കൊച്ചി: തൊഴിൽ നഷ്ടമായവരുടെയും കുടുംബത്തിെൻറയും അടക്കിപ്പിടിച്ച വിങ്ങലുകളും കണ്ണീരും ലക്ഷദ്വീപിലെ വീടകങ്ങളെ വരിഞ്ഞുമുറുക്കുകയാണ്. അവശ്യസാധനങ്ങൾ വാങ്ങാൻപോലും പണമില്ലാതെ ബുദ്ധിമുട്ടുന്നത് കണ്ടിട്ടും ന്യായവാദങ്ങളുമായി ഇറങ്ങുന്ന അധികാരികളോട് ഇനിയെന്താണ് തങ്ങൾ പറയേണ്ടതെന്ന് അവർ ചോദിക്കുന്നു.
ടൂറിസം വകുപ്പിൽ മാത്രം ഇരുനൂറോളം താൽക്കാലിക ജീവനക്കാരെ ഒഴിവാക്കിയിട്ടുണ്ട്. 8000 രൂപ വരെ മാത്രമായിരുന്നു ഇവരുടെ ശമ്പളം. തൊഴിൽ നഷ്ടമായവരിൽ ആർക്കും കരുതൽ സമ്പാദ്യങ്ങളൊന്നുമില്ല. കൂടുതൽ തൊഴിലവസരങ്ങളില്ലാത്ത ദ്വീപിലെ പിരിച്ചുവിടൽ നടപടി വൻ പ്രതിസന്ധിയാണ് സൃഷ്ടിച്ചിരിക്കുന്നത്. ''സ്രഷ്ടാവിലുള്ള വിശ്വാസം ചേർത്തുപിടിക്കുന്ന തങ്ങൾ ആത്മഹത്യ ചെയ്യുമെന്ന് അധികൃതർ വിചാരിക്കേണ്ട, ചിലപ്പോൾ പട്ടിണി കിടന്ന് മരിച്ചേക്കാം'' -അമിനി ദ്വീപിലെ അൻവർ ഹുസൈെൻറയും സൈനുൽ ആബിദിെൻറയുമൊക്കെ ഇതേ അഭിപ്രായമാണ് ദ്വീപിെൻറ വികാരം. ടൂറിസം വകുപ്പിൽനിന്ന് തൊഴിൽ നഷ്ടപ്പെട്ടവരാണ് ഇരുവരും.
തെൻറയും ഭാര്യയുടെയും മാതാപിതാക്കൾ, മൂന്ന് മക്കൾ, സഹോദരൻ എന്നിവരടങ്ങുന്ന കുടുംബത്തെ പോറ്റേണ്ട അൻവർ ഹുസൈൻ ഇനി എന്ത് ചെയ്യുമെന്നറിയാതെ വീട്ടിലിരിക്കുകയാണ്. എല്ലാ മേഖലകളിൽനിന്നും ആളുകളെ പറഞ്ഞുവിടുന്നു. പുതിയൊരു ജോലിയും ലഭിക്കാൻ സാധ്യതയില്ല. രണ്ടുമാസത്തെ ശമ്പളംപോലും പിടിച്ചുെവച്ചിട്ടാണ് തന്നെ പറഞ്ഞുവിട്ടത്. അംഗൻവാടിയിൽ ചെറിയ ജോലിയുള്ള ഭാര്യക്കും ശമ്പളം നൽകുന്നില്ല. ജോലിസ്ഥലത്തിനടുത്ത് താമസിച്ചിരുന്ന വീടിെൻറ വാടകപോലും കൊടുക്കാനായിട്ടില്ലെന്നും അൻവർ വ്യക്തമാക്കുന്നു. പ്രായമായ പിതാവും നാല് സഹോദരികളുമടങ്ങുന്ന കുടുംബത്തിെൻറ കാര്യം നോക്കാനാകാതെ ബുദ്ധിമുട്ടുകയാണ് സൈനുൽ ആബിദ്. മുൻകാലങ്ങളിൽ സീസണല്ലാത്ത സമയത്ത് രണ്ടോ മൂന്നോ മാസം ജോലിയിൽനിന്ന് മാറ്റിനിർത്തിയാലും പിന്നീട് തിരികെ വിളിക്കുമായിരുന്നു. പുതിയ അഡ്മിനിസ്ട്രേറ്റർ വന്നതോടെ ഇത്തരം ജോലികൾക്ക് ആരും വേണ്ടെന്നതാണ് അവരുടെ നിലപാട്. കൃഷി വകുപ്പിൽനിന്ന് തന്നോടൊപ്പം പിരിച്ചുവിടപ്പെട്ടവരിൽ 25 വർഷത്തോളമായി ജോലി ചെയ്യുന്നവരുണ്ടെന്ന് സാക്ഷ്യപ്പെടുത്തുകയാണ് ആന്ത്രോത്ത് ദ്വീപ് സ്വദേശി ഷിഹാബുദ്ദീൻ. 300ലധികം ആളുകളെയാണ് വകുപ്പിൽനിന്ന് പിരിച്ചുവിട്ടത്. ഇത്രയും വർഷം ജോലി ചെയ്തവർക്ക് പോലും 10,000 രൂപയിൽ താഴെയായിരുന്നു ശമ്പളം. ഒരു ആനുകൂല്യവുമുണ്ടായിരുന്നില്ല. നിയമനകാര്യവുമായി ബന്ധപ്പെട്ട് സുപ്രീംകോടതിയെയും ഹൈകോടതിയെയും സമീപിച്ചിട്ടുണ്ടെന്ന് ഷിഹാബുദ്ദീൻ 'മാധ്യമ'ത്തോട് പറഞ്ഞു.
കൊച്ചി: വിദ്യാർഥികൾക്കുള്ള ഉച്ചഭക്ഷണ പദ്ധതി അട്ടിമറിച്ചതിന് പിന്നിൽ ബംഗളൂരു കേന്ദ്രമായി പ്രവർത്തിക്കുന്ന അക്ഷയപാത്ര എന്ന എൻ.ജി.ഒയെ ലക്ഷദ്വീപിലെത്തിക്കാനുള്ള ഇടപെടലെന്ന് വ്യക്തമാകുന്ന രേഖകൾ പുറത്തുവന്നു. മാംസവിഭവങ്ങളുടെ ലഭ്യതക്കുറവാണ് സ്കൂൾ വിദ്യാർഥികളുടെ ഭക്ഷണ മെനുവിൽനിന്ന് അത് ഒഴിവാക്കാനുള്ള തീരുമാനത്തിന് പിന്നിലെന്ന് പറഞ്ഞ കലക്ടർ അസ്കർ അലിയുടെ വാദമാണ് ഇതിലൂടെ പൊളിയുന്നത്.
ജനുവരി 27ന് കലക്ടറുടെ അധ്യക്ഷതയിൽ ചേർന്ന ആലോചന യോഗത്തിലാണ് അക്ഷയപാത്രക്ക് പദ്ധതി കൈമാറുന്നത് സംബന്ധിച്ച് തീരുമാനമെടുത്തത്. അഡ്മിനിസ്ട്രേറ്ററുടെ നിർദേശ പ്രകാരം ജില്ല പഞ്ചായത്തിെൻറ എതിർപ്പ് മറികടന്നായിരുന്നു നടപടി. ഇത്തരത്തിലാണ് വിദ്യാർഥികളുടെ ഭക്ഷണത്തിൽനിന്ന് ഇറച്ചിവിഭവങ്ങൾ ഒഴിവാക്കപ്പെട്ടത്. നിലവിലെ ഉച്ചഭക്ഷണ പദ്ധതിയെക്കുറിച്ച് ഒരെതിർപ്പും ഇല്ലെന്നിരിക്കെയായിരുന്നു നടപടി.
ഗോവധ നിരോധന നിയമത്തിലൂടെ സംഘ്പരിവാർ അജണ്ട നടപ്പാക്കുകയാണ് ഇതിനുപിന്നിലെന്ന് വ്യക്തം. ദ്വീപിലെ ഫാമുകളിലുൾപ്പെടെ ചിക്കൻ ലഭ്യമാണെന്നിരിക്കെയായിരുന്നു കലക്ടർ വാർത്തസമ്മേളനത്തിൽ ലഭ്യതക്കുറവെന്ന് ന്യായീകരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.