കോഴിക്കോട്: പ്രൊഫഷണൽ കോളേജ് കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കാൻ ശ്രമമെന്ന് സിപിഎം സമ്മേളനങ്ങളിലെ പ്രഭാഷകർക്കുള്ള കുറിപ്പിലെ പരാമർശത്തിനെതിരെ വെൽഫെയർ പാർട്ടി. കേരളത്തിൽ സമീപകാലത്തായി സി.പി.എം സ്വീകരിക്കുന്ന നിലപാടുകൾ അത്യന്തം അപകടകരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന പ്രസിഡൻറ് ഹമീദ് വാണിയമ്പലം ഫേസ്ബുക്ക് കുറിപ്പിൽ കുറ്റപ്പെടുത്തി.
കേരളത്തിലെ കോളജുകളിൽ ഏതെങ്കിലും ഒരു വിദ്യാർത്ഥി സംഘടന ബലം പ്രയോഗിച്ച് ആളെ ചേർക്കുന്നെങ്കിൽ അത് സി.പി.എമ്മിൻെറ വിദ്യാർത്ഥി സംഘടന മാത്രമാണ്. വിദ്യാർത്ഥിനികളും യുവതികളും ആരുടെയും പ്രലോഭനത്തിന് വീണ് ഏങ്ങോട്ടേയ്ക്കും ചായുന്നവരാണ് എന്ന പുരുഷാധിപത്യ അധമ മനസുകൂടി ഈ പ്രചരണത്തിന് പിന്നിലുണ്ടെന്നും ഫേസ്ബുക്ക് കുറിപ്പിൽ പറയുന്നു.
സിപിഐ(എം) സമ്മേളനങ്ങളിലെ പ്രഭാഷകർക്കുള്ള കുറിപ്പിൽ പ്രൊഫഷണൽ കോളേജ് കേന്ദ്രീകരിച്ച് യുവതികളെ തീവ്രവാദത്തിലേക്ക് സ്വാധീനിക്കാൻ ശ്രമമെന്ന് പരാമർശമുള്ളതായി വിവിധ വാർത്താ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നു.
ഇന്ത്യ രാജ്യത്ത് ഇന്നും പ്രസക്തിയുള്ള മതേതര പാർട്ടി തന്നെയാണ് സിപിഐ(എം). പ്രത്യേകിച്ച് സംഘ്പരിവാർ ഭരണകാലത്ത് മതേതര കൂട്ടായ്മയുടെ ഭാഗമാകേണ്ടവരാണ് അവർ.
എന്നാൽ, കേരളത്തിൽ സമീപകാലത്തായി അവർ സ്വീകരിക്കുന്ന നിലപാടുകൾ അത്യന്തം അപകടകരമാണ്. അവരുടെ തന്നെ ദേശീയ നിലപാടുകളുടെ കടകവിരുദ്ധവും രാജ്യത്തെ മതനിരപേക്ഷതക്ക് ഹാനിയുണ്ടാക്കുന്നതുമാണ്.
ഇന്ത്യയിൽ ഇസ്‌ലാമോഫോബിയ പടർത്തി മതവിഭാഗങ്ങളെ വംശീയമായി വേർതിരിച്ച് സവർണാധിപത്യ ഭരണക്രമം സൃഷ്ടിച്ചെടുക്കാൻ സംഘ്പരിവാർ നടത്തിവരുന്ന ശ്രമങ്ങൾ അതിന്റെ വിജയപ്രാപ്തിയിലേക്ക് നീളുന്ന ഘട്ടമാണിത്.
അതേ ഫോർമാറ്റും രീതിയും അവലംബിച്ച് കേരളത്തിൽ സോഷ്യൽ എഞ്ചിനീയറിംഗ് നടത്തി തങ്ങൾക്ക് സമഗ്രാധിപത്യം നേടാനുള്ള നീക്കമാണ് സിപിഎം ഇപ്പോൾ നടത്തുന്നത്. അതിലവർ ഭാഗികമായി വിജയിച്ചതാണ് തുടർഭരണം നേടിയെടുക്കാനുണ്ടായ പലകാരണങ്ങളിലൊന്ന്.
വി.എസ് അച്യുതാനന്ദൻ എന്ന പരിണിത പ്രജ്ഞനായ സിപിഎം നേതാവ് ഒരിക്കൽ യാതൊരു വസ്തുതകളുടെ പിൻബലവുമില്ലാതെ കേരളം 20 വർഷം കഴിയുമ്പോൾ മുസ്‌ലിം ഭൂരിപക്ഷ രാജ്യമാകുമെന്ന ഒരു ആരോപണം ഉന്നയിച്ചിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുതൽ സിപിഎം നേതാക്കൾ പച്ചയായി കേരളത്തിലെ മുസ്‌ലിം - ക്രിസ്ത്യൻ ഹാർമണി തകർക്കാനുള്ള നീക്കങ്ങൾ നടത്തുകയും ചെയ്തിരുന്നു. അതിന്റെയൊക്കെ തുടർച്ചയാണ് ചിലകേന്ദ്രങ്ങളിൽ നിന്ന് ഇപ്പോഴുണ്ടാകുന്ന കലുഷിതമായ പ്രചരണങ്ങൾ.
