തിരുവനന്തപുരം: സംസ്ഥാനത്തെ കാട്ടാനകളുടെ എണ്ണം കണക്കാക്കാനുള്ള ഫീല്‍ഡ്തല പരിശോധന മേയ് 17 മുതല്‍ 19 വരെ നടക്കും. വയനാട് പ്രദേശങ്ങളിലെ കടുവകളുടെ കണക്കെടുപ്പ് ഏപ്രില്‍ ആദ്യവാരം നടത്താനും തീരുമാനിച്ചതായി വനംമന്ത്രി എ.കെ. ശശീന്ദ്രൻ വ്യക്തമാക്കി. വനം മേധാവി ബെന്നിച്ചന് തോമസിന്റെ അധ്യക്ഷതയില്‍ ചേർന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷമാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കാട്ടാനകളുടെയും കടുവകളുടെയും കണക്കെടുക്കുമെന്ന് നിയമസഭ സമ്മേളനത്തില്‍ മന്ത്രി അറിയിച്ചിരുന്നു. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ മേല്‍നോട്ടത്തിലാണ് പരിശോധന. അഡീഷനല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ സംസ്ഥാനതലത്തില്‍ നോഡല്‍ ഓഫിസറാകും. പെരിയാര്‍, പറമ്പിക്കുളം കടുവ സങ്കേതങ്ങളിലെ ഫീല്‍ഡ് ഡയറക്ടര്‍മാരും പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കും.
മൂന്നു ദിവസത്തെ ഫീല്‍ഡ് പരിശോധനയില്‍ ഓരോ സാമ്പ്ള്‍ ബ്ലോക്കിനുള്ളിലെയും ആനപ്പിണ്ടങ്ങളുടെ എണ്ണവും മനുഷ്യ-വന്യജീവി ഇടപെടലുമായി ബന്ധപ്പെട്ട വിവരങ്ങളും ജലലഭ്യത, കൃഷിരീതി മുതലായവയും ശേഖരിക്കും. ആനകളുടെ ആവാസവ്യവസ്ഥയിലെ മാറ്റത്തെക്കുറിച്ച വിവരശേഖരണവും ഈ കാലയളവില്‍ നടത്തും. ഫീല്‍ഡ്തല പരിശോധനക്കായി ഉദ്യോഗസ്ഥര്‍ക്കും വാച്ചര്‍മാര്‍ക്കും സന്നദ്ധപ്രവര്‍ത്തകര്‍ക്കും ഏപ്രില്‍ 17 മുതല്‍ പരിശീലനം നൽകും. ഇ.ഡി.സി, വി.എസ്.എസ് എന്നിവയില്‍നിന്നുമുള്ള സന്നദ്ധപ്രവര്‍ത്തകരെയും പരിശീലനത്തില്‍ ഉള്‍പ്പെടുത്തും.
കണ്ണൂര്‍ ഫോറസ്റ്റ് ഡിവിഷന്റെ ഒരു ഭാഗം, ആറളം, കൊട്ടിയൂര്‍ വന്യജീവി സങ്കേതങ്ങള്‍, വയനാട് നോര്‍ത്ത്, സൗത്ത് ഫോറസ്റ്റ് ഡിവിഷനുകളുടെ ഭാഗങ്ങള്‍, വയനാട് വന്യജീവി സങ്കേതം എന്നിവ ഉള്‍പ്പെടുന്ന വയനാട് ലാന്‍ഡ്സ്കേപ്പിലാണ് കടുവകളുടെ കണക്കെടുപ്പ് നടത്തുന്നത്. ടൈഗര്‍ കണ്‍സര്‍വേഷന്‍ ഫൗണ്ടേഷനില്‍ പ്രവര്‍ത്തിക്കുന്ന പ്രഫഷണലുകള്‍, ബയോളജിസ്റ്റുകള്‍, വൈല്‍ഡ് ലൈഫ് അസിസ്റ്റന്റുമാര്‍, ഡെപ്യൂട്ടി ഡയറക്ടര്‍മാര്‍ (വൈല്‍ഡ് ലൈഫ് എജുക്കേഷന്‍) എന്നിവര്‍ക്കായി ഏപ്രില്‍ ആദ്യവാരം പെരിയാര്‍ ടൈഗര്‍ റിസര്‍വില്‍ പരിശീലനം നല്‍കും. വാളയാറിലെയും അരിപ്പയിലെയും സ്റ്റേറ്റ് ഫോറസ്റ്റ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ട്രെയിനര്‍മാര്‍ക്കും പരിശീലനം നല്‍കും. കടുവകളുടെ എണ്ണം കൃത്യമായി കണക്കാക്കുന്നതിന് നാഷനല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അതോറിറ്റിയുടെ മാനദണ്ഡങ്ങള്‍ പ്രകാരം ‘ഓള് ഇന്ത്യ ടൈഗര്‍ എസ്റ്റിമേഷന്റെ’ ഭാഗമായി 312 സ്ഥലങ്ങളില്‍ കാമറ ട്രാപ്പുകള്‍ വിന്യസിക്കും. കാമറ കെണിയില്‍ ഉള്‍പ്പെടുന്ന ഓരോ കടുവക്കും പ്രത്യേക ഐഡി നല്‍കുകയും മാപ്പ് ചെയ്യുകയും ചെയ്യും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.