സുൽത്താൻ ബത്തേരി: വന്യമൃഗ ശല്യവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുന്നതിന് വിവിധ വകുപ്പുകളുടെ ഏകോപനം സാധ്യമാക്കാൻ മന്ത്രിസഭ ഉപസമിതി വിളിച്ചുചേര്‍ത്ത സര്‍വകക്ഷി യോഗത്തിൽ തീരുമാനം. വന്യമൃഗ ശല്യം തടയുന്നതിന് വനാതിര്‍ത്തികളില്‍ നിലവിലുള്ള ഫെന്‍സിങ് സംവിധാനത്തിന് ജനകീയ മേല്‍നോട്ടം ഉണ്ടാകണം. ഇതിനായി പഞ്ചായത്ത് തലത്തില്‍ പ്രസിഡന്റിന്റെ നേതൃത്വത്തിലും വാര്‍ഡ് തലത്തില്‍ മെംബറുടെ നേതൃത്വത്തിലും ജനകീയ സമിതികള്‍ രൂപവത്കരിക്കണം. സമിതികളില്‍ എസ്.ടി പ്രമോട്ടര്‍മാര്‍, കുടുംബശ്രീ, അയല്‍ക്കൂട്ടം, ആശാവര്‍ക്കര്‍മാരുടെ പങ്കാളിത്തം ഉറപ്പാക്കണം.
തൊഴിലുറപ്പ് പദ്ധതിയിലൂടെ വനത്തില്‍ സ്വാഭാവിക ആവാസ വ്യവസ്ഥ പുനഃസൃഷ്ടിക്കാനുള്ള പദ്ധതികള്‍ നടപ്പാക്കും. ജലലഭ്യത ഉറപ്പാക്കാന്‍ ജലസ്രോതസ്സുകളുടെ നവീകരണം, പുതിയ കുളങ്ങള്‍ നിർമിക്കല്‍, നീര്‍ച്ചാലുകളില്‍ തടയണ നിര്‍മാണം, അടിക്കാട് വെട്ടല്‍, ട്രഞ്ച് നിർമാണം എന്നിവക്ക് സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കുന്ന ട്രൈബല്‍ പ്ലസിന്റെ ഫണ്ട് വിനിയോഗിക്കും.
സര്‍വകക്ഷി യോഗത്തിനുശേഷം മന്ത്രിമാരുടെ നേതൃത്വത്തില്‍ തദ്ദേശസ്വയംഭരണ അധ്യക്ഷന്മാരുടെ യോഗവും ചേര്‍ന്നു. സര്‍വകക്ഷി യോഗത്തിന് വനം-വന്യജീവി സംരക്ഷണ മന്ത്രി എ.കെ. ശശീന്ദ്രന്, റവന്യൂ മന്ത്രി കെ. രാജന്, തദ്ദേശ സ്വയംഭരണ മന്ത്രി എം.ബി. രാജേഷ് എന്നിവർ നേതൃത്വം നൽകി.
നഷ്ടപരിഹാരം ഉയര്‍ത്തല്‍ പരിഗണിക്കും
വന്യമൃഗ ആക്രമണങ്ങളില്‍ കൊല്ലപ്പെടുന്നവര്‍ക്കും പരിക്കേല്‍ക്കുന്നവര്‍ക്കുമുള്ള നഷ്ടപരിഹാരം ഉയര്‍ത്തുന്നത് മന്ത്രിസഭ യോഗത്തില്‍ പരിഗണിക്കും. മതിയായ നഷ്ടപരിഹാരം ലഭിക്കുന്നില്ലെന്ന പരാതി പരിശോധിക്കും. നഷ്ടപരിഹാരത്തുക ഉയര്‍ത്തണമെന്ന കാലങ്ങളായുള്ള ആവശ്യമാണ് മന്ത്രിസഭ യോഗത്തില്‍ പരിഗണിക്കുക.
ജില്ലതല മോണിറ്ററിങ് സമിതി
ജനവാസ മേഖലകളില്‍ വന്യജീവികള്‍ ഇറങ്ങുന്നതും ആക്രമിക്കുന്നതും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ ജില്ലതല മോണിറ്ററിങ് കമ്മിറ്റി രൂപവത്കരിക്കും. ജില്ലയിലെ എം.എല്‍.എമാര്‍, ജില്ല പഞ്ചായത്ത് പ്രസിഡന്റ്, കലക്ടര്‍, തദേശ സ്വയംഭരണ വകുപ്പ് ജോയന്റ് ഡയറക്ടര്‍, ഫോറസ്റ്റ് സ്പെഷല്‍ ഓഫിസര്‍, ജില്ല പൊലീസ് മേധാവി, ഭരണകക്ഷി പാര്‍ട്ടികളില്‍നിന്ന് നാല്, പ്രതിപക്ഷ പാര്‍ട്ടികളില്‍നിന്ന് മൂന്ന്, ബി.ജെ.പിയില്‍നിന്ന് ഒന്ന് എന്ന തോതില്‍ പ്രതിനിധികൾ എന്നിവരെ ഉള്‍പ്പെടുത്തിയായിരിക്കും ജില്ലതല മോണിറ്ററിങ് സമിതി. രണ്ടാഴ്ചയില്‍ ഒരിക്കല്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതി വിലയിരുത്തണം. പഞ്ചായത്ത്, വാര്‍ഡ് തലത്തിലും സമിതികള്‍ രൂപവത്കരിക്കും.
