ആലുവ: വിദ്യാർഥിനിക്ക് ഓൺലൈൻ തട്ടിപ്പിലൂടെ നഷ്ടമായ പണം റൂറൽ പൊലീസ് ഇടപെടലിൽ തിരികെ കിട്ടി. കഴിഞ്ഞ ജൂണിലാണ് പറവൂർ സ്വദേശിയായ എൻജിനീയറിങ് വിദ്യാർഥിനി ആമസോൺ വഴി 1,14,700 രൂപയുടെ ലാപ്പ്ടോപ്പ് ബുക്ക് ചെയ്തത്. മാതാവിന്‍റെ അക്കൗണ്ടിൽനിന്ന് പണം നൽകി. ഒരാഴ്ചക്കുള്ളിൽ പാഴ്സലുമെത്തി.
തുറന്നുനോക്കിയപ്പോൾ പഴയ പേപ്പറുകൾ മാത്രമാണുണ്ടായിരുന്നത്. പാഴ്സൽ തുറക്കുന്നതിന്‍റെ വീഡിയോ ചിത്രീകരിച്ചിരുന്നു. ഫോട്ടോയും എടുത്തു. ഇതുെവച്ച് ആമസോണിൽ പരാതിപ്പെട്ടെങ്കിലും നടപടി ഉണ്ടായില്ല. തുടർന്നാണ് വിദ്യാർഥി ജില്ല പൊലീസ് മേധാവി കെ. കാർത്തിക്കിന് പരാതി നൽകിയത്.
എസ്.പിയുടെ നേതൃത്വത്തിൽ ആലുവ സൈബർ പൊലീസ് സ്റ്റേഷനിലെ പ്രത്യേക സംഘം കേസ് അന്വേഷിച്ചു. ആമസോണിനു വേണ്ടി ലാപ്പ്ടോപ്പ് നൽകിയത് ഹരിയാനയിൽനിന്നുള്ള സ്വകാര്യ കമ്പനിയാണെന്ന് സംഘം കണ്ടെത്തി.
ഈ കമ്പനി കൃഷി - ഹെർബൽ സംബന്ധമായ ഉൽപ്പന്നങ്ങളുടെ വിൽപന നടത്തുന്ന സ്ഥാപനമാണ്. കമ്പനിയുമായി ബന്ധപ്പെട്ടെങ്കിലും ആദ്യം അവർ സമ്മതിച്ചില്ല. ശാസ്ത്രീയ അന്വേഷണങ്ങളുടെയും തെളിവുകളുടേയും വെളിച്ചത്തിൽ നടപടിയുമായി മുന്നോട്ടുപോകുന്നതിനിടയിൽ ലാപ്ടോപ്പിന് അടച്ച തുക വിദ്യാർഥിനിക്ക് തിരികെ നൽകാമെന്ന് പറയുകയും കഴിഞ്ഞ ദിവസം അക്കൗണ്ടിൽ നിക്ഷേപിക്കുകയുമായിരുന്നു.
സൈബർ എസ്.എച്ച്.ഒ എം.ബി. ലത്തീഫ്, സീനിയർ സിവിൽ പൊലീസ് ഓഫിസർ പി.എം. തൽഹത്ത് തുടങ്ങിയവരാണ് അന്വഷണ സംഘത്തിലുള്ളത്. തുടർ നടപടികളുമായി മുന്നോട്ടുപോകുമെന്ന് എസ്.പി കെ. കാർത്തിക് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.