകേരിയിൽനിന്ന് മൂന്നാനക്കുഴി ഫോറസ്റ്റ് ഓഫിസിലേക്ക് മാർച്ചും ധർണയും നടത്തി. പ്രജീഷിനെ കൊലപ്പെടുത്തിയിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും കടുവയെ പിടികൂടാത്തതിൽ പ്രതിഷേധിച്ചാണ് സമരം.
വരും ദിവസങ്ങളിൽ ശക്തമായ സമരവുമായി മുന്നോട്ട് പോകാനാണ് ഇവരുടെ തീരുമാനം. സ്നേഹപൂർവം വാകേരി വാട്സ് ആപ് കൂട്ടായ്മയുടെ നേതൃത്വത്തിലാണ് ജനകീയ സമരങ്ങൾക്ക് നേതൃത്വം നൽകുന്നത്.
കല്ലൂർക്കുന്ന് സെന്റ് ആൻറണീസ് ചർച്ച് വികാരി ജയ്സ് പൂതക്കുഴി, കലേഷ് സത്യാലയം, ശ്രീജിത്ത് വാകേരി, ദീപേഷ് വാകേരി, ഷനൂബ് പുത്തലത്ത്, ബാബു കുന്നുംപുറം തുടങ്ങിയവർ മാർച്ചിനും ധർണക്കും നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.