representational image

ധോണിയിൽ വീണ്ടും കാട്ടാനക്കൂട്ടം

അകത്തേത്തറ: ധോണി എന്ന പി.ടി. ഏഴാമൻ കാട്ടാനയെ കൂട്ടിലാക്കി രണ്ടാഴ്ച പിന്നിടുമ്പോഴും നാട്ടുകാർക്ക് ഉറക്കമില്ലാത്ത രാത്രികൾ തന്നെ. ധോണി ജനവാസ മേഖലയിലിറങ്ങിയ കാട്ടാന കൂട്ടത്തിന്‍റെ പരാക്രമങ്ങൾ തുടരുകയാണ്. അകത്തേത്തറ പഞ്ചായത്തിലെ നാല് വാർഡുകളിലാണ് കാട്ടാനകൂട്ടം സ്വതന്ത്ര സഞ്ചാരം തുടരുന്നത്.

ഒരാഴ്ചയായി ധോണി, മായാപുരം, ചേറാട്, പെരുന്തുരുത്തി കളം എന്നിവിടങ്ങളിലാണ് കാട്ടാനകളുടെ വിളയാട്ടം. ബുധനാഴ്ച പുലർച്ചെ വരകുളം ഭാഗത്ത് നിന്ന് വന്ന കാട്ടു കൊമ്പനും കുട്ടിയും അടക്കമുള്ളവ മായാപുരം ജനവാസ മേഖലയിലെത്തിയത് പുലർച്ചെ രണ്ടരക്കാണ്.

മായാപുരം മേരി മാത ക്വാറിയുടെ പരിസരത്താണ് ഇവ ഇറങ്ങിയത്. ക്വാറിയുടെ ചുറ്റുമതിലും സുരക്ഷ ജീവനക്കാരന്‍റെ മുറിയുടെ ചുറ്റുമതിലും കാട്ടാന തകർത്തു. ചിന്നം വിളി കേട്ടാണ് പരിസരവാസികൾ ഉണർന്നത്. ക്വാറി ഭാഗത്ത് നിന്ന് മായാപുരം ചെറിയ കോളനി, ചേരും കാട് വഴി എത്തിയ കാട്ടാനകൾ തൊട്ടടുത്ത പറമ്പിലെ പന മറിച്ചിട്ടു. ഇവ തിന്നാനുള്ള ശ്രമത്തിനിടെ സ്ഥലത്തെത്തിയ ദ്രുത കർമ സേനയും നാട്ടുകാരും ചേർന്ന് ബഹളം വെച്ചാണ് കാട്ടാനയെ തുരത്തിയത്.

അതേസമയം, ധോണി ജനവാസ മേഖലയിൽ കാട്ടാനക്കൂട്ടം ഇറങ്ങുന്നത് തടയാൻ ദ്രുത പ്രതികരണ സംഘത്തിന്‍റെ അംഗബലം കൂട്ടുമെന്ന് പാലക്കാട് ഡിവിഷൻ വനം വകുപ്പ് ഉന്നതോദ്യാഗസ്ഥർ പറഞ്ഞു.അതിനിടെ കൂട്ടിലെ വാസം തുടരുന്ന പി.ടി. ഏഴാമന് പുല്ലും ചപ്പും തന്നെയാണ് നിത്യ ഭക്ഷണം. വേനൽ കനത്തതോടെ ശരീരം തണുപ്പിക്കാൻ ഇടക്കിടെ വെള്ളം തെളിച്ച് ശരീരം തണുപ്പിക്കുന്നുണ്ട്. ആരോഗ്യസ്ഥിതി വിലയിരുത്തുന്നുമുണ്ട്.

Tags:    
News Summary - wild elephant again in Dhoni

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.