കോതമംഗലം: നെല്ലിക്കുഴി ഗ്രീൻ വാലി പബ്ലിക് സ്കൂൾ കെട്ടിടത്തിൽനിന്ന് ഒരു സംഘം യുവാക്കളെ കഞ്ചാവുമായി പിടികൂടി. അഞ്ചുപേർ പിടിയിൽ, രണ്ടുപേർ കടന്നുകളഞ്ഞു. സംഘത്തലവൻ നെല്ലിക്കുഴി സ്വദേശി കോച്ചേരി എന്ന യാസീൻ, സ്കൂൾ സെക്യൂരിറ്റി ജീവനക്കാരനായ പാലാ സ്വദേശി സാജു ബിജു എന്നിവരാണ് എക്സൈസ് സാന്നിധ്യം മനസ്സിലാക്കി സംഭവസ്ഥലത്തുനിന്ന് കടന്നുകളഞ്ഞത്.
വടാട്ടുപാറ സ്വദേശികളായ ഷഫീഖ്, അശാന്ത്, ആഷിഖ്, മുനീർ, കുത്തുകുഴി സ്വദേശി ഹരികൃഷ്ണൻ എന്നിവരാണ് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. സ്കൂൾ വളപ്പിൽ യാസീൻ ഉപേക്ഷിച്ച ബുള്ളറ്റിൽനിന്ന് കഞ്ചാവ് കണ്ടെത്തി. സെക്യൂരിറ്റി ജീവനക്കാരൻ താമസിക്കുന്ന കെട്ടിടത്തിലെ മുറി സ്കൂൾ ജീവനക്കാരുടെ സാന്നിധ്യത്തിൽ തുറന്നു പരിശോധിച്ചപ്പോൾ വിൽപനക്ക് സൂക്ഷിച്ച കഞ്ചാവ് പൊതികൾ കണ്ടെത്തി.
വർഷങ്ങളായി സ്കൂളിൽ സെക്യൂരിറ്റി ജോലി ചെയ്യുന്ന സാജു വൻതോതിൽ കഞ്ചാവ് വാങ്ങി വിൽപന നടത്തുകയും കഞ്ചാവ് വലിക്കുന്നതിനുമുള്ള സൗകര്യം സ്കൂൾ വളപ്പിലും കെട്ടിടത്തിലും ചെയ്തുകൊടുക്കുന്നതുമായ വിവരം എക്സൈസ് സംഘത്തിന് ലഭിച്ചിരുന്നു.ഡ സ്കൂളിലെ സി.സി ടി.വി സംവിധാനം പ്രവർത്തനരഹിതമാണെന്ന് മാനേജ്മെന്റ് പറഞ്ഞു. ഓടി കടന്നുകളഞ്ഞവർക്കൊപ്പം തൃക്കാരിയൂർ സ്വദേശി രാഹുലിനുമായുള്ള അന്വേഷണം സൈബർ സെല്ലിന്റെ സഹായത്തോടെ എക്സൈസ് ഷാഡോ ടീം ഊർജിതമാക്കി.
എക്സൈസ് ഇൻസ്പെക്ടർ വി.ആർ. ഹിരോഷ്, അസി. എക്സൈസ് ഇൻസ്പെക്ടർ എം.കെ. റെജു, പ്രിവന്റിവ് ഓഫിസർമാരായ കെ.എ. നിയാസ്, ജയ് മാത്യൂസ്, എൻ. ശ്രീകുമാർ, കെ.കെ. വിജു, എ.ഇ. സിദ്ദീഖ്, സിവിൽ എക്സൈസ് ഓഫിസർമാരായ കെ.സി. എൽദോ, പി.വി. ബിജു, കെ.ജി. അജീഷ്, ബേസിൽ കെ. തോമസ്, വനിത സിവിൽ എക്സൈസ് ഓഫിസർ ശ്രീലക്ഷ്മി വിമൽ, എക്സൈസ് ഡ്രൈവർ കബിരാജ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.