തിരുവനന്തപുരം: രാഷ്ട്രീയം കളിച്ച ഗവർണർക്ക് അടിതെറ്റുമ്പോൾ നിരാശ കനക്കുന്നത് ബി.ജെ.പിയിൽ. അടിമുടി രാഷ്ട്രയക്കാരനായ ആരിഫ് മുഹമ്മദ് ഖാനെ ഗവർണറായി കേരളത്തിലേക്ക് അയച്ചത് ബി.ജെ.പി സർക്കാറിന്റെ കൃത്യമായ കണക്കുകൂട്ടൽ ആയിരുന്നെന്നു തുടക്കത്തിലേ ചൂണ്ടിക്കാട്ടപ്പെട്ടിരുന്നു.
രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകാൻ കേരള വി.സിയോട് നിർദേശിച്ചുവോ എന്നു ചോദിച്ച മാധ്യമ പ്രവർത്തകരെ രാഷ്ട്രപതി, ഗവർണർ പദവികൾ ഭരണഘടന സ്ഥാപനമാണെന്നാണ് ആരിഫ് മുഹമ്മദ് ഖാൻ ഓർമിപ്പിച്ചത്. എന്നാൽ, മുൻ നടപടികളിൽ അദ്ദേഹം അതു പുലർത്തിയില്ലെന്ന ആക്ഷേപം മുമ്പേ ഉയർന്നിരുന്നു. കേന്ദ്രം പാസാക്കിയ പൗരത്വ നിയമത്തെ പരസ്യമായി ന്യായീകരിച്ച ഗവർണറും സർക്കാറും നേർക്കുനേർ നിന്നു. നിയമസഭയിൽ നയപ്രഖ്യാപനത്തിൽ സി.എ.എക്ക് എതിരായ ഭാഗങ്ങൾ വായിക്കില്ലെന്ന വാശി പിടിച്ചു. പിന്നീട് വിയോജിപ്പ് പ്രകടിപ്പിച്ച് വായിച്ചു. കർഷക നിയമം ചർച്ച ചെയ്യാൻ നിയമസഭ വിളിക്കണമെന്ന സർക്കാർ ശിപാർശ ആദ്യം തള്ളിയ ആരിഫ് പിന്നീടാണ് തയാറായത്. ഭരണഘടന പദവിയിലിരുന്നു പാടില്ലാത്തതാണ് ഗവർണർ ചെയ്യുന്നതെന്നു ഭരണ-പ്രതിപക്ഷം ആരോപിച്ചപ്പോഴും ന്യായീകരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര സർക്കാറിന്റെയും ആർ.എസ്.എസിന്റെയും ഹിന്ദുത്വ രാഷ്ട്രീയ നിലപാടിനെ സാധൂകരിക്കുന്നതായിരുന്നു തന്റെ പ്രതികരണമെങ്കിലും അന്നൊന്നും പദവിയുടെ വിശുദ്ധതയിൽ ആരിഫ് മുഹമ്മദ് ഖാൻ ആശങ്ക പ്രകടിപ്പിച്ചിരുന്നില്ല. എൽ.ഡി.എഫ് സർക്കാറുമായി ഏറ്റുമുട്ടലിന്റെ പാതയെന്ന പ്രതീതി കാട്ടുമ്പോഴും മുഖ്യമന്ത്രിയുമായി സമവായപാതയാണ് ആരിഫ് സ്വീകരിച്ചതെന്ന ആക്ഷേപം ബി.ജെ.പിക്കുണ്ട്. ഗവർണറെ തിരിച്ചു വിളിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന പ്രമേയം അനുവദിക്കാതെ സർക്കാർ ഒത്തുകളിച്ചത് ഇതിന്റെ ഭാഗമാണെന്നാണ് ആക്ഷേപം.
കണ്ണൂർ വി.സി നിയമന ഉത്തരവിൽ ഒപ്പുവെച്ച ശേഷം നടത്തിയ വെളിപ്പെടുത്തലും രാഷ്ട്രപതിക്ക് ഡി. ലിറ്റ് നൽകണമെന്ന വിവാദ നിർദേശത്തിലും ബി.ജെ.പിക്ക് ലഭിക്കേണ്ട രാഷ്ട്രീയനേട്ടം ഇല്ലാതാവുന്ന നടപടിയാണ് ഉണ്ടായതെന്നാണു ബി.ജെ.പി നേതൃത്വത്തിന്റെ പരാതി. കേന്ദ്ര ബി.ജെ.പി നേതൃത്വവും നരേന്ദ്ര മോദിയുമായി അടുത്ത ബന്ധം പുലർത്തുന്ന ആരിഫ് ഖാന് ഉപരാഷ്ടപതി സ്ഥാനത്തേക്ക് നോട്ടമുണ്ടെന്ന അഭ്യൂഹം നേരത്തേയുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.