കോഴിക്കോട്: ചരിത്രത്തെ വികൃതമാക്കാനും വംശീയ മുൻവിധികളോടെ മാറ്റിയെഴുതാനുമുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിെൻറ നീക്കത്തെ ചെറുക്കാൻ മുഴുവൻ ജനാധിപത്യവാദികളും രംഗത്തുവരണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള സംഘടിപ്പിച്ച സാംസ്കാരിക സംഗമം ആവശ്യപ്പെട്ടു.
ചരിത്രത്തെയും വിദ്യാഭ്യാസത്തെയും വംശീയവത്കരിക്കാനുള്ള ശ്രമമാണ് മോദി സർക്കാർ നടത്തുന്നെതന്നും ഇന്ത്യയിലെ വിവിധ പ്രദേശങ്ങളുടെ പേരു മാറ്റിക്കൊണ്ടിരിക്കുന്നത് ശരിയായ ചരിത്രത്തിെൻറ ഓർമകളെ തകർക്കാൻ വേണ്ടിയാണെന്നും സംഗമം ഉദ്ഘാടനം ചെയ്ത ഇ.ടി. മുഹമ്മദ് ബഷീർ എം.പി അഭിപ്രായപ്പെട്ടു.
ബ്രിട്ടീഷുകാർക്കെതിരെ നടന്ന ഇന്ത്യയിലെ സുപ്രധാന പോരാട്ടമായ മലബാർ പോരാട്ടത്തെ വിശ്വാസത്തിലധിഷ്ഠിതമായ വിമോചന മൂല്യങ്ങൾ സ്വാധീനിച്ചിരുന്നുവെന്ന് അധ്യക്ഷത വഹിച്ച ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു. മലബാർ സമരത്തിെൻറ പ്രചോദനമായി വർത്തിച്ച ഇസ്ലാമിെൻറ സാമൂഹിക, രാഷ്ട്രീയ ഉള്ളടക്കത്തെ പൈശാചികവത്കരിക്കുന്ന ആഖ്യാനങ്ങൾ രാജ്യവിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലോകത്താകമാനം നടന്ന സാമ്രാജ്യത്വ, അധിനിവേശവിരുദ്ധ പോരാട്ടങ്ങളുടെ ഭാഗമായാണ് മലബാർ സമരത്തെ ചരിത്രപരമായി വ്യാഖ്യാനിക്കേണ്ടതെന്ന് കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലർ ഡോ. കെ.കെ.എൻ. കുറുപ്പ് പറഞ്ഞു. സ്വാതന്ത്ര്യ സമര പോരാളികളെ വെട്ടിമാറ്റുന്നവർ അധിനിവേശത്തെ പിന്താങ്ങുകയാണ്. ചരിത്രമെഴുത്ത് സർക്കാറിെൻറ പണിയല്ല, ചരിത്രകാരന്മാരാണ് അതു നിർവഹിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. സംഘ്പരിവാർ കാലത്ത് ചരിത്രബോധമുള്ളവരുടെ മുന്നണി രൂപപ്പെടണമെന്ന് ഭാസുരേന്ദ്രബാബു അഭിപ്രായപ്പെട്ടു.
എൻ.കെ. പ്രേമചന്ദ്രൻ എം.പി, ഡോ. ടി.ടി. ശ്രീകുമാർ, ഡോ. കെ.എസ്. മാധവൻ, പി. മുജീബുറഹ്മാൻ, ഡോ. അജയ് ശേഖർ, ഹമീദ് വാണിയമ്പലം, ഡോ. ഫൈസൽ ഹുദവി, ശംസുദ്ദീൻ മന്നാനി ഇലവുപാലം, ശിഹാബ് പൂക്കോട്ടൂർ, കെ.കെ. ബാബുരാജ്, ഡോ. മോയിൻ മലയമ്മ, സമീൽ ഇല്ലിക്കൽ എന്നിവർ സംസാരിച്ചു. സമദ് കുന്നക്കാവ് സ്വാഗതം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.