ലവ് ജിഹാദ്, നാർക്കോട്ടിക് ജിഹാദ് തുടങ്ങി വംശീയ-വർഗീയവാദികൾ ഉന്നയിക്കുന്ന ആരോപണം പോലെ തന്നെ വസ്തുതളുടെ പിൻബലമോ സത്യത്തിന്റെ നേർകണികയോ ഇല്ലാത്ത ആരോപണമാണ് സിപിഎം നേതാക്കൾ കേരളമാകെ പ്രഭാഷണം നടത്തി പ്രചരിപ്പിക്കാനൊരുങ്ങുന്നത്.
കേരളത്തിലെ കോളജുകളിൽ പ്രത്യേകിച്ച് സർക്കാർ കോളജുകളിൽ ഏതെങ്കിലും ഒരു വിദ്യാർത്ഥി സംഘടന തങ്ങളിലേക്ക് ബലം പ്രയോഗിച്ച് ആളെ ചേർക്കുന്നെങ്കിൽ അത് സിപിഎമ്മിന്റെ വിദ്യാർത്ഥി സംഘടന മാത്രമാണ്. മറ്റ് വിദ്യാർത്ഥി സംഘടനകളെ പ്രവർത്തിക്കാനനുവദിക്കാതിരിക്കുക, എതിർ ശബ്ദങ്ങളെ കായികമായും സംഘടിത അദ്ധ്യാപക യൂണിയനുകളെ ഉപയോഗിച്ചും നിശബ്ദമാക്കുക തുടങ്ങിയ ഒട്ടേറെ ആരോപണങ്ങൾ അവർക്കെതിരെ വസ്തുതകളുടെ പിൻബലത്തോടെ തന്നെ ഉയരുന്നുണ്ട്.
പരീക്ഷ ഉത്തരക്കടലാസും സർവകലാശാല മുദ്രയും സിപിഎം അനുകൂല വിദ്യാർത്ഥി സംഘടനാ നേതാക്കളിൽ നിന്ന് പിടിച്ചെടുത്ത സംഭവങ്ങളുമുണ്ടായിട്ടുണ്ട്. അതൊക്കെയിരിക്കെ അതിനേക്കാൾ അപകടമായ പ്രചരണമാണ് ഇവിടെ സിപിഎം അഴിച്ചു വിടുന്നത്.
സത്യത്തിൽ ഈ ദുഷ്പ്രചരണം സമൂഹങ്ങളുടെ പരസ്പരമുള്ള വിശ്വാസ്യത തകർക്കുക എന്നത് മാത്രം ഉദ്ദേശിച്ചുള്ളതല്ല. സംഘ്പരിവാറും ലവ് ജിഹാദ് പ്രചരകരും പുലർത്തുന്നതുപോലെ സിപിഎം എന്ന പാർട്ടി വച്ച് പുലർത്തുന്ന സ്ത്രീ വിരുദ്ധതയും ഈ പ്രചരണത്തിന് പിന്നിലുണ്ട്. വിദ്യാർത്ഥിനികളും യുവതികളും ആരുടെയും പ്രലോഭനത്തിന് വീണ് ഏങ്ങോട്ടേയ്ക്കും ചായുന്നവരാണ് എന്ന പുരുഷാധിപത്യ അധമ മനസുകൂടി ഈ പ്രചരണത്തിന് പിന്നിലുണ്ട്.
കേരളത്തെ കലുഷിതമാക്കാനുള്ള നീക്കത്തിൽ നിന്ന് സിപിഎം പിൻമാറുകയാണ് വേണ്ടത്. ഉറച്ച മതേതര നിലപാടുകൾ പുലർത്താറുള്ള സിപിഐ(എം) കേന്ദ്ര നേതൃത്വം സംസ്ഥാനത്തെ ഇനിയെങ്കിലും തിരുത്തിക്കണം.
കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾക്കും മതനിരപേക്ഷതക്കും എതിരായ ഈ നീക്കത്തിൽ നിന്ന് സിപിഎമ്മിനെ പിന്തിരിപ്പിക്കാൻ പുരോഗമ ജനാധിപത്യ സമൂഹം ജാഗ്രത പാലിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.