തിരുവനന്തപുരം: ജനസാഗരത്തിന്റെ കണ്ണീർപ്പൂക്കളേറ്റുവാങ്ങി നിത്യനിദ്രയിലാണ്ട ഉമ്മൻ ചാണ്ടിക്കൊപ്പം സോളാർ കേസിലെ ആ രഹസ്യവും മണ്ണിലേക്ക്. സോളാർ കേസിലെ പ്രതി ബിജു രാധാകൃഷ്ണനുമായി എറണാകുളം െഗസ്റ്റ് ഹൗസിലെ അടച്ചിട്ട മുറിയിൽ നടത്തിയ മുക്കാൽ മണിക്കൂർ ചർച്ചയാണ് ഉമ്മൻ ചാണ്ടിക്ക് പിന്നീട് കുരുക്കായത്. അന്ന് മുഖ്യമന്ത്രിയായിരുന്ന ഉമ്മൻ ചാണ്ടിക്ക് മുന്നിൽ ബിജു രാധാകൃഷ്ണൻ പറഞ്ഞ കാര്യങ്ങൾ എന്തായിരുന്നു?
സോളാർ കേസ് കത്തിനിന്ന കാലത്തെല്ലാം ഉമ്മൻ ചാണ്ടിയെ പ്രതിരോധത്തിലാക്കാൻ ഇടതുപക്ഷനേതാക്കൾ ആവർത്തിച്ച് ചോദിച്ച ചോദ്യമാണത്. നിയമസഭയിലടക്കം ആ ചോദ്യം പലകുറി ഉയർന്നപ്പോഴും ഉമ്മൻ ചാണ്ടി ഒന്നും വെളിപ്പെടുത്തിയില്ല. അതിനെക്കുറിച്ച് ഉമ്മൻ ചാണ്ടി പിന്നീട് പറഞ്ഞത് ഇത്രമാത്രം. ‘‘അന്ന് ബിജു രാധാകൃഷ്ണനും മറ്റൊരു വ്യക്തിയുമായി എന്നെ കാണാൻ വന്നു. അന്ന് കുടുംബപ്രശ്നങ്ങളും മറ്റാർക്കും കേൾക്കാൻ കൊള്ളാത്ത ചില കാര്യങ്ങളും തുറന്നുപറഞ്ഞു. ബിജു രാധാകൃഷ്ണൻ തന്നോട് വെളിപ്പെടുത്തിയ കാര്യങ്ങൾ എന്റെ നാവിൽ നിന്ന് പുറത്തുവരില്ല’’.
ആ ശപഥം ഉമ്മൻ ചാണ്ടി പാലിച്ചു. ബിജു പറഞ്ഞ രഹസ്യം എന്താണെന്ന് ഇപ്പോൾ എല്ലാവർക്കും അറിയാമെന്ന് ഒരിക്കൽ പറഞ്ഞ ഉമ്മൻ ചാണ്ടി പേക്ഷ, കൂടുതൽ വിശദീകരിച്ചില്ല. അന്തരിച്ച കോൺഗ്രസ് നേതാവ് എം.ഐ. ഷാനവാസ് പറഞ്ഞതുകൊണ്ടാണ് ബിജു രാധാകൃഷ്ണനുമായുള്ള കൂടിക്കാഴ്ചക്ക് തയാറായത്. ഉമ്മൻ ചാണ്ടിക്ക് മുന്നിൽ ബിജു പറഞ്ഞ കാര്യമെന്തെന്ന് തുറന്നുപറയാതെയാണ് ഷാനവാസും വിട ചൊല്ലിയത്.
തിരുവനന്തപുരം: ബിജു രാധാകൃഷ്ണൻ പറഞ്ഞ രഹസ്യം വെളിപ്പെടുത്താതിരുന്നത് ഉമ്മൻ ചാണ്ടിയുടെ മഹാമനസ്കതയാണെന്ന് ആർ.എസ്.പി സംസ്ഥാന സെക്രട്ടറി ഷിബു ബേബിജോൺ. ചിലരെ വേദനിപ്പിക്കുന്ന കാര്യമായതിനാലാണ് അദ്ദേഹം അത് പുറത്തുപറയാതിരുന്നത്. അന്നത്തെ മന്ത്രിസഭയിലെ അംഗത്തിന് ബിജു രാധാകൃഷ്ണന്റെ ഭാര്യയുമായുണ്ടായ ബന്ധത്തെക്കുറിച്ചുള്ള പരാതിയാണ് ബിജു ഉമ്മൻ ചാണ്ടിക്കു മുന്നിൽ വെച്ചതെന്നാണ് അറിവ്. എന്നാൽ, ആരെ സംരക്ഷിക്കാനാണ് ഉമ്മൻ ചാണ്ടി ശ്രമിച്ചത് അവർ തന്നെ വ്യാജരേഖകൾ ഉണ്ടാക്കി വേട്ടയാടി. തെറ്റുപറ്റിയെന്ന വാക്ക് പോലും പറയാതെയാണ് ഉമ്മൻ ചാണ്ടിയുടെ മഹത്ത്വം അനുസ്മരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.