തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ നടൻ സുരേഷ് ഗോപി മത്സരിക്കുമോ, മത്സരിക്കുമെങ്കിൽ ഏത് മണ്ഡലം തുടങ്ങിയ കാര്യങ്ങളിൽ ആശയക്കുഴപ്പം തുടരുന്നു. ബി.ജെ.പിയുടെ സാധ്യതാപട്ടികയിൽ തിരുവനന്തപുരം സെൻട്രൽ, വട്ടിയൂർക്കാവ്, തൃശൂർ എന്നിവിടങ്ങളിൽ സുരേഷ് ഗോപിയുടെ പേരാണുള്ളത്. പാർട്ടി എം.പിയായ സുരേഷ് ഗോപി മത്സരിച്ചേ പറ്റൂവെന്ന നിലപാടിലാണ് ബി.ജെ.പി നേതൃത്വം. തിരുവനന്തപുരം സെൻട്രൽ, തൃശൂർ എന്നിവിടങ്ങളിലാണെങ്കിൽ വിജയം സുനിശ്ചിതമാണെന്നാണ് പാർട്ടി വിലയിരുത്തൽ.
ലോക്സഭാ തെരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ കാഴ്ചെവച്ച പ്രകടനവും തിരുവനന്തപുരത്ത് സ്ഥിരതാമസമെന്ന ഘടകങ്ങളുമാണ് ഇൗ മണ്ഡലങ്ങളിലേക്ക് അദ്ദേഹത്തെ പരിഗണിക്കാൻ കാരണം. എന്നാൽ, സിനിമ ഷൂട്ടിങ് തിരക്കിലാണെന്ന കാരണം ചൂണ്ടിക്കാട്ടി അദ്ദേഹം മത്സരിക്കുന്നതിൽനിന്ന് ആദ്യഘട്ടം പിന്മാറിയിരുന്നു. മത്സരിക്കണമെന്ന് നിർബന്ധമാണെങ്കിൽ ഗുരുവായൂരിലാകാമെന്ന് സുരേഷ് ഗോപി കേന്ദ്ര നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.
എന്നാൽ, ഗുരുവായൂരിൽ മഹിളാ മോർച്ച സംസ്ഥാന പ്രസിഡൻറ് നിവേദിതയുടെ പേരാണ് പരിഗണനയിൽ. ബി.ജെ.പിയുടെ സ്ഥാനാർഥി പട്ടികക്ക് നാളെ അന്തിമരൂപമാകുമെന്നാണ് കരുതുന്നത്. തിരുവനന്തപുരം സെൻട്രൽ, കഴക്കൂട്ടം, തൃശൂർ, വട്ടിയൂർക്കാവ്, കോന്നി, മഞ്ചേശ്വരം എന്നീ സീറ്റുകളിൽ അനിശ്ചിതത്വം തുടരുകയാണ്.
സംസ്ഥാന പ്രസിഡൻറ് കെ. സുരേന്ദ്രനെയാണ് കഴക്കൂട്ടം, കോന്നി മണ്ഡലങ്ങളിൽ പരിഗണിക്കുന്നത്. കേന്ദ്ര സഹമന്ത്രി വി. മുരളീധരൻ കഴക്കൂട്ടത്ത് സ്ഥാനാർഥിയാകുകയാണെങ്കിൽ സുരേന്ദ്രൻ കോന്നിയിൽ മത്സരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.