കൽപറ്റ: ജില്ലയുമായി വനാതിർത്തി പങ്കിടുന്ന അന്തർ സംസ്ഥാന വനാതിർത്തിയിലെ ജനവാസ കേന്ദ്രങ്ങളിൽ വന്യജീവികൾ ഇറങ്ങുന്നതുമായി ബന്ധപ്പെട്ട് പാലിക്കേണ്ട മുൻകരുതലുകൾ സംബന്ധിച്ച് തമിഴ്നാട്- കർണാടക അധികൃതരുമായി ചർച്ച നടത്തിയതായും ഔദ്യോഗിക തലത്തിൽ അന്തർ സംസ്ഥാന സർക്കാറിന് കത്ത് നൽകണമെന്ന് ജില്ലാ കലക്ടർക്ക് നിർദേശം നൽകിയതായും രാഹുൽ ഗാന്ധി എം.പി അറിയിച്ചു.
ജില്ലയിൽ വന്യജീവി ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബങ്ങൾക്കുള്ള സാമ്പത്തിക സഹായം ഒരു മാസത്തിനകം തന്നെ നൽകാൻ റവന്യൂ - വനം വകുപ്പുകൾ ഇടപെടൽ നടത്തണം. ജില്ലയിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടവരുടെ വീട് സന്ദർശിച്ച് തോൽപ്പെട്ടി, പുളിഞ്ഞാൽ എന്നിവിടങ്ങളിൽ കാട്ടാന ആക്രമണത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങളെ നേരിൽ കണ്ട ശേഷം കൽപറ്റയിൽ നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു എം.പി. മാനന്തവാടി ഗവ. മെഡിക്കൽ കോളജിൽ വന്യ മൃഗങ്ങളുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സക്ക് എത്തുന്നവർക്ക് മികച്ച ചികിത്സ ഉറപ്പാക്കാൻ കൂടുതൽ സൗകര്യങ്ങൾ ലഭ്യമാക്കണം. വന്യമൃഗ ശല്യം രൂക്ഷമായ പ്രദേശങ്ങളിൽ കാമറ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കാൻ അധികൃതർക്ക് എം.പി നിർദേശം നൽകി. രാഹുൽ ഗാന്ധി എം.പി യുടെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ കെ.സി. വേണു ഗോപാൽ എം.പി, എം.എൽ.എ മാരായ ടി. സിദ്ദീഖ്, ഐ.സി. ബാലകൃഷ്ണൻ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ, ജില്ലാ കലക്ടർ ഡോ. രേണു രാജ്, ജില്ലാ പൊലീസ് മേധാവി ടി. നാരായണൻ, സബ് കലക്ടർ മിസൽ സാഗർ ഭരത്, എ.ഡി.എം കെ. ദേവകി, സൗത്ത് ഡി.എഫ്.ഒ ഷജ്ന കരീം, നോർത്ത് ഡി.എഫ്.ഒ മാർട്ടിൻ ലോവൽ എന്നിവർ പങ്കെടുത്തു.
ഒരു ദിവസത്തെ സന്ദർശനത്തിനായി വയനാട്ടിൽ എത്തിയ രാഹുൽഗാന്ധി എം.പി വന്യമൃഗ ആക്രമണങ്ങളിൽ മരിച്ചവരുടെ വീടുകൾ സന്ദർശിച്ച് മടങ്ങി. ഞായറാഴ്ച പുലർച്ചെ വയനാട്ടിൽ എത്തിയ അദ്ദേഹം ആദ്യം പോയത് പടമലയിൽ ബേലൂർ മഖ്ന യുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട പനച്ചിയിൽ അജീഷിന്റെ വീട്ടിലേക്കാണ്. പാക്കത്ത് വെള്ളിയാഴ്ച മരിച്ച കുറുവാ ദ്വീപിലെ താൽക്കാലിക ജീവനക്കാരൻ വെള്ളച്ചാൽ പോളിന്റെ വീട്ടിലേക്കാണ് തുടർന്ന് രാഹുൽ പോയത്.
കടുവയുടെ ആക്രമണത്തിൽ വാകേരിയിൽ കൊല്ലപ്പെട്ട പ്രജീഷിന്റെ വീട്ടിലാണ് പിന്നീട് രാഹുൽ എത്തിയത്. ഇപ്പോഴും ഈ പ്രദേശത്ത് കടുവയുടെ ശല്യം രൂക്ഷമാണെന്ന് നാട്ടുകാരും വീട്ടുകാരും എം.പിയെ അറിയിച്ചു. ഗൃഹ സന്ദർശനങ്ങൾ കഴിഞ്ഞ് കൽപറ്റയിലെത്തിയ രാഹുൽ ഗാന്ധി വന്യമൃഗ ആക്രമണങ്ങളെ കുറിച്ചുള്ള യോഗത്തിലും സംബന്ധിച്ച ശേഷമാണ് മടങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.