തിരുവനന്തപുരം: സംസ്ഥാന സർക്കാറിനെതിരെ ആരോപണമുന്നയിക്കുമ്പോഴും ക്ഷേമ പെൻഷനിലെ കേന്ദ്രവിഹിതം മൂന്നു വർഷത്തോളം തടഞ്ഞുവെച്ചതിൽ ഉത്തരമില്ലാതെ കേന്ദ്രമന്ത്രി വി. മുരളീധരൻ. ധനമന്ത്രി കെ.എൻ. ബാലഗോപാലുമായി കഴിഞ്ഞ ദിവസം കൊമ്പുകോർത്തതിന് പിന്നാലെ കൂടുതൽ ആക്രമണം ലക്ഷ്യമിട്ടാണ് ചൊവ്വാഴ്ചയും മുരളീധരൻ മാധ്യമങ്ങളെ കണ്ടത്. കേന്ദ്രം കൊടുക്കാനുള്ളതെല്ലാം കൊടുത്തെന്നും ഇനി എന്തെങ്കിലും വൈകുന്നുണ്ടെങ്കിൽ അതു സംസ്ഥാനത്തിന്റെ കെടുകാര്യസ്ഥത മൂലമാണെന്നും ആവർത്തിച്ച് സ്ഥാപിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ക്ഷേമ പെൻഷൻ ഇനത്തിൽ മൂന്നു വർഷത്തോളം കേന്ദ്ര വിഹിതം മുടങ്ങിയതിനെക്കുറിച്ച് ചോദ്യമുയർന്നത്.
ഇതോടെ കേന്ദ്രമന്ത്രി മറുചോദ്യങ്ങളും ന്യായവാദങ്ങളുമായും ഒഴിഞ്ഞുമാറാനുള്ള ശ്രമമായി. ചോദ്യങ്ങൾ തുടർന്നതോടെ തന്റെ കൈയിൽ ഇതിനെക്കുറിച്ച് ഇപ്പോൾ രേഖകളില്ലെന്നും വിശദാംശങ്ങൾ പിന്നീട് അറിയിക്കാമെന്നും പറഞ്ഞ് വിഷയം അവസാനിപ്പിക്കുകയായിരുന്നു.
ക്ഷേമ പെൻഷനിലെ പരാധീനതക്ക് കേന്ദ്രവിഹിത കാര്യത്തിലെ കേന്ദ്ര നിലപാടും കാര്യമായ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ടെന്നാണ് സർക്കാർ വിലയിരുത്തൽ. 50 ലക്ഷത്തോളം പേർക്ക് സംസ്ഥാനസർക്കാർ പെൻഷൻ നൽകുമ്പോൾ ഇതിൽ കേന്ദ്രവിഹിതം ലഭിക്കുന്നവർ 5.7 ലക്ഷം മാത്രമാണ്. അതും സമയത്ത് കിട്ടാറില്ല.
കേന്ദ്രം വിഹിതം കൂടി കൈയിൽനിന്ന് ഇട്ട് 1600 രൂപ തികച്ച് പെൻഷൻ കൊടുത്ത ഇനത്തിലുള്ള കുടിശ്ശികയാണ് മൂന്ന് വർഷത്തോളം കേന്ദ്രം തടഞ്ഞുവെച്ചത്.
വിധവകൾ, ഭിന്നശേഷിക്കാർ, വയോജനങ്ങൾ എന്നിവർക്കുള്ള പെൻഷനിലാണ് 200 മുതൽ 500 രൂപവരെ കേന്ദ്രവിഹിതം ലഭിക്കുന്നത്. ഇവയുൾപ്പെടെ എല്ലാ വിഭാഗത്തിലും സംസ്ഥാനവിഹിതംകൂടി ചേർത്ത് കേരളത്തിൽ 1600 രൂപയാണ് പെൻഷൻ. സംസ്ഥാനം മാസം 750 കോടി രൂപ പെൻഷനായി ചെലവിടുമ്പോൾ കേന്ദ്രവിഹിതം ഏകദേശം 33 കോടി രൂപ മാത്രമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.