ചീരാൽ: കാട്ടാന ശല്യത്തിൽ പൊറുതിമുട്ടിയ കർഷകർ പ്രക്ഷോഭത്തിലേക്ക്. ജീവനും സ്വത്തിനും ആനകൾ ഭീഷണി ഉയർത്തുേമ്പാൾ സർക്കാർ മൗനത്തിലാണ്. ഈസ്റ്റ് ചീരാൽ, വരിക്കേരി, പാട്ടത്ത്, പൂമറ്റം, കമ്പക്കൊടി, പുതുശ്ശേരി, അയനിപ്പുര, കുണ്ടൂർ, നമ്പ്യാർകുന്ന്, കാപ്പാട് മുതലായ പ്രദേശങ്ങളിൽ ആനശല്യം രൂക്ഷമായി. വൈകുന്നേരമായാൽ നാട്ടുകാർക്ക് പുറത്തിറങ്ങാനാകാത്ത സാഹചര്യമാണ്.
പുളിയാമക്കൽ ജോയ്, മണ്ണിൽ രാജൻ, വരിക്കേരി കുഞ്ഞിരാമൻ, പാട്ടത്ത് വിജയൻ, ചിറക്കര കുഞ്ഞുമോൻ, പി.ആർ. ഉഷ, വി. സന്തോഷ്, എ. വിശ്വനാഥൻ തുടങ്ങിയ കർഷകരുടെ കൃഷിയിടം കഴിഞ്ഞ ദിവസം കാട്ടാന നശിപ്പിച്ചു. ഏതാനും ദിവസങ്ങൾക്കു മുമ്പാണ് പ്രദേശത്ത് പ്ലസ് ടു വിദ്യാർഥി നിഖിലിനെ ആന ആക്രമിച്ചത്. തലനാരിഴക്കാണ് രക്ഷപ്പെട്ടത്. കുറച്ച് ദിവസങ്ങളായി കുടുക്കി ടൗണിൽ അടക്കം ജനങ്ങൾക്കും കൃഷിയിടത്തിനും ഭീഷണിയായി ആനകൾ വിഹരിക്കുന്നു. വനംവകുപ്പ് അനാസ്ഥ കാണിക്കുന്നതിൽ നാട്ടുകാർ രോഷാകുലരാണ്.
വനംവകുപ്പിന് തികഞ്ഞ അനാസ്ഥ –കാർഷിക പുരോഗമന സമിതി
സുൽത്താൻ ബത്തേരി: ചീരാൽ, ഈസ്റ്റ് ചീരാൽ, നമ്പ്യാർകുന്ന്, മുണ്ടക്കൊല്ലി, പഴൂർ തുടങ്ങിയ പ്രദേശങ്ങളിലെ വന്യമൃഗശല്യത്തിന് പരിഹാരം കാണാതെ വനംവകുപ്പ് തികഞ്ഞ അനാസ്ഥ തുടരുകയാണെന്ന് കാർഷിക പുരോഗമന സമിതി നെന്മേനി പഞ്ചായത്ത് കമ്മിറ്റി ആരോപിച്ചു. വന്യമൃഗങ്ങൾ ഇറങ്ങിയാൽ താൽക്കാലിക നടപടി സ്വീകരിക്കാൻ പോലും വനംവകുപ്പിന് കഴിയുന്നില്ല. കാടൻകൊല്ലി മുതൽ കാപ്പാട് വരെ 18 കി.മീറ്റർ പ്രതിരോധ സംവിധാനം ഏർപ്പെടുത്താനുള്ള പദ്ധതിയിൽ വനംവകുപ്പ് നടപടി സ്വീകരിച്ചിട്ടില്ല.
എന്നാൽ, വന്യമൃഗങ്ങൾ കർഷകെൻറ കൃഷിയിടത്തിൽ കുടുങ്ങിയാൽ കേസെടുത്ത് കർഷകനെ ജയിലിൽ അടക്കുകയാണ് വനപാലകർ. കർഷകെൻറ ജീവനും സ്വത്തിനും സംരക്ഷണം നൽകുക, കർഷകർക്ക് അർഹമായ നഷ്ടപരിഹാരം നൽകുക, കള്ളക്കേസിൽ കുടുക്കുന്നത് ഒഴിവാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കാർഷിക പുരോഗമന സമിതി പഞ്ചായത്ത് കമ്മിറ്റി ജൂലൈ രണ്ടിന് പഴൂർ ഫോറസ്റ്റ് ഓഫിസിനു മുന്നിൽ സമരം നടത്തും. വി.കെ. ഷാജി അധ്യക്ഷത വഹിച്ചു. ജില്ല ചെയർമാൻ ഡോ. പി. ലക്ഷ്മണൻ, കണ്ണിവട്ടം കേശവൻ ചെട്ടി, കെ.ഒ. ഷിബു, പി. ഷണ്മുഖൻ, അനീഷ്, സി.എ. അഫ്സൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.