എ.ഐക്കൊപ്പം ജീവിക്കാം

സഹസ്രാബ്ദം കാൽനൂറ്റാണ്ട് പിന്നിട്ടിരിക്കുന്നു. ഈ ദിനം മുതൽ ബീറ്റാ ജനറേഷന്റെ കാലമാണ്. ജെൻ വൈ, ആൽഫ ജനറേഷൻ എന്നീ തലമുറകൾക്കുശേഷം ഇന്ന് മുതൽ ജനിച്ചുവീഴുന്ന ഓരോ കുഞ്ഞിനെയും പുതിയ ജനറേഷൻ ഗണത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

ഈ തലമുറമാറ്റം സാ​ങ്കേതികവിദ്യയിലും പ്രകടമാകുന്ന കാലത്തേക്ക് പ്രവേശിക്കുകയാണ് നാം. 2025 കൺതുറക്കുന്നത് സാ​ങ്കേതിക വിദ്യയുടെ നിർണായകമായ മാറ്റത്തിലേക്കാണ്. നിർമിതബുദ്ധി ദൈനംദിന ജീവിതത്തിൽ ഉപയോഗിക്കാൻ തുടങ്ങിയ പുതുലോകമാണിത്.

മനുഷ്യന്റെ ചരിത്രത്തോളംതന്നെ പഴക്കമുള്ള സാ​ങ്കേതികവിദ്യക്ക് പ്രകാശപ്രവേഗം സാധ്യമായപ്പോൾ അത് നിർമിതബുദ്ധിയായി. ഒരേസമയം അത്ഭുതങ്ങളുടെയും അപകടങ്ങളുടെയും ആ പുതിയ ലോക​ത്താണ് നാം ഇനി ജീവിക്കേണ്ടത്.

എ.ഐയുടെ തലതൊട്ടപ്പനും നൊബേൽ ജേതാവുമായ ജെഫ്രി ഹിന്റൺ മുന്നറിയിപ്പ് നൽകിയതുപോലെ, മാനവരാശിയെത്തന്നെ ഇല്ലാതാക്കാൻ കഴിയുന്ന സാ​ങ്കേതികവിദ്യയാണത്. അതിൽനിന്ന് മാറിനിൽക്കാൻ നമുക്കാവില്ല; അതിനാൽ, അതിജീവനത്തിനുള്ള ഏകമാർഗം ആ സാ​ങ്കേതികവിദ്യയെ ഫലപ്രദമായി ഉപയോഗിക്കുകയും എ.ഐ നിയന്ത്രിത ലോകത്ത് ജീവിക്കാൻ പഠിക്കുകയും ചെയ്യുക എന്നതാണ്.

ഇപ്പോൾതന്നെ എ.ഐ നമ്മുടെ ജീവിതത്തിന്റെ ഭാഗമായിക്കഴിഞ്ഞിട്ടുണ്ട്. പക്ഷേ, എ.ഐ അധിഷ്ഠിതമായ ഒരു സംസ്കാരത്തിലേക്ക് അത് ഇനിയും കടന്നുവന്നിട്ടില്ല. പുതുവർഷത്തിൽ അതിന് മാറ്റംവരുമെന്നുറപ്പ്: തൊഴിൽ, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി നിത്യജീവിതത്തിന്റെ നാനാതുറകളിൽ പുതിയൊരു സംസ്കാരത്തിന്റെകൂടി പിറവിയാണ് സാ​ങ്കേതികലോകം പ്രവചിക്കുന്നത്.

സൈബർ സുരക്ഷ, രാഷ്ട്ര നയതന്ത്രം, ആഗോള വ്യാപാരം തുടങ്ങി അന്താരാഷ്ട്ര വ്യവഹാരങ്ങളും ഇനിയങ്ങോട്ട് എ.ഐ ആയിരിക്കും നയരൂപീകരണം നടത്തുക. അതോടൊപ്പം, പുതിയ കണ്ടെത്തലുകളിലൂടെ എ.ഐ നമ്മെ അത്ഭുതപ്പെടുത്തിക്കൊണ്ടേയിരിക്കും

വരട്ടെ സമാധാനത്തിന്റെ എ.ഐ വർഷം

യുദ്ധമെന്നുപോലും വിളിക്കാൻ കഴിയാത്ത വംശഹത്യയുടെ കൊടുംകാ​ഴ്ചകൾ കണ്ട 2024ൽ നിന്ന് പുതുവർഷം കടക്കുമ്പോൾ പ്രതീക്ഷാനിർഭരമായതൊന്നും ലോകത്തിനു മുന്നിലില്ല. എങ്കിലും പ്രതീക്ഷയാണ് മുന്നോട്ടുപോകാനുള്ള ഏക വഴിയെന്ന് മനസ്സിലുറപ്പിക്കാം. നിർമിത ബുദ്ധി നമ്മുടെ ജീവിതത്തിന്റെ ഭാഗമാകുന്നതിലൂടെ സമൂല മാറ്റം വരുന്ന ലോകത്തിന് സമാധാനത്തിന്റെ നിറം വരട്ടെയെന്ന് പ്രത്യാശിക്കാം.

Tags:    
News Summary - Let's live with A.I

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.