റിസോര്‍ട്ടുകള്‍ക്കെതിരെ നടപടി
വനമേഖലയോടു ചേര്‍ന്ന റിസോര്‍ട്ടുകള്‍ വന്യമൃഗങ്ങളെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രവര്‍ത്തിക്കുന്നത് ശ്രദ്ധയിൽപെട്ടാല്‍ ലൈസന്‍സ് റദ്ദ് ചെയ്യാന്‍ നോട്ടീസ് നല്കി കര്‍ശന നടപടിയെടുക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തി. വനാതിര്‍ത്തിയില്‍ മാലിന്യം തള്ളുന്നത് തടയാന്‍ നടപടി ശക്തമാക്കും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ജനകീയ മോണിറ്ററിങ് നടത്തും. റിസോര്‍ട്ടുകളില്‍ ബയോ വേസ്റ്റ് മാനേജ്മെന്റ് സംവിധാനം ഉറപ്പാക്കും.
ജില്ലയില്‍ കമാന്‍ഡ് കണ്ട്രോള് സെന്റര്‍
റവന്യൂ, പൊലീസ്, ഫോറസ്റ്റ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, പട്ടികജാതി-വര്‍ഗ വികസന വകുപ്പ് എന്നിവര്‍ സംയുക്തമായി കമാന്‍ഡ് കണ്ട്രോള് സെന്റര്‍ ജില്ലയില്‍ പ്രാവര്‍ത്തികമാക്കാന്‍ തീരുമാനിച്ചതായി മന്ത്രിമാര്‍ പറഞ്ഞു. ബാവലി ഫോറസ്റ്റ് ചെക്ക് പോസ്റ്റ് കേന്ദ്രീകരിച്ച് പ്രവര്‍ത്തനങ്ങള്‍ക്കായി കണ്ട്രോൾ റൂം സജീവമാക്കി. കമ്യൂണിറ്റി റേഡിയോ, വയര്‍ലെസ് സംവിധാനങ്ങള്‍, വാട്സ്ആപ് ഗ്രൂപ്പുകള്‍ എന്നിവ ഉപയോഗിച്ച് ജനങ്ങളെ ജാഗ്രതപ്പെടുത്താനുള്ള മുന്നറിയിപ്പ് സംവിധാനം ശക്തിപ്പെടുത്തി.
ജില്ലയില്‍ രണ്ട് ആര്.ആര്.ടികള്‍ സ്ഥിരമാക്കി. അതിര്‍ത്തി മേഖലകളില്‍ ഉള്‍പ്പെടെ രാത്രിയില്‍ പട്രോളിങ് ശക്തിപ്പെടുത്തി. വെറ്ററിനറി സര്ജന് ഡോ. അരുണ്‍ സക്കറിയയെ വനം വകുപ്പില്‍ തന്നെ നിലനിര്‍ത്തി. ജില്ലയില്‍ നോഡല്‍ ഓഫിസറെ നിയമിച്ചു. നോഡല്‍ ഓഫിസര്‍ക്ക് സ്വതന്ത്ര ചുമതലയും ഓഫിസും നല്കുന്ന കാര്യം അനുഭാവപൂർവം പരിഗണിക്കും.
ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിക്കും
വന്യജീവി ആക്രമണത്തിന്റെ ഭാഗമായി ജില്ലയിലെയും ജില്ലക്ക് പുറത്തുള്ള സ്വകാര്യ ആശുപത്രികളിലെയും ചികിത്സച്ചെലവ് സര്‍ക്കാര്‍ വഹിക്കും. എന്നാല്‍, ഇതിന്റെ പരിധി നിശ്ചയിക്കുന്ന കാര്യത്തില്‍ മന്ത്രിസഭ യോഗം ചേര്‍ന്ന് നടപടി സ്വീകരിക്കും.
ആവാസവ്യവസ്ഥ സംരക്ഷിക്കാന്‍ സെന്ന മരങ്ങള്‍ നീക്കം ചെയ്യാന്‍ വനം, റവന്യൂ, പൊലീസ്, തദ്ദേശ സ്വയംഭരണം, യുവജനക്ഷേമം വകുപ്പുകള്‍ കേന്ദ്രീകരിച്ച് രണ്ടാഴ്ചക്കുള്ളില്‍ പ്രോജക്ട് തയാറാക്കും.
തൊഴിലുറപ്പിന് പ്രത്യേക അനുമതി തേടും
തൊഴിലുറപ്പ് പദ്ധതിയില്‍ വനത്തിനകത്തെ അടിക്കാടുകള്‍ നീക്കം ചെയ്യല്‍, ട്രഞ്ച് നിർമാണം എന്നിവ ഉള്‍പ്പെടുത്തുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ആവശ്യമാണ്. ഇതിനായി ജില്ലക്ക് ഇളവുനല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന് കത്ത് നല്‍കും. ഇതിനാവശ്യമായ റിപ്പോര്‍ട്ട് നല്കാന് കലക്ടറെ ചുമതലപ്പെടുത്തി. അടിക്കാടുകള്‍ നീക്കം ചെയ്യാന്‍ തോട്ടം ഉടമകള്‍, എസ്റ്റേറ്റ് ഉടമകള്‍ എന്നിവര്‍ക്ക് നോട്ടീസ് നല്‍കാനും കലക്ടറോട് ആവശ്യപ്പെട്ടു. നടപടി സ്വീകരിക്കാത്തവരില്നിന്ന് പിഴ ഈടാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.