കോഴിക്കോട്: സ്കൂൾ കലോത്സവ ഉദ്ഘാടനച്ചടങ്ങിൽ അവതരിപ്പിച്ച ദൃശ്യാവിഷ്കാരത്തിൽ മുസ്ലിം സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന വേഷം തിരുകിക്കയറ്റിയതിൽ വിമർശനം ശക്തമായി. ചൊവ്വാഴ്ച മുതൽ കത്തിക്കയറുന്ന വിമർശനം മുസ്ലിം ലീഗ് ഏറ്റെടുത്തു. ലീഗ് ഉന്നതാധികാര സമിതിയംഗം കെ.പി.എ. മജീദും മുൻ മന്ത്രി പി.കെ. അബ്ദുറബും യൂത്ത് ലീഗും രംഗത്തെത്തി. അതേസമയം, വിവാദരംഗം കടന്നുകൂടിയത് പരിശോധിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി പറഞ്ഞു. സംഘാടക സമിതിക്ക് ഒരുതരത്തിലുള്ള സങ്കുചിത മനോഭാവവുമില്ല. എന്തെങ്കിലും ആക്ഷേപമുണ്ടെങ്കിൽ പരിശോധിക്കാം- അദ്ദേഹം കൂട്ടിച്ചേർത്തു. സ്ക്രീനിങ് കമ്മിറ്റി പരിശോധനയിൽ ഇങ്ങനെയൊരു വേഷമുണ്ടായിരുന്നില്ലെന്ന് സംഘാടക സമിതി ചെയർമാനായ മന്ത്രി പി.എ. മുഹമ്മദ് റിയാസ് പറഞ്ഞു. മനപ്പൂർവം സംഭവിച്ചതല്ല, സംഘാടക സമിതിക്ക് അങ്ങനെയൊരു കാഴ്ചപ്പാടില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ദൃശ്യാവിഷ്കാരത്തിൽ ജവാന്മാർ പിടികൂടുന്ന തീവ്രവാദി അറബി ശിരോവസ്ത്രമണിഞ്ഞ് രംഗപ്രവേശനം ചെയ്തതാണ് വിവാദമായത്. ഇത് കൊച്ചു കുട്ടികളിൽ പോലും ഇസ്ലാമോഫോബിയ സൃഷ്ടിക്കുന്നതാണെന്ന് ചൂണ്ടിക്കാട്ടിയാണ് വിമർശനം. സാംസ്കാരിക സംഘടനയായ മാതാ പേരാമ്പ്രക്കായിരുന്നു ദൃശ്യാവിഷ്കാര ചുമതല. കലോത്സവ ഉദ്ഘാടന, സമാപന ചടങ്ങുകളുടെ ഉത്തരവാദിത്തം സി.പി.ഐ അധ്യാപക സംഘടനയായ എ.കെ.എസ്.ടിയുവിന്റെ നേതൃത്വത്തിലുള്ള സ്വീകരണ കമ്മിറ്റിക്കാണ്.
ഉദ്യോഗസ്ഥർ അടങ്ങുന്ന സ്ക്രീനിങ് കമ്മിറ്റി സൂക്ഷ്മ പരിശോധന നടത്തിയാണ് പരിപാടിക്ക് അനുമതി നൽകിയത്. സ്ക്രീനിങ് കമ്മിറ്റിക്കു മുന്നിൽ പരിപാടി അവതരിപ്പിച്ചപ്പോൾ വേഷം ധരിച്ചിരുന്നില്ല എന്നതാണ് സംഘാടകരുടെയും മന്ത്രിയുടെയും വിശദീകരണം. അനുമതിയില്ലാതെ ഇത്തരമൊരു വേഷം രംഗപ്രവേശനം ചെയ്യാൻ ഇടയാക്കിയത് സംഘാടക സമിതിയുടെ വീഴ്ചയാണെന്നാണ് ആക്ഷേപം.
തീവ്രവാദിയായി വേഷമിട്ടയാൾ സേവാഭാരതി പ്രവർത്തകനാണെന്ന് ആരോപണമുണ്ട്. സാഹോദര്യവും മതമൈത്രിയും ദേശസ്നേഹവുമെല്ലാം പറയുന്ന ദൃശ്യാവിഷ്കാരത്തിൽ തീവ്രവാദിയായി മുസ്ലിം വേഷധാരിയെ ചിത്രീകരിച്ചത് യാദൃച്ഛികമല്ലെന്നും ഇസ്ലാമോഫോബിയയുടെ നേർചിത്രമാണിതെന്നും മുസ്ലിം ലീഗ് ഉന്നതാധികാര സമിതിയംഗം കെ.പി.എ. മജീദ് പറഞ്ഞു. ഭരണകൂടം വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തെ അവതരിപ്പിക്കുന്ന ഇന്ത്യൻ സാഹചര്യത്തിൽ ഈ ചിത്രം ഇളംമനസ്സുകളിൽ സൃഷ്ടിക്കുന്ന ആഘാതം വലുതാകും.
മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുമ്പോഴാണ് സംഗീത ശിൽപം അവതരിപ്പിച്ചത്. ഇത് ജാഗ്രതക്കുറവല്ലെന്നും നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. മുജാഹിദ് സമ്മേളനത്തിൽ ഓങ്ങിനിൽക്കുന്ന മഴുവിന് താഴെ തലവെച്ചുകൊടുക്കരുതെന്ന് ഉപദേശിച്ച മുഖ്യമന്ത്രിയുടെയും മറ്റു മന്ത്രിമാരുടെയും സാന്നിധ്യത്തിൽ ഇസ്ലാം ഭീതി സൃഷ്ടിക്കുന്ന പരിപാടി അരങ്ങേറിയപ്പോൾ ചോദ്യം ചെയ്യാൻ ആരുമുണ്ടായില്ലെന്ന് മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ് ഫേസ്ബുക്കിൽ കുറിച്ചു.
കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം സംഘ്പരിവാര്‍ ആശയ പ്രചാരണവേദിയാക്കിയത് പ്രതിഷേധാര്‍ഹമാണെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.കെ. ഫിറോസ് പറഞ്ഞു. ഇസ്ലാം സമം ഭീകരവാദമെന്ന സംഘ്പരിവാര്‍ പ്രചാരണത്തിന് ആക്കം കൂട്ടുന്നതാണിത്. ഉന്നത ഉദ്യോഗസ്ഥരും തോട്ടത്തില്‍ രവീന്ദ്രൻ എം.എൽ.എയും റിഹേഴ്സല്‍ കണ്ട ശേഷമാണ് ദൃശ്യാവിഷ്കാരം വേദിയിലെത്തിയത്. ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കിൽ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും ഫിറോസ് കൂട്ടിച്ചേർത്തു. എസ്.വൈ.എസും പ്രതിഷേധമുയർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.